സാറ്റലൈറ്റിനു വേണ്ടി തിയ്യേറ്റർ വാടകക്ക് എടുക്കുന്ന നിർമ്മാതാക്കൾ; ടൂർ ഓപ്പറേറ്റർമാർ ഉപയോഗിച്ച് തിയ്യേറ്ററിൽ ആളെ കൂട്ടൽ !! 400 കോടി നഷ്ടത്തിന് കാരണം ഇവരൊക്കെയാണ്….

സാറ്റലൈറ്റിനു വേണ്ടി തിയ്യേറ്റർ വാടകക്ക് എടുക്കുന്ന നിർമ്മാതാക്കൾ; ടൂർ ഓപ്പറേറ്റർമാർ ഉപയോഗിച്ച് തിയ്യേറ്ററിൽ ആളെ കൂട്ടൽ !! 400 കോടി നഷ്ടത്തിന് കാരണം ഇവരൊക്കെയാണ്….

സിനിമ ഒരു കലയാണ്. പക്ഷെ കലയെ കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരുന്നാൽ ചലച്ചിത്ര നിർമ്മാണം സാധ്യമാവില്ല എന്നുള്ള കാര്യം നമുക്കെല്ലാവർക്കുമറിയാം. അത് ഒരു ബിസിനസ്സ് കൂടിയാണ്. കലയും കച്ചവടവും ചേർന്ന് നിന്നാൽ മാത്രമേ നല്ല സിനിമകൾ ഉണ്ടാകൂ.. നല്ല നടന്മാരും, നല്ല സംവിധായകരും ടെക്‌നീഷ്യന്മാരുമെല്ലാം ഉണ്ടാകൂ. പക്ഷെ, സിനിമ വെറും കച്ചവടം മാത്രമായി മാറുന്ന കാഴ്ച്ചയാണ് ഇന്ന് മലയാള സിനിമ ലോകത്ത് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഈ ഒരൊറ്റ കാരണം കൊണ്ട് പല സിനിമകളെയും മലയാളികൾ കൈവിടുകയും, വലിയ പരാജയങ്ങൾ രുചിക്കുകയും ചെയ്‌തിട്ടുണ്ട്‌.

2018-ല്‍ മലയാളത്തിൽ 156 സിനിമകളാണ് റിലീസ് ചെയ്‌തത്‌. ഇതില്‍ വലിയ താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ ഉള്‍പ്പെടെ എണ്‍പത്തിയഞ്ച് ശതമാനം പടങ്ങളും പരാജയമായിരുന്നു. 2017 നേക്കാൾ കൂടുതല്‍ സിനിമകള്‍ വന്നു, കൂടുതല്‍ പരാജയങ്ങളും ഉണ്ടായി. 2018 ലെ കണക്കുകള്‍ നോക്കുമ്പോൾ ഏകദേശം 400 കോടിയോളമാണത്രെ മലയാള സിനിമയിലെ നഷ്ടം.

പ്രതിവര്‍ഷം 200 സിനിമകള്‍ വരെ റിലീസ് ചെയ്‌താലും ഒരു കുഴപ്പവുമില്ലാതെ താങ്ങാനുള്ള ശേഷി കേരളത്തിലെ തിയേറ്ററുകള്‍ക്കുണ്ട് എന്നാണ് പഠന റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ബഹുഭൂരിപക്ഷം വരുന്ന തിയേറ്ററുകള്ളും നവീകരിക്കുകയും മൾട്ടി സ്‌ക്രീനുകൾ പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തിട്ടുമുണ്ട്‌. 400 ൽ അധികം സ്‌ക്രീനുകളാണ് ഇത് മൂലം കൂടുതൽ ഉണ്ടായത്. ഇത് സിനിമക്ക് അനിവാര്യം തന്നെയാണ്. കൂടുതൽ സ്‌ക്രീനുകൾ ഉണ്ടായാൽ മാത്രമേ കൂടുതൽ സിനിമകൾ റിലീസ് ചെയ്യാനും, ലാഭം നേടാനും ഒക്കെ സാധിക്കുകയുള്ളൂ..

