ആകെ പേടിച്ചു കരഞ്ഞു പോയി, അതൊരു ഭീകര ചലഞ്ചായിരുന്നുവെന്ന് ദിലീപ്

എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ദിലീപിന് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ കൂടുതല്‍ സമയത്തിന്റെ ആവശ്യമില്ലാതിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. എന്നാല്‍ തന്റെ ജീവിതം മൊത്തെം പരീക്ഷണങ്ങളാണെന്ന് പറയുകയാണ് ദിലീപ് ഇപ്പോള്‍. റേഡിയോ മിര്‍ച്ചിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ചും മറ്റുള്ള കാര്യങ്ങളെ കുറിച്ചും ദിലീപ് വാചാലനായത്. തന്റെ ജീവിതത്തില്‍ മുന്‍പ് അബദ്ധമായെന്ന് തോന്നിയ നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു.

ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങളിലൂടെ പോയി കൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. ജീവിതം മൊത്തമൊരു പരീക്ഷണമാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴും കോളേജില്‍ പഠിക്കുമ്പോഴും പരീക്ഷയും, ജീവിതത്തിലെത്തിയപ്പോള്‍ പരീക്ഷണവുമാണമെന്നും ദിലീപ് പറയുന്നു. കൂടുതലും സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ കണ്ണ് അടച്ചിരുന്നാണ് കേള്‍ക്കാറ്. ശരിക്കും ഞാന്‍ ഉറങ്ങുകയാണെന്ന് ആളുകള്‍ വിചാരിക്കും. ചിലപ്പോള്‍ ചുളുവില്‍ ഉറങ്ങുകയും ചെയ്യുമെന്ന് തമാശയായി ദിലീപ് പറയുന്നു. അവര് പറയുന്ന കഥ ഞാനൊരു സിനിമയായി കണ്ടോണ്ട് ഇരിക്കുകയാണ്. ആ കഥയില്‍ ഞാന്‍ ഉണ്ടോ എന്നുള്ളതാണ് ആദ്യം നോക്കുന്നത്. എനിക്കത് ചെയ്യാന്‍ പറ്റും, എനിക്ക് ചേരുന്നതാണെന്ന് തോന്നിയില്ലെങ്കില്‍ പിന്നെ അത് കേട്ടിട്ട് കാര്യമില്ല. അങ്ങനെ ഞാന്‍ ചില കഥകള്‍ കേട്ടിട്ട്, നിങ്ങള്‍ ഈ താരത്തെ വെച്ച് ചെയ്യൂ എന്ന് പറഞ്ഞ് വിട്ടിട്ടുണ്ട്. ആ സിനിമ ഹിറ്റാകുകയും ആ പടം ഞാന്‍ വിതരണത്തിന് എടുക്കുകയും ചെയ്തുവെന്ന് ദിലീപ് പറഞ്ഞു.

കഥ ഇഷ്ടമായി, എന്നാല്‍ അതിലെ രണ്ടാമത്തെ കഥാപാത്രത്തിനോടാണ് ഇഷ്ടം തോന്നുന്നത്. അതെനിക്ക് തരുമോന്ന് ചോദിച്ചാല്‍ അത് പറ്റില്ലാ ദിലീപ് നായകന്‍ തന്നെ ആവണമെന്ന് അവര്‍ പറയും. ആ ചിത്രത്തില്‍ നായകന്‍ സാധാരണ പോലൊരു വേഷമാണ്. എന്നാല്‍ രണ്ടാമത്തെ കഥാപാത്രം അതിന് മുകളില്‍ കയറി വരുമായിരുന്നു. അനിയന്‍ പറഞ്ഞാണ് അതിന്റെ വിതരണം ഏറ്റെടുക്കുന്നത്. നൂറ് ദിവസം ഓടി വലിയ വിജയം നേടാന്‍ അതിന് സാധിച്ചിരുന്നു. മായമോഹിനി ചെയ്ത സമയത്ത് കോസ്റ്റിയൂമൊക്കെ ഇട്ടു. പക്ഷേ പെര്‍ഫോമന്‍സ് ഇട്ട് നോക്കിയപ്പോള്‍ ഞാന്‍ പേടിച്ച് പോയി. ഇട്ടിട്ട് പോയാലോ എന്ന് വരെ തോന്നി പോയിട്ടുണ്ട്. കാരണം രൂപം മായാമോഹിനിയുടെയും പെര്‍ഫോമന്‍സ് വരുന്നത് ചാന്ത്‌പൊട്ടിലെയുമായിരുന്നു. അതൊരു ഭീകര ചലഞ്ചായിരുന്നു. രണ്ടാമത്തെ ദിവസമായപ്പോഴെക്കും എനിക്ക് കരച്ചിലൊക്കെ വരാന്‍ തുടങ്ങി. ഈ സിനിമ ഏറ്റെടുത്തത് അബദ്ധമായി പോയോന്ന് തോന്നിയെന്നും ദിലീപ് പറയുന്നു.



2012 ഏപ്രിലില്‍ പുറത്തിറങ്ങിയ മായാമോഹിനി ദിലീപിന്റെ അഭിനയ ജീവിതത്തിലെ തന്നെ വേറിട്ട കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയായിരുന്നു. ചാന്തുപൊട്ടില്‍ സ്‌ത്രൈണ സ്വഭാവമുള്ള രാധാകൃഷ്ണനെയായിരുന്നു താരം അവതരിപ്പിച്ചത്. അതിന് പിന്നാലെയാണ് പൂര്‍ണ്ണമായും സ്ത്രീ വേഷത്തില്‍ എത്തിയത്. മികച്ച സ്വീകാര്യത തന്നെയായിരുന്നു ഈ രണ്ട് സിനിമകള്‍ക്കും ലഭിച്ചത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷവും ആ കഥാപാത്രം തന്നില്‍ നിന്നും ഇറങ്ങിപ്പോവുന്നില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. നിരവധി വേഷപകര്‍ച്ചകള്‍ നടത്തിയിട്ടുള്ള നടനാണ് ദിലീപ്. നിരവധി സിനിമകളില്‍ വേറിട്ട വേഷങ്ങളില്‍ താരം ആരാധകരെ അമ്പരപ്പിച്ചിട്ടുമുണ്ട്. കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട്, പച്ചക്കുതിര, ചക്കരമുത്ത്, കമ്മാരസംഭവം, സൗണ്ട്‌തോമ എന്നീ ചിത്രങ്ങളിലെ ദിലീപിന്റെ വേഷപ്പകര്‍ച്ച എല്ലാവരും കണ്ടതുമാണ്. മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ദിലീപ് കലാഭവന്‍ ട്രൂപ്പില്‍ മിമിക്രി കലാകാരനായി തിളങ്ങി നില്‍ക്കവെയായിരുന്നു സിനിമയിലേയ്‌ക്കെത്തിയത്.

Noora T Noora T :