സുശാന്തിന്റെ ‘ചിച്ചോരേ’ മികച്ച ചിത്രം; മാസങ്ങള്‍ക്കിപ്പുറവും വിങ്ങലായി താരത്തിന്റെ ഓര്‍മ്മകള്‍

ബോളിവുഡ് സിനിമാ ലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞ താരമാണ് സുശാന്ത് സിംഗ് രജ്പുത്ത്. താരത്തിന്റെ മരണത്തിന് ശേഷം മാസങ്ങള്‍ പിന്നിടുമ്പോഴും നടന്റെ ഓര്‍മ്മകള്‍ ആരാധകരുടെയും സുഹൃത്തുക്കളുടെയും മനസ്സില്‍ ഒരു വിങ്ങലായി തുടരുകയാണ്.

ഇപ്പോഴിതാ അറുപത്തിയേഴാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ സുശാന്ത് നായകനായ ചിച്ചോരേ മികച്ച ഹിന്ദി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സന്തോഷത്തില്‍ പങ്കുചേരാന്‍ സുശാന്ത് ഇല്ലല്ലോ എന്നാണ് ആരാധകരുടെ സങ്കടം.

2019ല്‍ പുറത്തിറങ്ങിയ ചിത്രം നിതീഷ് തിവാരിയായിരുന്നു സംവിധാനം ചെയ്തത്. തിവാരിയും പിയൂഷ് ഗുപ്തയും നിഖില്‍ മെഹ്രോത്രയും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ശ്രദ്ധ കപൂര്‍, വരുണ്‍ ശര്‍മ്മ, താഹിര്‍ രാജ് ഭാസിന്‍, നവീന്‍ പൊളിഷെട്ടി, തുഷാര്‍ പാണ്ഡേ, സഹര്‍ഷ് കുമാര്‍ ശുക്ല തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ഷിഷിര്‍ ശര്‍മ്മയും മൊഹമ്മദ് സമദുമായിരുന്നു ചിത്രത്തിലെ സപ്പോര്‍ട്ടിങ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആത്മഹത്യക്ക് എതിരെ ഉള്ള സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയെന്ന നിലയില്‍ ‘ചിച്ചോരേ’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍ ചിത്രത്തിലെ നായകന്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടി വന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിരവധി ചര്‍ച്ചകളും അരങ്ങേറിയിരുന്നു.

Vijayasree Vijayasree :