യഥാര്‍ത്ഥ ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത സിനിമകള്‍ കാണാനാണ് ബോളിവുഡ് ആരാധകര്‍ ഇഷ്ടപ്പെടുന്നത്; ഇപ്പോള്‍ ഹിറ്റുകളായി മാറുന്ന സിനിമകളില്‍ താന്‍ നിരാശനാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് നവാസുദ്ദീന്‍ സിദ്ദിഖി. സമകാലിക വിഷയങ്ങളിലെല്ലാം തന്നെ തന്റെ അഭിപ്രായം പങ്കുവെച്ച് എത്താറുള്ള അദ്ദേഹത്തിന്റെ വാക്കുകളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഹിറ്റുകളായി മാറുന്ന സിനിമകളില്‍ താന്‍ നിരാശനാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം.

മഹാമാരി കാരണം പ്രേക്ഷകരുടെ അഭിരുചിയില്‍ പുരോഗമനം ഉണ്ടാകുമെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയങ്ങളായി മാറുന്ന സിനിമകള്‍ പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും അങ്ങനെ തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘യഥാര്‍ത്ഥ്യ ബോധം ഉള്ള സിനിമകളേക്കാള്‍ വാണിജ്യ സിനിമകളെയാണ് ബോളിവുഡ് എപ്പോഴും ഇഷ്ടപ്പെടുന്നത്.

ഈ വാണിജ്യ ബിഗ് ബജറ്റ് സിനിമകള്‍ കാരണം, നല്ല ചെറിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് വെല്ലുവിളിയായി മാറുന്നു. ആളുകള്‍ അത് കാണാന്‍ വരുന്നില്ല, ഇത് അവരുടെ ബോക്സ് ഓഫീസ് വരുമാനത്തെ ബാധിക്കുന്നു.

യഥാര്‍ത്ഥ ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത സിനിമകള്‍ കാണാനാണ് ബോളിവുഡ് ആരാധകര്‍ ഇഷ്ടപ്പെടുന്നത്. ശത്രുവിനെ നായകന്‍ ഒരടി അകലത്തില്‍ നിന്നും അടിക്കുന്നതും, അവനെ പറപ്പിക്കുന്നതും അവിശ്വസനീയമായ ഒരു ലോകത്തേക്ക് അവരെ കൊണ്ടുപോകുന്നതും ഒക്കെയായ സിനിമകള്‍ കാണാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്’ എന്നും നവാസുദ്ദീന്‍ സിദ്ദിഖി പറയുന്നു.

Vijayasree Vijayasree :