റിലീസിന് മുൻപുള്ള ഹൈപ്പിനോട് 100% നീതി പുലർത്തിയ ആ നാല് മലയാള ചിത്രങ്ങൾ….

റിലീസിന് മുൻപുള്ള ഹൈപ്പിനോട് 100% നീതി പുലർത്തിയ ആ നാല് മലയാള ചിത്രങ്ങൾ….

റിലീസിന് മുൻപ് വലിയ ഹൈപ്പ് ഉണ്ടാകുന്ന ചില ചിത്രങ്ങൾ ബോക്‌സോഫീസിൽ തകർന്നടിയുന്ന കാഴ്ച്ച സർവ്വ സാധാരണമായിരിക്കുകയാണ്. ഈയിടെ ഒരു പ്രമുഖ നടന്റെ ചിത്രം ആദ്യ ദിനം ഫാൻസ്‌ പോലും വലിച്ചു കീറിയത് ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്. സൈലന്റായി ഹിറ്റടിക്കാൻ വന്ന സർവൈവൽ ത്രില്ലറും, കുട്ടനാടിന്റെ കഥ പറഞ്ഞെത്തിയ സൂപ്പർതാര ചിത്രവുമെല്ലാം തിയ്യേറ്ററിൽ മൂക്കും കുത്തി വീഴുകയായിരുന്നു.

അണിയറപ്രവർത്തകർ തെറ്റായ രീതിയിൽ മാർക്കറ്റ് ചെയ്യുന്നതാണ് ഇത്തരം അപകടങ്ങൾ സംഭവിക്കാൻ കാരണമെന്ന് എല്ലാവര്ക്കും അറിയാവുന്നതാണ്. എന്നാൽ വീഴ്ചകളിൽ നിന്ന് പഠിക്കാത്ത നിർമ്മാതാക്കളും, മാർക്കറ്റിംഗ് സ്റ്റാഫുകളും ഉള്ളിടത്തോളം കാലം ഇത് മലയാള സിനിമയിൽ സംഭവിച്ചു കൊണ്ടേ ഇരിക്കും. എന്നാൽ റിലീസിന് മുൻപുള്ള ഹൈപ്പിനോട് 100% നീതി പുലർത്തിയ ചില ചിത്രങ്ങൾ ഉണ്ട്. ആ കൂട്ടത്തിൽ മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങളും മോഹൻലാലിൻറെ ഒരു ചിത്രവും ദിലീപിന്റെ ഒരു ചിത്രവുമാണുള്ളത്.

പുലിമുരുകൻ

മലയാള സിനിമ ലോകത്തിനെ വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ച മോഹൻലാലിൻറെ ആക്ഷൻ വിസമയം. 50 കോടിയിൽ ഒതുങ്ങി നിന്നിരുന്ന മലയാള സിനിമ കളക്ഷൻ റെക്കോർഡുകൾ മറ്റു തെന്നിന്ത്യൻ ചിത്രങ്ങളെ പോലെ 100 കോടി കളക്ഷൻ നേടാനും കഴിയും എന്ന് പഠിപ്പിച്ച ചിത്രം. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‌ത ഈ മാസ്സ് മസാല ചിത്രത്തിന് ടിക്കറ്റിനായി ആളുകൾ അടിയായിരുന്നു. ഏകദേശം ഒരു മാസത്തോളം തിയ്യേറ്ററിൽ ടിക്കറ്റുകൾ പോലും കിട്ടാത്ത അവസ്ഥ വന്നു. ആഴ്ച്ചകൾ കാത്തിരുന്ന് സിനിമ കാണാൻ കുടുംബങ്ങൾ അടക്കം തിയ്യേറ്റകളിലേക്ക് എത്തുന്ന അത്ഭുത കാഴ്ച്ച മലയാള സിനിമാലോകം ആദ്യമായി ദർശിച്ചതും ഈ സിനിമയിലൂടെയായിരുന്നു. 25 കോടിയോളം ബജറ്റിൽ ഒരുങ്ങിയ ചിത്രം ബോക്സ്ഓഫീസിൽ നിന്ന് നേടിയത് 100 കോടിയിലധികം രൂപയാണ്.

