രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമായ വൃദ്ധിക്കുട്ടിയുടെ ഡാന്‍സാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം നടത്തുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെയാണ് വൃദ്ധിക്കുട്ടി പ്രേക്ഷകര്‍ക്ക് ഇഷ്ടതാരമായി മാറിയത്.
പരമ്പരയിലെ വില്ലനായ അഖില്‍ ആനന്ദിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. സഹതാരങ്ങളെല്ലാം വിവാഹത്തിന് എത്തിയിരുന്നു. അന്ന് ഈ കുഞ്ഞു മിടുക്കി അവതരിപ്പിച്ച നൃത്തം ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. അഖിലേട്ടന്റെ കല്യാണത്തിന് എന്റെ ആദ്യ പെര്‍ഫോമന്‍സ് എന്ന ക്യാപ്ഷനിലൂടെ വൃദ്ധിയുടെ അച്ഛന്‍ വിശാല്‍ വീഡിയോ പങ്കുവെച്ചത്.
വൃദ്ധി ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇഷ്ട നടന്‍ അല്ലു അര്‍ജുനാണ്. അല്ലു അര്‍ജുനെ കാണിച്ചു തരാമെന്ന അച്ഛന്റെ വാക്ക് വിശ്വസിച്ച് അല്ലു ഫാനായ വൃദ്ധിക്കുട്ടി ഉത്സാഹത്തോടെ സീരിയല്‍ സെറ്റിലെത്തുകയായിരുന്നു. സീരിയലില്‍ അഭിനയിച്ചാല്‍ തന്റെ ഇഷ്ട നടനെ കാണാമെന്ന ധാരണയില്‍ അഭിനയം സന്തോഷത്തോടെയും അത്യുത്സാഹത്തോടെയും അഭിനയിക്കാന്‍ തുടങ്ങി.
എന്നാല്‍ ഇതിനിടെ വൃദ്ധിയ്ക്ക് സിനിമയിലേക്കും അവസരം എത്തിയിരുന്നു. ടൊവിനോ ചിത്രത്തിലേക്ക് അവസരം ലഭിച്ചെങ്കിലും സീരിയല്‍ ഷൂട്ടിങ് തിരക്കുകള്‍ കാരണം താരത്തിന് പോകാന്‍ സാധിച്ചില്ല.