ഒരു കാലത്ത് തിയ്യേറ്ററുകളെ പൂർണ്ണമായും കയ്യൊഴിഞ്ഞിരുന്ന പ്രേക്ഷകർ വീണ്ടും തിരിച്ചു വരൻ ആരംഭിച്ചിട്ടുണ്ട്. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം തട്ടിക്കൂട്ട് സിനിമകൾ എടുത്ത് ദയവായി അത് നശിപ്പിക്കരുതെന്ന തിയ്യേറ്ററുകാർ പറയുന്നത്. ആര് അഭിനയിച്ചാലും ആര് സംവിധാനം ചെയ്താലും നല്ലൊരു കഥയുണ്ടോ എന്ന് അന്വേഷിക്കുന്നത് ഉത്തമമായിരിക്കും. ഏത് താരം അഭിനയിക്കുന്ന സിനിമയായാലും എത്ര കോടി മുടക്കിയാലും ആശയം നല്ലതല്ലെങ്കില്‍ സിനിമ നന്നായില്ലെങ്കില്‍ ഒറ്റ ഷോ മതി, എല്ലാം തീരും. പടം ഹോള്‍ഡ് ഓവറാകാതിരിക്കാന്‍ തിയേറ്ററില്‍ ആളെ കയറ്റേണ്ട ഉത്തരവാദിത്വവും നിര്‍മ്മാതാവിനാണ്.ഓടിയ പടത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാന്‍ പലരുമുണ്ടാകും. പരാജയപ്പെട്ട സിനിമയുടെ കൂടെ നില്‍ക്കാന്‍ ആരും കാണില്ല.

2018 ല്‍ വിജയം നേടാന്‍ കഴിയാതെ പോയ 131 സിനിമകളില്‍ എഴുപത് ശതമാനവും തിയേറ്റര്‍ വാടകക്കെടുത്താണ് പ്രദര്‍ശിപ്പിച്ചത്. അതിന്‍റെ പ്രധാനകാരണം സാറ്റലൈറ്റ് കച്ചവടമാണ്. സിനിമ ഓടിയാലും ഓടിയില്ലെങ്കിലും സാറ്റലൈറ്റ് കച്ചവടം നടക്കണമെങ്കില്‍ തിയേറ്ററില്‍ കളിച്ചിരിക്കണം. പടം മോശമാണെന്ന് അറിഞ്ഞുകൊണ്ടു തിയേറ്റര്‍ ഉടമകള്‍ കളിക്കാന്‍ തയ്യാറാകാതെ വരുമ്പോഴാണ് വാടകയ്ക്കെടുക്കുന്നത്. വാടക കൊടുത്തതുകൊണ്ടുമാത്രം കാര്യമായില്ല, സിനിമ കാണാന്‍ ആള് വേണം. അതിനും പ്രത്യേക സംവിധാനമുണ്ട്.

കമ്മീഷന്‍ ഏജന്‍റുമാര്‍ ഹോസ്റ്റലുകളിലും കോളനികളിലും കയറിയിറങ്ങി ഒരാള്‍ക്ക് 150 രൂപ വെച്ച് കൊടുത്താണ് തിയേറ്ററിലെത്തിക്കുന്നത്. നൂറ് രൂപ ടിക്കറ്റ് ചാര്‍ജ്ജും അമ്പത് രൂപ ചായക്കാശും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍ വഴിയും ആളെ കൂട്ടാറുണ്ട്. ഇതിനൊക്കെ പുറമെയാണ് ഓണ്‍ലൈന്‍ വഴിയുള്ള റിസര്‍വേഷന്‍. സിനിമ ഹോള്‍ഡ് ഓവറാകാതെ ഒരാഴ്ച കടന്നുകിട്ടണമെങ്കില്‍ ഇങ്ങനെയുള്ള വേലകള്‍ കാണിച്ചാലേ പറ്റുവെന്നാണ് അനുഭവസ്ഥരുടെ ഏറ്റുപറച്ചില്‍. സിനിമയുടെ ജാതകം എന്തായാലും പ്രൊഡ്യൂസര്‍ക്ക് ഊരിപ്പോകാന്‍ പറ്റില്ലല്ലോ ?!

