ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരും; ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തില്‍ നിന്ന് പുറത്താണം

വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
തുടര്‍ന്ന് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമല വിഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. രാവിലെ 11.30 ഓടെ തൃശൂരില്‍ എത്തുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം തൃശൂര്‍ കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പിച്ചത്. ബിജെപി വിജയ സാധ്യത കണക്കാക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍.

സുരേഷ് ഗോപി മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ രണ്ടാമതെത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സുരേഷ് ഗോപിയെ ഇക്കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധപരിശോധനയില്‍ അദ്ദേഹത്തിന് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു.

ആദ്യം മത്സര രംഗത്തേയ്ക്ക് ഇറങ്ങേണ്ട എന്നാണ് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പ്രധാനമന്ത്രി മോദിയ്ക്ക് താന്‍ തൃശൂരില്‍ മത്സരിക്കുന്നതാണ് ഇഷ്ടമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച 10 ദിവസത്തെ വിശ്രമം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം പ്രചാരണ രംഗത്ത് സജീവമാകും.

Vijayasree Vijayasree :