കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമയ്ക്ക് വന്ന മാറ്റങ്ങൾ ഏറെയാണ്. ബോക്സോഫീസ് കളക്ഷനിലും കാര്യമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ 2000 ത്തിന് ശേഷം ഇറങ്ങിയ മലയാള സിനിമകളിൽ ഓരോ വർഷവും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ കണക്ക് പുറത്തത്തെത്തിയിരിക്കുകയാണ്. 24 വർഷത്തെ കണക്കാണിത്. ചില ഓൺലൈൻ മീഡിയകളിൽ വന്ന റിപ്പോർട്ട് ഇങ്ങനെയാണ്;
2000 ത്തിൽ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, മോഹൻലാലിന്റെ നരസിംഹമാണ് കൂടുതൽ കളക്ഷൻ നേടിയത്. 21 കോടി രൂപയാണ് ചിത്രം നേടിയത്. 2001 ൽ മോഹൻലാലിന്റെ തന്നെ രാവണപ്രഭുവായിരുന്നു മുന്നിൽ. 17 കോടിയായിരുന്നു കളക്ഷൻ. 2002ൽ ദിലീപാണ് ഒന്നാം സ്ഥാനത്ത് നിന്നത്. ദിലീപ് – ലാൽ ജോസ് കൂട്ടുകെട്ടിലിറങ്ങിയ മീശമാധവനായിരുന്നു 19 കോടി കളക്ഷനുമായി മുന്നേറിയത്.
2003 ൽ മോഹൻലാൽ ബാലേട്ടനായി എത്തിയ ബാലേട്ടൻ 14 കോടി നേടി ഒന്നാം സ്ഥാനത്തെത്തി. 2004 ൽ സേതുരാമയ്യർ സിബിഐയിലൂടെ മമ്മൂട്ടി ഒന്നാം സ്ഥാനത്ത് എത്തി. 14 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. 2005 ൽ രാജമാണിക്യം 25 കോടി രൂപ നേടിയാണ് ഒന്നാം സ്ഥനത്തെത്തിയത്. 2006 ൽ പൃഥ്വിരാജ് ആണ് ബോക്സോഫീസ് പട്ടികയിലിടം പിടിച്ചത്.
ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം 24 കോടിയാണ് കളക്ഷൻ നേടിയത്. മലയാളത്തിലെ മികച്ച ക്യാംപസ് സിനിമ എന്ന വിശേഷണവും ചിത്രത്തിന് ലഭിച്ചു. 2007 ൽ മമ്മൂട്ടിയുടെ മായാവി 15 കോടി നേടി ഒന്നാമതെത്തി. 2008 ൽ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന ട്വന്റി 20 എന്ന ചിത്രമാണ് 33 കോടി രൂപ കളക്ട് ചെയ്ത് ആ വർഷം ഒന്നാമത് എത്തിയത്.
2009ൽ 15 കോടി നേടി മമ്മൂട്ടിയുടെ കേരള വർമ്മ പഴശ്ശിരാജയും 2010ൽ 16.5 കോടി നേടി മമ്മൂട്ടിയുടെ പോക്കിരിരാജയും ഒന്നാം സ്ഥാനം ഉറപ്പിച്ചു. 2011ൽ മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ്, ശരത്കുമാർ എന്നിവരുടെ ക്രിസ്റ്റ്യൻ ബ്രദേഴ്‌സ് 28 കോടി കളക്ഷൻ നേടി. 2012 ൽ മായാമോഹിനിയിലൂടെ ദിലീപ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. 22 കോടിയായിരുന്നു മായാമോഹിനിയുടെ കളക്ഷൻ.
ഇതുവരെയില്ലാത്തൊരു മാറ്റാം കുറിച്ച റെക്കോർഡുകൾ തകർത്തെറിഞ്ഞ വർഷമായിരുന്നു 2013. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ എത്തിയ ദൃശ്യം ആദ്യമായി 50 കോടി കളക്ട് ചെയ്യുന്ന മലയാള ചിത്രമായി മാറി. ചിത്രം പിന്നീട് ആഗോളതലത്തിൽ 75 കോടിയും കളക്ട് ചെയ്തിട്ടുണ്ട്. 2014 ൽ ദുൽഖർ നിവിൻ പോളി, ഫഹദ് ഫാസിൽ ചിത്രം ബാംഗ്ലൂർ ഡേയ്‌സ് ഒന്നാമതായി. 45 കോടിയാണ് ചിത്രം നേടിയത്.
2015 ൽ പ്രേമത്തിലൂടെ നിവിൻ പോളിയാണ് മുന്നിലെത്തിയത്. 60 കോടി കളക്ഷനാണ് അന്ന് ചിത്രത്തിന് ലഭിച്ചത്. ഇതിന് ശേഷം മലയാള സിനിമ മറ്റൊരു ചരിത്രം സൃഷ്ടിച്ച വർഷമായിരുന്നു 2016. മോഹൻലാലിന്റെ പുലിമുരുകനിലൂടെ ആദ്യമായി 100 കോടി ക്ലബിൽ മലയാള സിനിമ മുത്തമിട്ടു. 2017 ൽ രാമലീലയിലൂടെ ദിലീപ് വീണ്ടും ഒന്നാമതെത്തി. 50 കോടിയാണ് ചിത്രം നേടിയത്.
2018 നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയായിരുന്നു മുന്നിൽ. 72 കോടി രൂപയാണ് ചിത്രം നേടിയത്. ഇതിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു. 2019 ൽ മറ്റൊരു ചരിത്രം കുറിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ ലൂസിഫറിന്റെ വരവ്. 150 കോടിയിലേയ്ക്ക് ചിത്രം മോളിവുഡിനെ കൊണ്ടെത്തിച്ചത്. 2020 ൽ കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര 50 കോടി കളക്ഷൻ നേടി മുന്നിലെത്തി.
2021 ൽ ദുൽഖർ സൽമാന്റെ കുറുപ്പ് 81 കോടി രൂപ നേടി ഒന്നാമതായി. 2022 ൽ ഭീഷ്മപർവത്തിലൂടെ മമ്മൂട്ടി വീണ്ടും ഒന്നാമതായി. 80 കോടിയോളം ചിത്രം കളക്ഷൻ നേടിയിരുന്നു. 2023 ൽ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ എന്നിവർ അണിനിരന്ന 2018 എന്ന ചിത്രമാണ് 175 കോടിയിലേറെ കളക്ഷൻ നേടി മുന്നിലെത്തിയത്.
2024ൽ സകല റെക്കോർഡുകളും ഭേദിച്ച് മഞ്ഞുമ്മൽ ബോയ്‌സ് ഒന്നാം സ്ഥാനത്തെത്തി. 200 കോടിയിലേറെ കളക്ഷൻ നേടി മലയാളത്തിലെ എക്കാലത്തേയും പണംവാരി ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്. മാത്രമല്ല, കേരളത്തിന് പുറത്ത് നിന്നും നല്ല കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ് നാട്ടിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രവും ഇതായിരുന്നു.