ഇത് ഒരു മനോഹരമായ സിനിമയാണ്, ചെയ്യുന്നെങ്കില്‍ പെട്ടെന്ന് ചെയ്യണം, എനിക്ക് വയസ്സായി കൊണ്ടിരിക്കുകയാണ്’ എന്നാണ് സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ശോഭന എന്നോട് പറഞ്ഞത്. ; പുതിയ ചിത്രത്തെ കുറിച്ച് റസൂല്‍ പൂക്കുട്ടി

ചലച്ചിത്ര മേഖലയിലെ ലോകോത്തര പുരസ്‌കാരമായ ഓസ്‌കാര്‍ നേടിയ മലയാളിയാണ് റസൂല്‍ പൂക്കുട്ടി.1997ല്‍ പുറത്തുവന്ന പ്രൈവറ്റ് ഡിക്ടറ്റീവ് എന്ന ചിത്രത്തിനായിരുന്നു ആദ്യമായി ശബ്ദ രൂപകല്‍പന നിര്‍വ്വഹിച്ചത്. 2005ല്‍ പുറത്തുവന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ബ്ലാക്ക് എന്ന ബോളിവുഡ് ചിത്രം റസൂല്‍ പൂക്കുട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ വഴിത്തിരിവായി. തുടര്‍ന്ന് മുസാഫിര്‍, സിന്‍ഡ, ട്രാഫിക് സിഗ്നല്‍, ഗാന്ധി മൈ ഫാദര്‍, സവാരിയ, ദസ് കഹാനിയാന്‍, പഴശ്ശിരാജ, എന്തിരന്‍ തുടങ്ങിയ ചിത്രങ്ങളുടെ ശബ്ദ സംവിധാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.ഡേവിഡ് ബോയല്‍ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയര്‍ എന്ന ഇംഗ്ലീഷ് ചിത്രം റസൂലിന് നേടിക്കൊടുത്തത് ഓസ്‌കാര്‍ അടക്കം നിരവധി ലോകോത്തര ബഹുമതികളാണ്.

റിച്ചാര്‍ഡ് പ്രൈക്, ഇയാന്‍ ടാപ് എന്നിവര്‍ക്കൊപ്പമാണ് ശബ്ദ മിശ്രണത്തിനുള്ള 2009ലെ ഓസ്‌കാര്‍ പുരസ്‌കാരം റസൂല്‍ പൂക്കുട്ടി പങ്കിട്ടത്.ഇപ്പോഴിതാ ശോഭനയെ നായികയാക്കി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും, എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ആ സിനിമ നടന്നില്ലെന്നും റസൂല്‍ പൂക്കുട്ടി.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ശോഭനയെ നായികയാക്കി തീരുമാനിച്ചിരുന്ന ചിത്രത്തെ കുറിച്ചും അത് നടക്കാതെ പോയതിനെ കുറിച്ചുമൊക്കെ റസൂല്‍ പൂക്കുട്ടി സംസാരിച്ചത്.

ദുല്‍ഖര്‍ സല്‍മാന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ വളരെ മുമ്പ് തന്നെ ശോഭന എന്റെ ഒരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു. ഒറ്റ് എന്ന സിനിമയല്ലാതെ വേറെ ഒരു സിനിമയുടെ തിരക്കഥ ഞാന്‍ ശോഭനയോട് പറഞ്ഞിരുന്നു. എന്റെ ജീവിതത്തില്‍ നിന്ന് തന്നെയുള്ള ഒരു സംഭവമെടുത്ത് ഞാന്‍ വികസിപ്പിച്ചെടുത്ത കഥയാണത്.

റഹ്‌മാന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ എന്നെ വഴക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ് അതാണ് ഞാന്‍ ആദ്യം ചെയ്യേണ്ട സിനിമ എന്ന് പറഞ്ഞ്. ചില നിമിത്തങ്ങളനുസരിച്ചേ അത് നടക്കുള്ളു. അതൊരു അതിമനോഹരമായ കഥയാണ്.ആ സിനിമ നടക്കും. സ്ലംഡോഗ് പോലെയൊക്കെയുള്ള ഒരു സിനിമയാണ് അത്. ആ ചിത്രത്തിന് എന്റെ കൂടെ നില്‍ക്കാന്‍ ഒരു ഇന്റര്‍നാഷണല്‍ നിര്‍മാതാവിനെ ആവശ്യമാണ്. അങ്ങനെ വന്നെങ്കില്‍ മാത്രമേ എനിക്ക് അത് ചെയ്യാന്‍ പറ്റുള്ളു.

പിന്നെ ഞാന്‍ അന്ന് കണ്ട കേരളത്തിന്റെ ഭൂപ്രകൃതി ഇന്നില്ല. ഇന്ന് ഒരുപാട് കെട്ടിടങ്ങള്‍ വന്നു, എവിടെ നോക്കിയാലും ഏഷ്യന്‍ പേയ്ന്റ്സിന്റെ പരസ്യം പോലെ ക്യാമറ എങ്ങോട്ട് തിരിച്ചാലും കളര്‍ഫുള്ളാണ്. അതല്ല ഞാന്‍ ജനിച്ച് വളര്‍ന്ന കേരളം. ഞാന്‍ കണ്ട കേരളവും അങ്ങനെയല്ല. ഒരുപക്ഷേ അട്ടപ്പാടിയിലൊക്കെ പോയാല്‍ ഉണ്ടാവും. അത് പോലുള്ള സ്ഥലങ്ങള്‍ അന്വേഷിക്കണം. അല്ലെങ്കില്‍ ആ സിനിമ ശ്രീലങ്കയില്‍ ഷൂട്ട് ചെയ്യേണ്ടി വരും,” റസൂല്‍ പൂക്കുട്ടി പറഞ്ഞു.‘ഇത് ഒരു മനോഹരമായ സിനിമയാണ്. ചെയ്യുന്നെങ്കില്‍ പെട്ടെന്ന് ചെയ്യണം, എനിക്ക് വയസ്സായി കൊണ്ടിരിക്കുകയാണ്’ എന്നാണ് ഈ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ശോഭന എന്നോട് പറഞ്ഞത്. ഈ സിനിമയില്‍ ശോഭനയും ഒരു കുട്ടിയും മാത്രമുള്ളു. അധികം കഥാപാത്രങ്ങളില്ല,” റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.

‘ഒറ്റ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് റസൂല്‍ പൂക്കുട്ടി. ശോഭന, രോഹിണി, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, സത്യരാജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ABOUT RASOOL POOKUTTY

AJILI ANNAJOHN :