അറിഞ്ഞും അറിയാതെയും സിനിമ നിര്‍മ്മിക്കാന്‍ വന്നിറങ്ങുന്ന ധാരാളം പുതിയ നിര്‍മ്മാതാക്കളെ കാണാം. 2018 ല്‍ റിലീസ് ചെയ്ത 156 സിനിമകളും നിര്‍മ്മിച്ചിരിക്കുന്നത് പുതിയ നിര്‍മ്മാതാക്കളാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലയാളസിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്ന വലിയൊരു പ്രതിഭാസമാണത്. സംവിധായകരുടെ കാര്യത്തിലും ഇതേ അവസ്ഥ തന്നെയാണ്. 105 പുതുമുഖ സംവിധായകരാണ് ഈ വര്‍ഷം കടന്നുവന്നത്. മുന്‍വര്‍ഷങ്ങളില്‍ സിനിമ ചെയ്ത 41 സംവിധായകരുടെ 44 സിനിമകളുണ്ട്. ഓരോ വര്‍ഷവും 100 ല്‍ കൂടുതല്‍ പുതുമുഖ സംവിധായകര്‍ എത്താറുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷം പേരെയും പിന്നീട് കാണാറില്ല. 2018 ല്‍ ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമടക്കം 25 സിനിമകള്‍ വിജയം നേടിയപ്പോള്‍ 131 സിനിമകള്‍ പരാജയപ്പെട്ടു. സൂപ്പര്‍ഹിറ്റുകളെന്ന് അവകാശപ്പെടാന്‍ കഴിയുന്ന പത്ത് സിനിമകള്‍. ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ച പതിനൊന്ന് സിനിമകള്‍.

തിയേറ്ററുകളില്‍ കയറി ജനം കാണുകയും ആസ്വദിക്കുകയും ചെയ്ത സിനിമകളെയാണ് വിജയചിത്രങ്ങളെന്ന് പറയാന്‍ പറ്റൂ. സാറ്റലൈറ്റ് ഓവര്‍സീസ് ഓഡിയോ വീഡിയോ അങ്ങനെയുള്ള കച്ചവടങ്ങളും കണക്കിലെ കളികളും ഇതുമായി ചേര്‍ത്തുവായിക്കാന്‍ പറ്റില്ല. റിലീസ് സിനിമകളുടെ എണ്ണത്തിന് ആനുപാതികമായി വിജയശതമാനം ഉയരാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

പണ്ട് ഏത് സിനിമ റിലീസ് ചെയ്താലും അത് കാണാന്‍ ഒരു വിഭാഗം ആളുകള്‍ സ്ഥിരമായുണ്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. മോശമാണെന്ന് കേട്ടാല്‍ ആ വശത്തേയ്ക്ക് ആളുകള്‍ തിരിഞ്ഞുപോലും നോക്കില്ല. ഷോ നടക്കില്ല. നല്ല കഥയുള്ള സിനിമയാണെങ്കില്‍ താരം ഒരു പ്രശ്നമല്ലെന്ന് പറയുന്നവരുണ്ട്. അതിന് അവര്‍ക്ക് പറയാന്‍ ഉദാഹരണങ്ങളുമുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ, ജോസഫ് തുടങ്ങിയ സിനിമകള്‍ ശക്തമായ കഥയുടെ പിന്‍ബലത്തില്‍ ഉയര്‍ന്നുവന്നവയാണ്. അതുകൊണ്ടുതന്നെ ഈ സിനിമകള്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.

Malayalam cinema business in 2018

Abhishek G S :