മലയാളം സിനിമയ്ക്ക് താല്പര്യം വിവാഹം കഴിഞ്ഞ നായികമാരോട് .. കാരണം അറിയാമോ ???

മലയാളം സിനിമയ്ക്ക് താല്പര്യം വിവാഹം കഴിഞ്ഞ നായികമാരോട് .. കാരണം അറിയാമോ ???

വിവാഹത്തോടെ അഭിനയം ഉപേക്ഷിക്കുക എന്നതായിരുന്നു നേരത്തെ മലയാള സിനിമ രംഗത്തെ നടിമാര്‍ സ്വീകരിച്ചിരുന്ന കീഴ് വഴക്കം. സിനിമയിലുളളവരെ വിവാഹം കഴിച്ചാലും പുറത്തുളളവരെ വിവാഹം കഴിച്ചാലും ഇത് തന്നെ ആയിരുന്നു സ്ഥിതി. വിവാഹിതരായ നടിമാരെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ സംവിധായകര്‍ക്കും താത്പര്യം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

വിവാഹത്തോടെ മലയാളത്തിന് നഷ്ടമായ ധാരാളം മികച്ച നടിമാരുണ്ട്. നന്നേ ചെറുപ്പത്തില്‍ സിനിമാ രംഗത്തെത്തി അല്‍പ്പം കാശുണ്ടാക്കി, സ്വസ്ഥമായ കുടുംബജീവിതത്തിനായി അരങ്ങൊഴിയുന്ന നടിമാര്‍ പക്ഷേ ഇന്ന് പഴങ്കഥയായിരിക്കുന്നു. പല താരങ്ങളും വിവാഹം കഴിഞ്ഞ് ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷവും സിനിമയിലേക്ക് തിരികെ എത്തുകയാണ്. മറ്റേതൊരു തൊഴിലും എന്ന വണ്ണം സിനിമയും മാറിയിരിക്കുന്നു.

വിവാഹശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുന്ന നടിയാണ് റീമ കല്ലിംഗല്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ തന്നെ ഇവര്‍ ഇവിടെ നിലനില്‍ക്കുന്നു. സംവിധായകന്‍ ആഷിക് അബുവിനെ വിവാഹം കഴിച്ചതും റിമയെ ഈ രംഗത്ത് തുടരാന്‍ ഏറെ സഹായിക്കുന്നുണ്ട്. അതേസമയം മുന്‍കാലങ്ങളില്‍ സംവിധായകരുടെ ഭാര്യ ആയാലും സിനിമയ്ക്ക് പുറത്തായിരുന്നു വിവാഹ ശേഷം നടിമാരുടെ സ്ഥാനം എന്നത് ശ്രദ്ധേയമാണ്.

മലയാളികളുടെ പ്രിയ നടി കാവ്യ വിവാഹ ശേഷം , വിവാഹ മോചനം നേടി സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മഞ്ജുവാര്യരും ദീര്‍ഘമായ ഇടവേളയ്ക്ക് സിനിമയില്‍ എത്തിയപ്പോള്‍ ശക്തമായ നായിക കഥാപാത്രങ്ങള്‍ തന്നെ ലഭിച്ചു. മുമ്പൊക്കെ തിരികെ എത്തുന്ന നടിമാര്‍ അമ്മ വേഷം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു എന്ന് കൂടി കൂട്ടിച്ചേര്‍ക്കണ്ടതുണ്ട്. അമ്മ, അമ്മൂമ്മ വേഷങ്ങള്‍ക്കൊപ്പം ശക്തമായ കഥാപാത്രങ്ങളും ഇവരെ ഏല്‍പ്പിക്കാന്‍ സംവിധായകര്‍ തയാറായിക്കഴിഞ്ഞു. മലയാള സിനിമരംഗത്തെ ഈ മാറ്റം ഏറെ ശുഭകരമാണ് എന്ന് പറയാതെ വയ്യ.

വിവാഹ ശേഷവും സിനിമയിൽ തുടരുന്ന മറ്റൊരു നടിയാണ്‌ ലെന. ഏറെ വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാളി ഹൃദയത്തിൽ വേരുറപ്പിച്ച നടി വിവാഹം കരിയറിന്‌ തടസ്സമേയല്ല എന്നും തെളിയിച്ചു. ഒരുപക്ഷേ വിവാഹ മോചനത്തിനു ശേഷവും ലെനയ്ക്ക് ഭാഗ്യം തുണയാകുകയായിരുന്നു. മലയാളത്തിൽ ചുവടുറപ്പിച്ച നടി മോളിവുഡും കടന്ന് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിനൊപ്പം ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിക്കുകയാണ്‌ ഇപ്പോൾ.

വിവാഹ ശേഷം സിനിമയിലെത്തി വിജയം കൈവരിച്ച ന്യൂജനറേഷൻ നടിമാരുമുണ്ട് ഇക്കൂട്ടത്തിൽ. സൃന്ദ അഷബ്, രചന നാരായണൻ കുട്ടി ഇവരൊക്കെ ചില ഉദാഹരണങ്ങൾ മാത്രം.

കാലത്തിനനുസരിച്ച് മലയാളം ഫിലിം ഇൻഡസ്ട്രിയും മാറുകയാണ്‌. ബോളിവുഡ് സുന്ദരിമാർ വിവാഹ ശേഷവും മുപ്പതിലും നാല്പ്പതിലുമൊക്കെ ഇൻഡസ്ട്രിയിൽ തിളങ്ങി നിന്നിരുന്നപ്പോൾ ഇവിടുത്തെ നടിമാർ ഇരുപത്തഞ്ചിൽ വിവാഹം കഴിഞ്ഞ് ഇൻഡസ്ട്രിയിൽ നിന്നും ഔട്ടാകുന്ന കാഴ്ചയായിരുന്നു ഒന്ന് രണ്ട് വർഷങ്ങൾ മുൻപു വരെ. കാലം മാറുകയായി.. ഇപ്പോൾ മലയാള സിനിമയ്ക്ക് പ്രായം ഒരു പരിധിയേ അല്ല.

malayalam actresses career after marriage

Sruthi S :