മറച്ചുവെയ്ക്കുന്നില്ല; 2 വർഷങ്ങൾക്ക് ശേഷം സന്തോഷ വാർത്തയുമായി സ്വാസിക

ഇന്ദ്രന്റെ സ്നേഹനിധിയായ ഭാര്യയായി മലയാളി മനസിനെ ആകർഷിക്കുകയായിരുന്നു സ്വാസിക വിജയ്. വളരെ പെട്ടന്നായിരുന്നു മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് സ്വാസിക ചേക്കേറിയത്. സിനിമയെന്നോ സീരിയൽ എന്നോ വ്യത്യാസമില്ലാതെ അവസരങ്ങൾ തേടിയെത്തുകയായിരുന്നു

കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്.കേരള സംസ്ഥാന സർക്കാരിൻ്റെ അൻപതാമത് ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സ്വഭാവനടിയ്ക്കുള്ള പുരസ്കാരം സ്വാസികയ്ക്കായിരുന്നു. വാസന്തി എന്ന സിനിമയ്ക്കാണ് പുരസ്‌കാരം തേടിയെത്തിയത്. ഇപ്പോൾ ഇതാ സീ കേരളം ചാനലിൽ മനം പോലെ മംഗല്യം എന്ന സീരിയലിലൂടെ രണ്ട് വര്‍ഷത്തിനുശേഷം മിനി സ്ക്രീനിലേക്ക് തിരിച്ചെത്തുകയായണ് സ്വാസിക. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സ്വാസിക സീരിയൽ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്

‘വർഷങ്ങളായി മലയാള സീരിയലുകളിൽ കണ്ടു വരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാതന്തുവാണ് മനംപോലെ മംഗല്യത്തിന്‍റേത്. സാധാരണമായി കണ്ടുവരുന്ന സീരിയലുകളിലെപ്പോലെ അമ്മായിമ്മ-മരുമകൾ, ഭാര്യ-ഭർത്താവ് കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഈ കാലഘട്ടത്തിനു യോജിക്കുന്ന രീതിയിൽ പുരോഗമനപരമായ ആശയം പങ്കുവെക്കുന്ന ഒരു കഥയാണ് മനംപോലെ മംഗല്യത്തിന്‍റേതെന്ന് സ്വാസിക പറയുന്നു . പ്രണയത്തിനു അതിർവരമ്പുകളില്ല. പ്രായത്തിനും സൗന്ദര്യത്തിനുമൊക്കെ അതീതമായി പ്രണയത്തിനുള്ള സ്വാഭാവികത മനസ്സിലാക്കേണ്ടതാണ്. കുറച്ച പ്രായമായിക്കഴിഞ്ഞതിനു ശേഷം രണ്ടു പേർ പ്രണയിക്കുന്നു എന്നത് വളരെ മനോഹരമായാണ് ഈ സീരിയലിൽ ചിത്രീകരിച്ചിരിക്കുന്നത്.

മുൻപ് ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ കൂടുതലും എന്‍റെ യാഥാർഥ്യങ്ങളിൽ നിന്നും മാറി ഒരു കണ്ണീർ നായിക ഇമേജുള്ളവയായിരുന്നു. പക്ഷെ ഈ സീരിയലിൽ ഈ കാലഘട്ടത്തിനു യോജിക്കുന്ന ചിന്തകളും തീരുമാനങ്ങളും ഉള്ള രസകരമായ ഒരു കഥാപാത്രമാണുള്ളത്. സീരിയലുകളിൽ അങ്ങനെയൊരു കഥാപാത്രം കിട്ടുക എന്നത് വളരെ അപൂർവ്വമാണ്. മലയാള സീരിയൽ ചരിത്രത്തിൽ ഇങ്ങനൊരു കഥ ഇത് വരേയും വന്നിട്ടില്ലെന്നന്നെ സ്വാസിക പറയുന്നത്

ഞാൻ ചെയ്തു വരുന്ന കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണ് മനം പോലെ മംഗല്യത്തിലേത്. അത് കൊണ്ട് തന്നെ പ്രേക്ഷകർ ഈ കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷയുണ്ട്. കൂടുതൽ പേർക്കും നാടൻ കഥാപാത്രമായി എന്നെക്കാണാനാണ് ഇഷ്ടം. പക്ഷെ അതിൽ നിന്നൊക്കെ വ്യത്യസ്തമായാണ് എന്‍റെ കഥാപാത്രത്തെ ഈ സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും സ്വാസിക പറയുന്നു

രണ്ട് വർഷത്തിന് ശേഷമാണ് ഞാൻ വീണ്ടും സീരിയൽ ചെയ്യുന്നത്. തീർച്ചയായും നല്ലൊരു കഥയ്ക്ക് വേണ്ടി കാത്തിരിക്കുയായിരുന്നു. സീരിയലുകളുടെ മേന്മ എന്തെന്നാൽ അതിലെ കഥാപാത്രങ്ങൾ എന്നും എപ്പോഴും ആൾക്കാരുടെ മനസ്സിൽ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇടവേള എടുത്തു എന്ന് തോന്നുന്നില്ല. കൂടാതെ എന്‍റെ ആദ്യ സീരിയലിന്‍റെ ഡയറക്ടറും ഗുരുവും കൂടിയായ എ എം നസീർ സാറിന്‍റെ സീരിയലിൽ കൂടെ തന്നെ തിരിച്ചു വരാൻ സാധിച്ചതിൽ വളരെയേറെ സന്തോഷമുണ്ട്

അതെ സമയം ഈ വർഷത്തെ സംസഥാന അവാർഡ് ലഭിച്ചതിന്റെ സന്തോഷവും സ്വാസിക പങ്കുവെച്ചു. ഒക്ടോബർ 13 രാവിലെ 10:30 നു സംസ്ഥാന അവാർഡ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കുന്ന ആ നിമിഷം എന്നും പ്രിയപ്പെട്ടതായിരിക്കും. ശരിക്കും അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമായിരുന്നു . ഞങ്ങളുടെ സിനിമയ്ക്കു 3 അവാർഡുകൾ കിട്ടി. നല്ലൊരു കാര്യമാണ് സംഭവിച്ചത്. അവാർഡ് കിട്ടി എന്നത് കൊണ്ട് ജീവിത ശൈലിയിൽ വലിയ മാറ്റങ്ങൾ ഒന്നുമുണ്ടായിട്ടില്ല. വാക്കുകളിൽ പ്രകടിപ്പിക്കാവുന്നതിനപ്പുറമുള്ള ഒരു അനുഭവമായിരുന്നു എനിക്കത്. ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനൊരു അംഗീകാരം ലഭിച്ചപ്പോൾ ഒരുപാട് സന്തോഷമായി. ഒരുപാട് പേര് വിളിക്കുന്നു, അഭിനന്ദിക്കുന്നു ശരിക്കും ഒരു സ്വപ്നലോകത്തിൽ നിൽക്കുന്ന പോലെയുള്ള അനുഭവമായിരുന്നു അത്.

Noora T Noora T :