അപ്പൂപ്പാ, എനിക്ക് അപ്പൂപ്പന്റെ ആ നിക്കറൊന്ന് ഊരിത്തരുമോ? എന്റെ ചോദ്യം കേട്ട് അങ്ങേരെന്നെ സൂക്ഷിച്ചുനോക്കിയിട്ട് പോടാ എന്നു പറഞ്ഞ് ആട്ടിയോടിച്ചു; സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും വ്യത്യസ്ത്യങ്ങളായ കഥാപാത്രങ്ങളായി നിറഞ്ഞ് നില്‍ക്കുന്ന താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. മിമിക്രി താരമായി കരിയര്‍ തുടങ്ങിയ താരം ഇന്ന് നിരവധി കഥാപാത്രങ്ങളെയാണ് അവസ്മരണീയമാക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ഒരു സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുന്നത്. അത് അടുത്തുള്ള ഒരമ്പലത്തില്‍ വെച്ചായിരുന്നു. അന്ന് ദൂരദര്‍ശനിലൊക്കെ പരസ്യമായി കാണിച്ചിരുന്ന കിറ്റെക്‌സ് ലുങ്കിയുടെ പരസ്യത്തിന്റെ പാരഡി ഗാനം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ആ പാട്ടിനെ കോമഡിയാക്കി നിക്കറിട്ടു വാ എന്നു മാറ്റി പാടുകയായിരുന്നു.

എന്നാല്‍ പരിപാടി അവതരിപ്പിക്കാന്‍ നോക്കുമ്പോള്‍ പ്രധാന പ്രോപ്പര്‍ട്ടിയായ നിക്കറില്ല. സ്റ്റേജിന്റെ പരിസരത്തൊക്കെ അന്വേഷിച്ചു, അങ്ങനെയിരിക്കുമ്പോഴാണ് അമ്പലത്തില്‍ ഒരു അപ്പൂപ്പന്‍ കുനിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കുന്നത് കാണുന്നത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ അങ്ങേര്‍ ഒരു പാളക്കരയന്‍ നിക്കറാണ് ഇട്ടിരിക്കുന്നത്.

എനിക്കു പ്രോപ്പര്‍ട്ടിയാക്കാന്‍ പറ്റിയ വെളളയില്‍ നീലവരയുള്ള പാളക്കരയന്‍ നിക്കറായിരുന്നു അത്. ഞാന്‍ നൈസായിട്ട് അടുത്ത് ചെന്ന് ചോദിച്ചു’ അപ്പൂപ്പാ, എനിക്ക് അപ്പൂപ്പന്റെ ആ നിക്കറൊന്ന് ഊരിത്തരുമോ? എന്റെ ചോദ്യം കേട്ട് അങ്ങേരെന്നെ സൂക്ഷിച്ചുനോക്കിയിട്ട് പോടാ എന്നു പറഞ്ഞ് ആട്ടിയോടിച്ചു. പിന്നെ ഞാന്‍ വേറൊരാളെക്കൊണ്ട് അപ്പൂപ്പന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. ഒടുവില്‍ എനിക്ക് സാധനം കിട്ടി.

എന്നിട്ട് ആ അപ്പൂപ്പന്‍ എന്റെ നിക്കര്‍ എപ്പോള്‍ കിട്ടും എന്ന മുഖഭാവവുമായി പരിപാടി കാണാനായി പുറകില്‍ പോയി നില്‍ക്കുകയാണ്. ഞാന്‍ നിക്കറൊക്കെ ഇട്ട് പരിപാടി നടത്തി, കുറേ കൈയടിയും കിട്ടി. പരിപാടി കഴിഞ്ഞപ്പോള്‍ ഞാന്‍ ഈ നിക്കറിന്റെ കാര്യം മറന്നുപോയി. അയാള്‍ പിന്നാലെ വന്ന് എടാ നീ പോയാലെങ്ങനെയാ എന്റെ നിക്കറെവിടെ, എന്റെ നിക്കര്‍ ഊരിത്താടാ എന്നൊക്കെ പറഞ്ഞ് വലിയ ബഹളം. ഒടുവില്‍ അതെങ്ങനെയോ പരിഹരിച്ചുവെന്നാണ് താരം പറയുന്നത്.

Vijayasree Vijayasree :