സിനിമയിൽ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു ; ഇതിൽ ഇര ശരിക്കും താൻ, അർദ്ധരാത്രിയിൽ ലൈവിൽ എത്തി വിജയ് ബാബുവിന്റെ തുറന്ന് പറച്ചിൽ

മലയാള സിനിമയിൽ ആക്കെ കോളിളക്കം ഉണ്ടാക്കിയ നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലെത്തി നിൽക്കേ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് കഴിഞ്ഞു ദിവസം പുറത്തു വന്നത് .നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും കേസും. എറണാകുളം സൗത്ത് പൊലീസാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് വിജയ് ബാബുവിനെതിരായ പരാതി.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇപ്പോൾ പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ തുറന്നടിച്ചിരിക്കുകയാണ് വിജയ് ബാബു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിയതിനൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്.

2018 മുതൽ ഈ കുട്ടിയെ അറിയാം. അഞ്ച് വർഷത്തെ പരിചയത്തിൽ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വർഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. ഈ കേസിൽ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും വിജയ് ബാബു ലൈവിൽ പറഞ്ഞു.

അതേസമയം, വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. നടനായി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്. 1983 ൽ സൂര്യൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്. അതേസമയം മുൻകൂർ ജാമ്യത്തിന് വിജയ് ബാബു ശ്രമം തുടങ്ങിയെന്ന് സൂചനയുണ്ട്. താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് വിജയ് ബാബു. കേസെടുത്ത സാഹചര്യത്തിൽ വിജയ് ബാബുവിനെ സംഘടനയിൽ നിന്ന് പുറത്താക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ ദിലീപിനെ സംഘടനയിൽ നിന്നും മാറ്റിയിരുന്നു. ഇത് ഏറെ ചർച്ചയായിരുന്നു.

അമ്മ തെരഞ്ഞെടുപ്പിൽ വിജയ് ബാബു വിമതനായാണ് മത്സരിച്ച് ജയിച്ചത്. മോഹൻലാലിന്റെ പാനലിനെ തോൽപ്പിച്ചാണ് ജയിച്ചത്. എന്നാൽ ജയിച്ച ശേഷം മോഹൻലാലിനോട് ചേർന്ന് പ്രവർത്തിക്കുകയായിരുന്നു വിജയ് ബാബു. അതുകൊണ്ട് തന്നെ അമ്മ എടുക്കുന്ന നിലപാട് നിർണ്ണായകമാകും.

about vijay babu

AJILI ANNAJOHN :