പ്രശസ്ത നടന്‍ സലിം അഹമ്മദ് ഘൗസ്(70) അന്തരിച്ചു. മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. 1989ല്‍ ആയിരുന്നു സലിം ഘൗസ് സിനിമാഭിനയത്തിന് തുടക്കം കുറിച്ചത്. 1987ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ‘സുഭഹ്’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സലിം ഘൗസ് ശ്രദ്ധേയനാകുന്നത്.
പിന്നീട് ‘ഭാരത് ഏക് ഘോജ്’ എന്ന പരമ്പരയില്‍ ടിപ്പു സുല്‍ത്താന്‍ ആയി സലിം ഘൗസ് എത്തിയതും ജനശ്രദ്ധനേടി. പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത ‘വെട്രിവിഴ’ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ വില്ലനായി അദ്ദേഹം അഭിനയിച്ചു. 1990 ല്‍ മലയാള ചിത്രം താഴ്‌വാരത്തില്‍ രാഘവന്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
പിന്നീട് മലയാളത്തില്‍ ഉടയോന്‍ എന്ന സിനിമയിലും ശക്തമായ പ്രകടനം കാഴ്ചവെച്ചു. 1997ല്‍ കൊയ്‌ല എന്ന ഹിന്ദി സിനിമയില്‍ ഷാരൂക്ക് ഖാനോടൊപ്പം അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളില്‍ സലിം ഘൗസ് എത്തി.
1952 ചെന്നൈയില്‍ ആണ് സലിം അഹമ്മദ് ഘൗസ് ജനിച്ചത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ചെന്നൈയിലുള്ള ക്രൈസ്റ്റ് ചര്‍ച്ച് സ്‌കൂളിലും പ്രസിഡന്‍സി കോളേജിലുമായിരുന്നു. അനിത ഘൗസ് ആണ് ഭാര്യ.