ദി ഗ്രേറ്റ് ഫാദർ

സ്റ്റൈലിഷായി പുകവലിച്ചു കൊണ്ട് ഒരു കെട്ടിടത്തിൽ നിന്ന് സ്ലോ മോഷനിൽ ഇറങ്ങി വരുന്ന നായകൻ. പശ്ചാത്തലത്തിൽ ഇംഗ്ലീഷ് ചിത്രങ്ങളെ വെല്ലുന്ന മാസ്സ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്. പെട്ടെന്ന് ഒരു ബ്ലാസ്റ്. അതിന്റെയൊന്നും കൂസാതെ നായകൻ നടന്നു പോകുന്നു. ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ ആ ഒരു ടീസർ സൃഷ്ടിച്ച ഹൈപ്പ് വളരെ വലുത് തന്നെയായിരുന്നു. എന്നാൽ ആ ഹൈപ്പിനോട് പൂർണ്ണമായും നീതി പുലർത്തിയ ഒരു ചിത്രം തന്നെയായിരുന്നു ഗ്രേറ്റ് ഫാദർ. ഹനീഫ് അദേനി എന്ന പുതുമുഖ സംവിധായകന്റെ ക്രാഫ്റ്റ് പതിഞ്ഞ ചിത്രം. ആറു കോടിയോളം ബജറ്റ് മാത്രമുണ്ടായിരുന്ന ചിത്രം ബോക്സ്ഓഫീസിൽ നിന്ന് നേടിയത് 66 കോടിയിലധികം രൂപയാണ്. സാമൂഹികപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്നു എന്നുള്ളതും, കുടുംബങ്ങൾ ചിത്രം കാണാനായെത്തിയതും കളക്ഷൻ കൂടാൻ കാരണമായി. ഒരുപാട് പരാജയങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ തിരിച്ചു വരവ് കൂടിയായിരുന്നു ഈ ചിത്രം.

രാമലീല

ഒരു സിനിമ നിർമ്മിക്കാൻ ഏതൊരാൾക്കും കഴിയും. പണമുണ്ടായാൽ മാത്രം മതി. പക്ഷെ, സിനിമ കൃത്യമായി മാർക്കറ്റ് ചെയ്യണമെങ്കിൽ ടോമിച്ചൻ മുളകുപാടത്തിനെ പോലെ ബുദ്ധിയുള്ള ഒരു നിർമ്മാതാവിനെ കഴിയൂ. അത്ര ഭംഗിയും വെടിപ്പുമായാണ് ടോമിച്ചൻ രാമലീല എന്ന ചിറ്റ്ഹാതെ ജനങ്ങളിലേക്ക് എത്തിച്ചത്. പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ജയിലിലായ ദിലീപിനെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളും മറ്റും നടക്കുന്ന സമയത്ത് തന്നെ ഇത്തരമൊരു ചിത്രം റിലീസ് ചെയ്യാൻ അദ്ദേഹം കാണിച്ച ധൈര്യം സമ്മതിച്ചു കൊടുക്കുക തന്നെ വേണം. അരുൺ ഗോപി എന്ന പുതുമുഖ സംവിധായകന്റെ കഴിവ് തെളിയിച്ച ചിത്രം കൂടിയായിരുന്നു രാമലീല 14 കോടി രൂപയോളം ബജറ്റിൽ ഒരുങ്ങിയ ചിത്രം 60 കോടിയിലധികം രൂപ ബോക്‌സോഫീസിൽ നിന്ന് നേടുകയും ചെയ്‌തു.

അബ്രഹാമിന്റെ സന്തതികൾ

ദി ഗ്രേറ്റ് ഫാദറിന് ശേഷം വീണ്ടും പരാജയങ്ങളുടെ പടുകുഴിയിലേക്ക് വീണ മമ്മൂട്ടിക്ക് ജീവശ്വാസം നൽകിയ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികൾ. അതിനും ഹനീഫ് അദേനി തന്നെ വേണ്ടി വന്നു. ഇത്തവണ സംവിധായകൻ ആയിട്ടായിരുന്നില്ല, തിരക്കഥാകൃത്തായിട്ടായിരുന്നു എന്ന് മാത്രം. മമ്മൂട്ടിയുടെ ഡെറിക്ക് എബ്രഹാം എന്ന സ്റ്റൈലിഷ് പോലീസുകാരന്റെയും അനിയൻ ഫിലിപ്പ് അബ്രഹാമിന്റെയും കഥ പറഞ്ഞ ചിത്രം തിയ്യേറ്ററുകളിൽ നിന്ന് കോടികളാണ് വാരിയത്.

Malayalam films with big hype

Abhishek G S :