അഞ്ചു വര്‍ഷത്തിന് ശേഷം മലയാള സിനിമയില്‍ നിന്നും ആദ്യമായി ഒരു നടന്‍ അതിജീവിതയ്ക്കു വേണ്ടി തെരുവിലിറങ്ങുന്നു; രവീന്ദ്രന് ആശംസ പ്രവാഹം !

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അന്തിമ ഘട്ടത്തിലേക്ക് അടുക്കവേ ക്രൈംബ്രാഞ്ച് തലപ്പത്ത് സർക്കാർ മാറ്റം വരുത്തിയതിൽ വിവിധ കോണുകളിൽ വിമർശങ്ങൾ ഉയർന്നിരുന്നു

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് എഡിജിപി ശ്രീജിത്തിനെ സർക്കാർ മാറ്റി . ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനടക്കമുളള നീക്കങ്ങളും കോടതിയിൽ നിന്നുളള വിമർശനങ്ങളും മറ്റുമാണ് എസ് ശ്രീജിത്തിനെ മാറ്റാനുളള കാരണമെന്നാണ് കരുതുന്നത്. ഷേഖ് ദർവേശ് സാഹിബ് ആണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. അവസാന ഘട്ടത്തിലെ ഈ അഴിച്ച് പണിയോടെ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുമോ എന്നുളള ആശങ്കയാണ് ഉയരുന്നത്.

ഇപ്പോഴിതാ നടി അക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ച് പരസ്യ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് നടന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചർ എന്ന സംഘടന. അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തി എറണാകുളം ഗാന്ധിക്വയറിലാണ് മുൻ എം എൽ എ പി.ടി. തോമസിന്റെ സുഹൃത്തുക്കള്‍ പ്രതിഷേധം നടത്തുന്നത്.നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ഫ്രണ്ട്‌സ് ഓഫ് പിടി ആന്റ് നേച്ചര്‍ ഭാരവാഹികള്‍ ആരോപിക്കുന്നത്. അതിജീവിതയ്ക്ക് നീതി കിട്ടാനുളള പോരാട്ടത്തില്‍ എല്ലാവരും അണി നിരക്കണമെന്ന് നടന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 9.30ന് എറണാകുളം ഗാന്ധി സ്‌ക്വയറിലാണ് ഏകദിന ഉപവാസം നടക്കുന്നത്. അഡ്വക്കേറ്റ് എ ജയശങ്കര്‍ പ്രതിഷേധ ഉപവാസം ഉദ്ഘാടനം ചെയ്യും. സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘടന അറിയിച്ചു. 2017 ഫെബ്രുവരിയില്‍ ആണ് എറണാകുളത്ത് വെച്ച് പ്രമുഖ നടി ആക്രമിക്കപ്പെടുന്നത്. ഇതാദ്യമായാണ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം മലയാള സിനിമാ രംഗത്ത് നിന്ന് ഒരു നടന്‍ പ്രതിഷേധവുമായി പരസ്യമായി രംഗത്ത് വരുന്നത്. തങ്ങളുടേത് 5 വര്‍ഷത്തിന് ശേഷം വരുന്ന പ്രതിഷേധമല്ലെന്ന് രവീന്ദ്രന്‍ പറയുന്നു. ആദ്യമായി അതിജീവിതയ്ക്ക് വേണ്ടി രംഗത്ത് ഇറങ്ങിയത് പിടി തോമസ് ആയിരുന്നുവെന്നും ഇതേ ഗാന്ധി സ്‌ക്വയറില്‍ സത്യാഗ്രഹം നടത്തിയിരുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞു.

ഈ വിഷയം ജനശ്രദ്ധയില്‍പ്പെടുത്തിയതും അതിന്റെ ഗൗരവം അധികാരികളെ ബോധ്യപ്പെടുത്തിയതും പിടി തോമസ് ആയിരുന്നു. അതിന്റെ ഭാഗമായാണ് ഈ പ്രതിഷേധം. അഞ്ച് വര്‍ഷം നീണ്ട് നിന്ന ഒരു പോരാട്ടത്തിന്റെ രണ്ടാം ഭാഗമാണിത്. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം ആശങ്കപ്പെടുത്തുന്നതാണ്. അതിജീവിതയ്ക്ക് നീതി കിട്ടുമോ എന്നുളളതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്. നീതിയെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചത് ആരെല്ലാമാണോ അവരെല്ലാം ശിക്ഷിക്കപ്പെടേണ്ടതാണ്, രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.കേസ് അട്ടിമറി നീക്കത്തിനെതിരെ പരസ്യമായി പ്രതിഷേധിക്കാനുള്ള കൂട്ടായ്മയുടെ തീരുമാനത്തെ പ്രശംസിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

മലയാള സിനിമയില്‍ നിന്നും ആദ്യമായി ഒരു നടന്‍ അതിജീവിതയായ നടിക്ക് വേണ്ടി , സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി , കുറ്റകൃത്യം നടന്ന് അഞ്ചു വര്‍ഷത്തിന് ശേഷം തെരുവിലിറങ്ങുന്നുവെന്നായിരുന്നു രവീന്ദ്രനെ പ്രശംസിച്ച് ചലച്ചിത്ര നിരൂപകന്‍ പ്രേം ചന്ദ് ഫേസ്ബുക്കില്‍ കുറിച്ചത്.

