തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പൊലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്; ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാര്‍ക്കുമല്ല; വിജയ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ യുവനടിയ്ക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ ഗുരുതര ആരോപണവമായി നടി രംഗത്തെത്തിയത്. വിഷയത്തില്‍ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെ വിജയ് ബാബുവില്‍ നിന്ന് നേരിട്ട ലൈംഗിക അതിക്രമത്തെ കുറിച്ച് പെണ്‍കുട്ടി തുറന്നെഴുതുകയും ചെയ്തിട്ടുണ്ട്.

സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയും ചെയ്തു കൊണ്ട് വിജയ് ബാബു തന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നെന്നും തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളില്‍ രക്ഷകനെപ്പോലെ പെരുമാറി, അതിന്റെ മറവില്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും പെണ്‍കുട്ടി പറഞ്ഞു.

രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചുകൊണ്ട് സ്ത്രീകളെ തന്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവര്‍ത്തനരീതി. തുടര്‍ന്നു മദ്യം നല്‍കി, അവശയാക്കി, അതിന്റെ ലഹരിയില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുകയായിരുന്നെന്നും പെണ്‍കുട്ടി പറയുന്നു
ഇപ്പോഴിതാ വിജയ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ യുവനടിയ്ക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത് .

ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണെന്നും പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും ശിക്ഷാര്‍ഹവുമാണെന്നും ഡബ്ല്യു.സി.സി പറഞ്ഞു.

മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണമാണ് ഇപ്പോള്‍ പരസ്യമാകുന്നതെന്നും കമ്മിറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍
ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ഡബ്ല്യു.സി.സി പറഞ്ഞു.

പ്രൊഫഷണല്‍ സമവാക്യങ്ങളുടെയും പ്രൊഫഷണല്‍ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നും ഡബ്ല്യു.സി.സി ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പൊലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാര്‍ക്കുമല്ല.ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്. ജുഡീഷ്യല്‍ പ്രക്രിയയിലേക്ക് സ്വയം സമര്‍പ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണ്.

വിഷയത്തില്‍ അധികാരികളോട് കര്‍ശന നടപടിയെടുക്കണമെന്ന് ഡബ്ല്യു.സി.സി അഭ്യര്‍ത്ഥിക്കുകയാണെന്നും മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാര്‍ദ്ദമാക്കുമെന്നും പ്രതീക്ഷിക്കുകയാണെന്നും ഡബ്യു.സി.സി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു

.ഡബ്ല്യു.സി.സിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോള്‍ പരസ്യമാകുന്നു.
കമ്മറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

പ്രൊഫഷണല്‍ സമവാക്യങ്ങളുടെയും പ്രൊഫഷണല്‍ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു.

തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പൊലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല.

ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്. ജുഡീഷ്യല്‍ പ്രക്രിയയിലേക്ക് സ്വയം സമര്‍പ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു.

അധികാരികളോട് കര്‍ശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യര്‍ത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാര്‍ദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

about wcc

AJILI ANNAJOHN :