ആദ്യ പത്ത് ചിത്രങ്ങളിൽ ഒരൊറ്റ മോഹൻലാൽ ചിത്രങ്ങളുമില്ല; 2024ൽ മലയാള സിനിമയ്ക്ക് സംഭവിച്ചത്! ആരാധകരെ ഞെട്ടിച്ച് ആ റിപ്പോർട്ടുകൾ

2024 മലയാള സിനിമയെ സംബന്ധിച്ച് വളരെ നല്ലൊരു വർഷമായിരുന്നു. ഇതുവരെയില്ലാത്ത അപൂർവ നേട്ടങ്ങളാണ് ഈ വർഷം മലയാള സിനിമയെ കാത്തിരുന്നത്. ഇതുവരെയില്ലാത്ത തരം വിവാദങ്ങൾ വന്നിരുന്നുവെങ്കിലും തുടക്കത്തിലും ഇപ്പോഴും നല്ല ചിത്രങ്ങളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി തന്നെ സ്വീകരിക്കുന്നുണ്ട്.

സൂപ്പർ താര ചിത്രങ്ങളേക്കാൾ യുവതാരങ്ങളുടെ ചിത്രങ്ങൾ റെക്കോർഡ് കളക്ഷൻ നേടുന്ന കാഴ്ച്ചയാണ് ഈ വർഷം കാണാനായത്. പ്രമേയത്തിലും അവതരണത്തിലും കളക്ഷനിലും ഒരുപോലെ മലയാള സിനിമയ്ക്ക് നേട്ടമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. എന്നാൽ മോഹൻലാൽ ആരാധകരെ ഏറെ നിരാശയിലും വിഷമത്തിലുമാക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ആദ്യ പത്ത് ചിത്രങ്ങളിൽ ഒരൊറ്റ മോഹൻലാൽ ചിത്രങ്ങളുമില്ല എന്നതാണ് ആരാധകരെ അമ്പരപ്പിക്കുന്ന കാര്യം. കഴിഞ്ഞ നാൽപ്പത് വർഷത്തിനിടെ മോഹൻലാൽ ടോപ് ടെന്നിൽ ഇല്ലാത്തത് ഇത് ആദ്യമായിട്ടായിരിക്കും എന്നാണ് ആരാധകർ പറയുന്നത്. അദ്ദേഹത്തിന്റേതായി പുറത്തെത്തിയ പല ചിത്രങ്ങളും പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാത്തതും ആരാധകരെ നിരാശയിലാഴ്ത്തുന്നു.

തുടരെ തുടരെ ഇത്തരത്തിൽ സംഭവിക്കുന്നത് അദ്ദേഹത്തിന്റെ കരിയറിനെ തന്നെ മോശമായി ബാധിക്കുമെന്നും മോഹൻലാൽ നല്ലൊരു ഇടവേളയെടുത്ത് ഒരു മാസ് തിരിച്ച് വരവ് നടത്തണമെന്നുമാണ് ആരാദകർ പറയുന്നത്. മോഹൻലാൽ അഭിനയം നിർത്തുന്നതാണ് നല്ലതെന്നും വിമർശിക്കുന്നവർ കുറവല്ല.

അദ്ദേഹത്തിന്റേതായി ബറോസാണ് ഇനി പുറത്തെത്താനുള്ളത്. എന്നാൽ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ നീണ്ടും പോകുകയാണ്. ഒക്ടോബറിൽ തന്നെ ചിത്രം തിയേറ്ററിലെത്തുമെന്നാണ് ആദ്യം പുറത്ത് വന്ന വിവരങ്ങളെങ്കിലും അത് അനിശ്ചിതത്വത്തിലേയ്ക്ക് പോകുകയായിരുന്നു.

ദീപാവലി റിലീസായോ ക്രിസ്മസ്-ന്യൂ ഇയർ റിലീസായോ എത്തുമെന്നാണ് പ്രേക്ഷകർ കണക്ക്കൂട്ടുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനാണ് ഈ വർഷം മോഹൻലാലിന്റേതായി റിലീസ് ചെയ്ത ചിത്രം. എന്നാൽ ബോക്‌സോഫീസിൽ പ്രതീക്ഷിച്ചത്ര വിജയം കൊയ്യാൻ ഈ ചിത്രത്തിനായില്ല. കടുത്ത സബൈർ ആക്രമണവും പല കോണിൽ നിന്നും ഉണ്ടായി. വൻ ബജറ്റിലെത്തിയ ചിത്രം നേടിയത് വെറും മുപ്പത് കോടി മാത്രമാണ്.

അതേസമയം എംപുരാൻ അടുത്ത വർഷം ഇറങ്ങുന്നുണ്ട്. ഈ ചിത്രം മെഗാ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് മോഹൻലാൽ. അതേസമയം ഈ വർഷം മാത്രം മലയാളം സിനിമ 1550 കോടി രൂപയാണ് ബോക്‌സോഫീസിൽ നിന്ന് കളക്ഷനായി നേടിയതെന്നാണ് റിപ്പോർട്ട്. നൂറ് കോടി ചിത്രങ്ങളിൽ റെക്കോർഡിട്ട വർഷം കൂടിയാണ് 2024.

നാല് നൂറ് കോടി ചിത്രങ്ങളാണ് ഈ വർഷം പിറന്നത്. ആടുജീവിതം, ആവേശം, അജയന്റെ രണ്ടാം മോഷണം, പ്രേമലു, എന്നിവയാണ് നൂറ് കോടി ചിത്രങ്ങൾ. മലയാള സിനിമയ്ക്ക് ആദ്യമായി 200 കോടി ചിത്രവും ഈ വർഷം പിറന്നു. മഞ്ഞുമ്മൽ ബോയ്‌സാണ് 200 കടന്ന ചിത്രം. ആഗോള തലത്തിൽ 241 കോടിയാണ് ചിത്രം നേടിയത്.

തമിഴ്‌നാട്ടിൽ വൻ മാർക്കറ്റ് മലയാള സിനിമയ്ക്കുണ്ടാക്കാനും മഞ്ഞുമ്മൽ ബോയ്‌സിന് സാധിച്ചു. 2024ൽ മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ ഹിറ്റും മഞ്ഞുമ്മൽ ബോയ്‌സാണ്. ആടുജീവിതം 158.48 കോടിയാണ് ബോക്‌സോഫീസിൽ നിന്ന് കളക്ട് ചെയ്തത്. ആവേശം 156 കോടിയാണ് കളക്ട് ചെയ്തത്. പ്രേമലു 138.90 കോടിയും നേടി.

അതേസമയം എആർഎം നൂറ് കോടി പിന്നിട്ടിട്ടും ഇപ്പോഴും ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്. ഗുരുവായൂർ അമ്പലനടയിൽ 90.20 കോടിയും, കിഷ്‌കിന്ധാകാണ്ഡം 72.42 കോടി, വർഷങ്ങൾക്ക് ശേഷം 83 കോടി, ടർബോ 72.20 കോടി, ഭ്രമയുഗം 58.70 എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള ചിത്രങ്ങൾ. മോഹൻലാൽ ശക്തമായി തിരിച്ചുവന്നാൽ ഈ പട്ടികയിൽ ഇനിയും മാറ്റങ്ങളുണ്ടാവും.

Vijayasree Vijayasree :