പണ്ട് ഒരു ദില്ലി ഫിലിം ഫെസ്റ്റിവലില്‍ ( ഐ.എഫ്.എഫ്.ഐ. )ഒരു വിദേശ ഫെസ്റ്റിവല്‍ പ്രതിനിധി ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അതിനെതിരെ കറുത്ത ബാഡ്ജ് കുത്തിയുള്ള പ്രതിഷേധത്തിന് രവിയേട്ടന്‍ ഒപ്പം നിന്നിട്ടുണ്ട്. സിരിഫോര്‍ട്ടിലെ യന്ത്രത്തോക്കുകള്‍ക്ക് നടുവില്‍ അങ്ങിനെയൊരു പ്രതിഷേധം അന്ന് ഫെസ്റ്റിവലിന്റെ മുഖ്യാതിഥിയെപ്പോലും പത്രസമ്മേളനത്തില്‍ കറുത്ത ബാഡ്ജ് കുത്തിച്ചു. നീതിയുടെ ശബ്ദമായി അന്ന് ഫിലീം ഇന്റസ്ടിയില്‍ നിന്നും ഒരാള്‍ മാത്രമാണ് മുന്നിട്ടിറങ്ങിയത്. അതായിരുന്നു നടന്‍ രവീന്ദ്രന്‍.

ഈ വരുന്ന വെള്ളിയാഴ്ച എര്‍ണാകുളം ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ഏകദിന ഉപവാസം കേസ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്. അഡ്വ.എ. ജയശങ്കര്‍ ഉപവാസം ഉല്‍ഘാടനം ചെയ്യും. നടന്‍ രവീന്ദ്രനൊപ്പം സിനിമാ മേഖലയില്‍ നിന്നും ആരെങ്കിലും പങ്കെടുക്കുമോ എന്നു ഇനിയും വ്യക്തമല്ല. എങ്കിലും സാംസ്‌കാരിക ലോകത്ത് നിന്നും പിന്തുണ ഓരോ നിമിഷവും വളര്‍ന്നു വരുന്നതായി രവീന്ദ്രന്‍ പറയുന്നു.അല്ലെങ്കിലും ഈ പിന്തുണ എന്നൊക്കെ പറയുന്നത് അത്രമേല്‍ സുരക്ഷിതമായ അകലത്തിരുന്നു കൊണ്ടുള്ള പണിയായിരുന്നു എന്ന് സിനിമയെ അടക്കിഭരിക്കുന്ന സംഘടനകളും വ്യക്തികളും പലവട്ടം തെളിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പോരാട്ടത്തില്‍ അവള്‍ക്കൊപ്പം നിന്നവര്‍ പോലും തുരങ്കങ്ങള്‍ പണിത് മറുകണ്ടം ചാടി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. പരസ്യമായി അനുകൂലിക്കുകയും രഹസ്യമായി മറുപുറത്ത് ഐക്യപ്പെടുകയും ചെയ്യുന്ന ഇത്തരം ‘അനുകൂലശത്രുക്കള്‍ ‘ കൂടി പങ്കുചേര്‍ന്നാണ് കേസന്വേഷണം അട്ടിമറിച്ച് നീതിയെ ബലി കൊടുത്തു കൊണ്ടിരിക്കുന്നത്.

പണ്ടോറയുടെ പെട്ടി പോലെയാണ് നടി ആക്രമിക്കപ്പെട്ട കേസ്. അന്വേഷണം നീളും തോറും അത് ബഹുതല സ്പര്‍ശിയായി ചുരുളഴിയുകയാണ്. അത് എല്ലാ ആണധികാരങ്ങളെയും ഭയപ്പെടുത്തുന്നു എന്ന് പറയാതെ വയ്യ. കേസന്വേഷണം പ്രതിയുടെ വക്കീലിന്റെ കസ്റ്റഡിയിലുളള ഫോണ്‍ , കമ്പ്യൂട്ടര്‍ രേഖകളിലേക്ക് നീങ്ങിയാല്‍ അത് മറ്റു പല കേസുകളിലെയും അട്ടിമറി ശ്രമങ്ങള്‍ കൂടി വെളിച്ചത്ത് കൊണ്ടു വന്നേക്കാം എന്ന ആശങ്ക പല കുറ്റവാളികള്‍ക്കും ഉണ്ടാകുന്നത് സ്വാഭാവികം. തെളിവുകള്‍ അതിജീവിത തന്നെ ഹാജരാക്കി മുന്നിട്ടിറങ്ങുന്നതും ചരിത്രമാണ്.

നീതിക്കായി നടന്‍ രവീന്ദ്രന്റെ പോരാട്ടത്തിന് എല്ലാ പിന്തുണയും. അതിന് സമൂഹ മനസാക്ഷിയുടെ വലിയ പിന്തുണയുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. മാധ്യമങ്ങളും ലോകവും ഈ നിശബ്ദതയുടെ ലംഘനം കണ്ണുതുറന്നു കാണട്ടെ. നിശബ്ദരിലക്ക് ചോദ്യങ്ങള്‍ ഉയരട്ടെ. നടിയ്ക്ക് നീതി കിട്ടട്ടെ.

ABOUT RAVEENDRAN

AJILI ANNAJOHN :