നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി നല്‍കിയതിന് പിന്നാലെ മഞ്ജു വാര്യര്‍ നിയമക്കുരുക്കില്‍; മഞ്ജുവിനും നടന്‍ സൗബിനും എതിരെ വക്കീല്‍ നോട്ടീസ് അയച്ച് സംവിധായകന്‍ മനീഷ് കുറുപ്പ്

നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി നല്‍കിയതിന് പിന്നാലെ മഞ്ജു വാര്യര്‍ വീണ്ടും നിയമക്കുരുക്കില്‍. മഞ്ജു വാര്യരുടെ ‘വെള്ളരിക്കാപ്പട്ടണം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ മനീഷ് കുറുപ്പാണ് മഞ്ജുവിനും നടന്‍ സൗബിനും എതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ‘വെള്ളരിക്കാപ്പട്ടണം’ സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുകയും ചെയ്തുവെന്ന് ആരോപിച്ച് ആണ് സംവിധായകന്റെ നീക്കം. താരങ്ങള്‍ക്ക് കൂടാതെ ചിത്രത്തിന്റെ സംവിധായകനായ സംവിധായകന്‍ മഹേഷ് വെട്ടിയാര്‍, നിര്‍മ്മാതാവ് എല്‍ദോ പുഴുക്കലില്‍ ഏലിയാസ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

സെന്‍സര്‍ ലഭിച്ച തന്റെ സിനിമയുടെ ടൈറ്റില്‍ ഉപയോഗിച്ചതുമൂലം വില്പനയും റിലീസിങ്ങും നടക്കാതെയാവുകയും സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തതുകൊണ്ട് ടൈറ്റില്‍ മൂന്ന് ദിവസത്തിനകം മാറ്റണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കെ.എന്‍ പ്രശാന്ത് മുഖേന വക്കീല്‍ നോട്ടീസ് അയച്ചു. 2018ലാണ് മനീഷ് കുറുപ്പ് വെള്ളരിക്കാപ്പട്ടണം ആരംഭിച്ചത്. വെള്ളരിക്കാപ്പട്ടണം എന്ന പേരില്‍ ഫിലിം ആന്റെ ടെലിവിഷന്‍ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് സൗത്ത് ഇന്ത്യ, ചെന്നൈ എന്ന സംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സിനിമയുടെ എല്ലാ പ്രവൃത്തികളും പൂര്‍ത്തീകരിച്ചിരിക്കേ മഞ്ജു വാര്യരെയും സൗബിന്‍ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെള്ളരിക്കാപ്പട്ടണം എന്ന പേരില്‍ മറ്റൊരു സിനിമയുടെ പ്രവര്‍ത്തനം ആരംഭിച്ചു. തുടര്‍ന്ന് മനീഷ് കുറുപ്പിന്റെ വെള്ളരിക്കാപ്പട്ടണത്തിനെതിരെ മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കിയ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും മനീഷ് കുറുപ്പിനെ ഭീഷണിപ്പെടുത്തുകയും തന്റെ സിനിമയുടെ പ്രദര്‍ശനത്തിനെതിരെ തിരിയുകയായിരുന്നു. സെന്‍സര്‍ തടയാനുള്ള ശ്രമങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകന്‍ മനീഷ് കുറുപ്പ് നിയമനടപടിക്കൊരുങ്ങിയത്.

