സൗഹൃദ കൂട്ടായ്മ; 40 വർഷങ്ങൾക്കിപ്പുറം 80കളിലെ സിനിമാ പ്രവർത്തകർ വീണ്ടും ഒന്നിച്ചു

40 വർഷങ്ങൾക്കിപ്പുറം 80കളിലെ സിനിമാ പ്രവർത്തകർ വീണ്ടും ഒന്നിച്ചു. ’80 മദ്രാസ് മെയിൽ – സിനിമാ നിറക്കൂട്ട്’ എന്ന പേരിൽ തിരുവന്തപുരത്താണ് എല്ലാവരും ഒത്ത് കൂടിയത് . ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ ആണ് ഈ കൂട്ടായ്മ ഒത്തു ചേർന്നത്. കവിയും ഗാന രചയിതാവും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ജയകുമാർ ഐ എ എസ് ആണ് ചടങ്ങിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചത്.

നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമായ ലത, സംഗീത സംവിധായകനും പിന്നണി ഗായകനുമായ രാജു, മണിയൻപിള്ള രാജു, കൃഷ്ണചന്ദ്രൻ, വനിത കൃഷ്ണചന്ദ്രൻ, നടൻ മോഹൻ ശർമ്മ, ജോസ്, മേനക, സുരേഷ് കുമാർ, ഗായിക ലതിക, സംവിധായകൻ തുളസി ദാസ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ലിസ്സി, നടി അംബിക, ഛായാഗ്രാഹകൻ വിപിൻ മോഹൻ, സംവിധായകൻ ഷാജി കൈലാസ്, വേണു ബി നായർ, ജി എസ് വിജയൻ, ജി. മുരളി, ടി എസ് സുരേഷ് ബാബു, സോമൻ അമ്പാട്ട്, കലാസംവിധായകൻ രാധാകൃഷ്ണൻ, സംവിധായകൻ അനിൽ കുമാർ, കെ എസ് ഗോപാലകൃഷ്ണൻ, പി ചന്ദ്രകുമാർ, കലിയൂർ ശശി, സെവൻ ആർട്സ് മോഹൻ, കുടമാളൂർ രാജാജി, മേക്കപ്പ്മാൻ ജയമോഹൻ, ജോസ് മഞ്ഞിലാസ്, നിർമ്മാതാവും സംവിധായകനുമായ കൃഷ്ണകുമാർ, പി വി ശങ്കർ, എസ് ഷാജി തുടങ്ങി നാൽപ്പതോളം പേരാണ് സൗത്ത് പാർക്ക് ഹോട്ടലിൽ വച്ചു നടന്ന സൗഹൃദ കൂട്ടായ്മയ്ക്കായി എത്തിച്ചേർന്നത്.

“1985ലാണ് ഞാൻ മദ്രാസ് വിട്ട് കേരളത്തിലേക്ക് വരുന്നത്. പക്ഷേ ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് കോടമ്പാക്കത്തെ ആ ജീവിതം. ഉറങ്ങാൻ കിടക്കുമ്പോൾ പലപ്പോഴും എല്ലാവരും ഒരു കുടുംബം പോലെ കഴിഞ്ഞ ആ കാലത്തെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിറയും. വീണ്ടും അവരെയൊക്കെ ഒന്നു കാണാനും സംസാരിക്കാനുമൊക്കെ പലപ്പോഴും തോന്നിയിരുന്നു. ഒന്നു കൂടി എല്ലാവരെയും ഒന്നിച്ചൊരു കുടക്കീഴിൽ കൊണ്ടു വരാനായാൽ അതൊരു സന്തോഷമാവില്ലേ എന്നു തോന്നി,” ഇതിന്റെ തുടക്കത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി പറഞ്ഞു.

തന്റെ കോൺടാക്റ്റ് ലിസ്റ്റിൽ ഉള്ളവരോടൊക്കെ സംസാരിച്ചു, അവരെ ചേർത്ത് വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി. പിന്നീട് ഓരോരുത്തരായി ബാക്കിയുള്ളവരെ അന്വേഷിച്ചു കണ്ടെത്തി ഗ്രൂപ്പിലേക്ക് ചേർത്തു കൊണ്ടിരുന്നു. ഇപ്പോൾ ഏതാണ്ട് 90 ഓളം അംഗങ്ങളുണ്ട് ആ ഗ്രൂപ്പിൽ.

“തമ്മിൽ കാണാനുള്ള ആഗ്രഹം എല്ലാവർക്കുമുണ്ടായിരുന്നു. തീവ്രമായ ആ ആഗ്രഹത്തിന്റെ ഫലമാണ് ഇങ്ങനെയൊരു ഒത്തുചേരലിൽ എത്തി നിൽക്കുന്നത്. നാൽപ്പതോളം പേർ ഇന്നിവിടെ എത്തിച്ചേർന്നിട്ടുണ്ട്. വരാൻ ആഗ്രഹമുള്ളവർ ഗ്രൂപ്പിൽ വേറെയുമുണ്ട്, പക്ഷേ പലരും വർക്കുമായി തിരക്കിലാണ്, ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ചെന്നൈയിൽ നിന്നും കേരളം വരെ യാത്ര ചെയ്യാനാവില്ല. അടുത്ത ഒത്തുച്ചേരൽ ചെന്നൈയിലാക്കണേ എന്നൊക്കെ അഭ്യർത്ഥിക്കുന്നവരുമുണ്ട് കൂട്ടത്തിൽ,” ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

ഒരു സുപ്രഭാതത്തിൽ ഭാഗ്യലക്ഷ്മി ചോദിച്ചു. നമുക്കിങ്ങനെയൊരു ഒത്തുച്ചേരൽ സംഘടിപ്പിച്ചാലോ. നല്ല കാര്യമാണ്, പക്ഷേ ഒരുപാട് കഷ്ടപ്പാടുള്ള ജോലിയാണ്, എളുപ്പമല്ല. നിനക്ക് പറ്റുമെന്ന് ഉറപ്പുണ്ടെങ്കിൽ ശ്രമിക്കൂ, കൂടെയുണ്ടാവും എന്നു പറഞ്ഞു. മദ്രാസിൽ വേണോ കൊച്ചിയിൽ വേണോ തിരുവനന്തപുരത്ത് തന്നെ വേണോ എന്നൊക്കെ കുറേ ആശയക്കുഴപ്പങ്ങൾ. പിന്നെ ആദ്യം തിരുവനന്തപുരത്താവാം എന്നു തീരുമാനിച്ചു. ഇനിയും ഈ മദ്രാസ് മെയിൽ ഉഷാറായി മുന്നോട്ടു പോവട്ടെ എന്നാഗ്രഹിക്കുകയാണ്,” കൂട്ടായ്മയെ കുറിച്ച് നടി മേനക സുരേഷ് കുമാർ പറഞ്ഞു.

Noora T Noora T :