ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു… നീതി നടപ്പിലാകും എന്ന പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു. കാരണം ഇത് ആണുങ്ങളുടെ ലോകമാണ്.! ഈ കോടതികളൊന്നും അവസാനവാക്കല്ല… ഞങ്ങൾ പോരാട്ടം തുടരും, കഥകളിൽ എന്ന പോലെ എന്നും രാക്ഷസൻ തന്നെ ജയിച്ചു കൊള്ളണമെന്നില്ലല്ലോ; ദീദി ദാമോദരന്‍

നടിയെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കേ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയത് വിവാദമായിരിക്കുകയാണ്. കാവ്യാ മാധവനെ ചോദ്യം ചെയ്യല്‍ അടക്കമുളള നിര്‍ണായക നീക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് തലപ്പത്തുളള അഴിച്ച് പണി. പ്രതികളെ രക്ഷിക്കാനുളള നീക്കമാണ് ഇതെന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. നിരവധി പേർ ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

ദീദി ദാമോദരന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

” പതിവ് പോലെ എനിക്ക് ഞെട്ടലില്ല, ഖേദമേയുള്ളു. കേസന്വേഷണം തീരാനുകുന്നതിന് തൊട്ടു മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനെ തൽസ്ഥാനത്ത് നിന്നും മാറ്റുക – ഈ പതിവ് മാതൃക നടി ആക്രമിക്കപ്പെട്ട കേസിലും ആവർത്തിച്ചിരിക്കുന്നു. അധികാരത്തിന്റെ കീഴ് വഴക്കങ്ങളൊന്നും തെറ്റിക്കരുതല്ലോ. പ്രബലർ കുറ്റവാളികളായി വരുന്ന ഏത് കേസിലും ഇത് സ്വാഭാവികം. ഓർമ്മയിൽ ഐസ്ക്രീം പാർലർ കേസ് മുതൽ ഇതു കണ്ടതാണ്. പിന്നെ നീതി മുഖം മൂടിയിട്ട എത്രയോ കേസുകൾ.

കഴിഞ്ഞ അഞ്ചു വർഷമായി ഒരു കലാകാരി ആക്രമിക്കപ്പെട്ട കേസിൽ നീതി നടപ്പാക്കും എന്ന തോന്നൽ പലവുരു ഉളവാക്കി. ലോകം മാറിപ്പോയോ എന്ന് നമ്മൾ അതിശയം കൊണ്ടു. എന്നാൽ ആചാരം തെറ്റിക്കാതെ നമ്മുടെ അധികാര ചരിത്രത്തിൽ കൊടിയ അന്യായങ്ങൾ ചൂട്ടുപിടിയ്ക്കുന്നത് നാം വീണ്ടും കണ്ടു . ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു. നീതി നടപ്പിലാകും എന്ന പ്രതീക്ഷ അസ്തമിച്ചു കഴിഞ്ഞു. കാരണം ഇത് ആണുങ്ങളുടെ ലോകമാണ്.കോടതിയിലായാലും പോലീസിലായാലും രാഷ്ട്രീയ പാർട്ടിയിലായാലും.

അതുകൊണ്ടാണ് നീതിയുടെ ഉന്മൂലനം പ്രതികളുടെ അവകാശമായി മാറുന്നത്. അതിനായി ചാനൽ ചർച്ചകളിൽ പോലും നീതിയുടെ വായടപ്പിക്കാൻ അനീതിക്ക് കപ്പം വാങ്ങിയവരുണ്ടാകുന്നത്. ആരുമെന്താ ഒന്നും മിണ്ടാതിരിക്കുന്നത് എന്ന് കേരളത്തിലെ വിരലിലെണ്ണാവുന്ന സ്ത്രീകളോട് തന്നെ നിരന്തരം ചോദ്യം ചോദിക്കുന്നതിലാണ് സമൂഹത്തിന്റെ ആനന്ദം. അതൊന്നും നമ്മെ കാലാകാലമായി ഭരിക്കുന്ന ആൺരാഷ്ട്രീയ പാർട്ടികളുടെയോ സിനിമകക്കത്തും പുറത്തുമുള്ള സാംസ്കാരിക നായകരുടെയോ സംഘടനാ പ്രമാണികളുടെയോ ചുമതലയല്ല എന്നാണ് ഇവർക്ക് തോന്നുന്നത്.

നല്ല കാര്യം. അതിനോടൊക്കെ ഒരു നല്ല നമസ്കാരമേ പറയാനുള്ളൂ. എത്ര മൂടി വച്ചാലും സത്യം പുറത്തു വന്നുകൊണ്ടേയിരിക്കും , നീതി നടപ്പായാലും ഇല്ലെങ്കിലും. അത് കനൽ പോലെ ജ്വലിക്കും. അന്യായങ്ങൾ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. അത് അധികാരികൾക്ക് സ്വസ്ഥത തരില്ല. നിശബ്ദതയുടെ പ്രവാഹം ലംഘിച്ച് സത്യം വിളിച്ചു പറയുന്ന ഒരു ആനിരാജയും കെ.കെ.രമയും , നിതാന്ത പോരാളിയായി കെ. അജിതയുമുണ്ടായില്ലേ. അതാണ് ലിംഗ രാഷ്ട്രീയം .

അത് എല്ലാ വ്യവസ്ഥാപിത പാർട്ടികളുടെയും ഹൃസ്വദൃഷ്ടികൾക്കപ്പുറത്താണ്. അതിലാണ് പ്രത്യാശ, അതാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത് . ലിംഗനീതി കെട്ടുപോകാത്ത കാലത്തോളം അതിനങ്ങിനെ മണ്ണിട്ട് മൂടാമെന്ന് ആരും വ്യാമോഹിയ്ക്കേണ്ട . ഈ കോടതികളൊന്നും അവസാനവാക്കല്ല. ഞങ്ങൾ പോരാട്ടം തുടരും. കഥകളിൽ എന്ന പോലെ എന്നും രാക്ഷസൻ തന്നെ ജയിച്ചു കൊള്ളണമെന്നില്ലല്ലോ #അവൾക്കൊപ്പം”.

Noora T Noora T :