‘കേരളത്തില്‍ സിനിമാ നിര്‍മാണത്തിന് അനുമതി നല്‍കുന്നതും ടൈറ്റില്‍ രജിസ്ട്രേഷനുമുള്ള അധികാരം ഫിലിംചേംബറിനാണ്. ഇതനുസരിച്ച് 2019 നവംബര്‍ 5ന് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ഫിലിം ചേംബറില്‍ ‘വെള്ളിരിക്കാപട്ടണം’ എന്ന പേര് രജിസ്റ്റര്‍ ചെയ്തു. ചേംബറിന്റെ നിര്‍ദേശപ്രകാരം, ഇതേപേരില്‍ 1985-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ ശ്രീ. തോമസ് ബെര്‍ളിയുടെ അനുമതിപത്രം ഉള്‍പ്പെടെയാണ് ഫുള്‍ഓണ്‍ സ്റ്റുഡിയോസ് രജിസ്ട്രേഷന് അപേക്ഷിച്ചത്. ഈ രേഖകളെല്ലാം ഇപ്പോഴും ഫിലിം ചേംബറില്‍ തന്നെയുണ്ട്. എന്നാണ് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് പേര് രജിസ്റ്റര്‍ ചെയ്തത് എന്നതിനും അപേക്ഷയ്ക്കൊപ്പം ശ്രീ. തോമസ് ബെര്‍ളിയുടെ കത്ത് ഉണ്ടായിരുന്നോ എന്നതിനുമെല്ലാം ഫിലിം ചേംബര്‍ രേഖകള്‍ സാക്ഷ്യം പറയും.

ഫുള്‍ ഓണ്‍സ്റ്റുഡിയോസ് പേരിനായി അപേക്ഷിക്കുമ്പോള്‍ ഫിലിം ചേംബറിലോ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിലോ ‘വെള്ളരിക്കാപട്ടണം’ എന്ന പേര് മറ്റാരും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പേര് ഫുള്‍ഓണ്‍ സ്റ്റുഡിയോസിന് അനുവദിച്ച് കിട്ടി. വസ്തുതകള്‍ ഇതായിരിക്കെ തമിഴ്നാട്ടിലെ ഒരു സംഘടനയിലെ രജിസ്ട്രേഷന്റെ ബലത്തില്‍ ‘വെള്ളരിക്കാപട്ടണം’ എന്ന പേരില്‍ മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി.

ആ സിനിമയുടെ സംവിധായകന്‍ കൂടിയായ ഇദ്ദേഹം ഞങ്ങളുടെ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിര്‍ക്കും എതിരേ സമൂഹമാധ്യമങ്ങളിലൂടെയും ചില യൂട്യൂബ് ചാനലുകളിലൂടെയും അപവാദപ്രചാരണം നടത്തുകയും ഞങ്ങളുടെ ചിത്രത്തെക്കുറിച്ച് സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ഇപ്പോഴും തുടരുകയാണ്. ഒരു ചിത്രത്തിന്റെ പേരിന്റെ രജിസ്ട്രേഷനുമായി അതിലെ അഭിനേതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല. എന്നിട്ടും അവരെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് മേല്‍പ്പറഞ്ഞ സംവിധായകന്‍ നടത്തുന്നത്. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു.

ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ഇതിനകം പ്രേക്ഷകപ്രശംസയും വിശ്വാസ്യതയും നേടിയ ബാനറാണ് ഫുള്‍ഓണ്‍ സ്റ്റുഡിയോസ്. കേരളത്തില്‍ സിനിമാനിര്‍മാണത്തിനുള്ള ഫിലിം ചേംബറിന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. ‘വെള്ളരിക്കാപട്ടണം’ എന്ന പേരിലുള്ള ഫിലിംചേംബറിന്റെ ഔദ്യോഗിക രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ഫുള്‍ ഓണ്‍സ്റ്റുഡിയോസിനാണ്. കേരളത്തില്‍ സിനിമകളുടെ ടൈറ്റില്‍ രജിസ്ട്രേഷനുള്ള ഔദ്യോഗികസ്ഥാപനം ഫിലിംചേംബര്‍ ആണെന്നുതന്നെയാണ് ഇപ്പോഴും ഞങ്ങളുടെ വിശ്വാസം.

എന്നിരിക്കിലും ഞങ്ങളുടെ സിനിമയുടെ റിലീസിങ് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനും അതിലെ അഭിനേതാക്കള്‍ ഇനിയും സമൂഹമധ്യത്തില്‍ നുണകള്‍കൊണ്ട് ആക്രമിക്കപ്പെടാതിരിക്കാനുമായി ഞങ്ങള്‍ പേരുമാറ്റത്തിന് തയ്യാറാകുകയാണ്,” ചിത്രത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍.

Vijayasree Vijayasree :