ഇത് നടിയെ ആക്രമിച്ച കേസല്ല, നീതിയെ ആക്രമിച്ച കേസാണ്; വായതുറക്കാതിരിക്കുന്നതുകൊണ്ട് താമ്രപത്രങ്ങള്‍ വാങ്ങിക്കൂട്ടുന്ന എല്ലാ മഹാത്മാക്കള്‍ക്കും ഈ ചോരയില്‍ പങ്കുണ്ട് ; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു !

നടിയെ ആക്രമിച്ച കേസ് നിർണയ ഘട്ടത്തിൽ എത്തിനിൽകെ അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്തിന്റെ സ്ഥാനമാറ്റം വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഓഫീസറായ ശ്രീജിത്തിനെ മാറ്റിയത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് എന്നാണ് വിമര്‍ശനം. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ ഈ അഭിപ്രായം മുന്നോട്ടുവച്ചു. എന്നാല്‍ കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ഇപ്പോഴത്തെ മാറ്റത്തില്‍ യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും വാദിക്കുന്നു.

പ്രതികള്‍ ശക്തരാണെന്നും അവര്‍ക്ക് ഓഫീസര്‍മാരെ മാറ്റുന്നതിന് സാധിക്കുമെന്നും ഈ കളിയാണ് നടന്നിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പേര്‍ അഭിപ്രായപ്പെടുന്നു. ഇനി എന്റെ ഉണര്‍ത്തുപാട്ടില്ല എന്ന് സൂചിപ്പിച്ച് മൈനയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് മാറ്റത്തിന് പിന്നിലെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്നാണ് ഇതുവരെ കരുതിയതെന്ന് നടന്‍ പ്രകാശ് ബാരെ പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍ പ്രതികരിച്ചു. ഏതോ ഒരാള്‍ എഴുതിയ തിരക്കഥയാണ് ഈ കേസ്. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ ശേഷം ആദ്യമെടുത്ത തീരുമാനമാണിത്. സര്‍ക്കാര്‍ ആര്‍ക്കൊപ്പം എന്ന് വ്യക്തമായി എന്നും നുസൂര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ധാരണയാണ് ഇതുവരെയുണ്ടായിരുന്നത്. കാര്യങ്ങള്‍ അങ്ങനയല്ല എങ്കില്‍ തെരുവിലിറങ്ങേണ്ടി വരും. കോടതി അനുവദിച്ച ശേഷവും പിറകില്‍ നിന്നുള്ള ഈ കുത്ത് അപ്രതീക്ഷിതമാണ്- നടന്‍ പ്രകാശ് ബാരെ പറഞ്ഞു. സിനിമയിലെ അധോലോക മാഫിയയെ ഇടതുസര്‍ക്കാരിനും ഭയമാണെന്ന തോന്നലുണ്ടാക്കുന്നുവെന്ന് സംവിധായകന്‍ ഒകെ ജോണി പറഞ്ഞു.

മരക്കൊമ്പിലിരിക്കുന്ന മൈനയുടെ ചിത്രം പങ്കുവച്ച് വ്യത്യസ്തമായ പ്രതികരണമായിരുന്നു സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റേത്- ‘കേരളം മാഫിയയുടെ പിടിയിലാണ് എന്ന എന്റെ ഉണര്‍ത്തുപാട്ട് ഇവിടെ അവസാനിപ്പിക്കുകയാണ്. എല്ലാവരും ഉണര്‍ന്ന് നോക്കി മാഫിയയെ സ്വീകരണമുറിയില്‍ ആനയിച്ചിരുത്തി ചായസല്‍ക്കാരം നടത്തുമ്പോള്‍ ഇനിയും ഇങ്ങനെ കൂവിക്കൊണ്ടിരുന്നാല്‍ എനിക്ക് പ്രാന്താണെന്ന് എനിക്ക് തന്നെ തോന്നിപ്പോവും’.


എന്തായാലും ഒരുകാര്യം ഞാന്‍ പറയാം, ഇത് നടിയെ ആക്രമിച്ച കേസല്ല, നീതിയെ ആക്രമിച്ച കേസാണ്. വായതുറക്കാതിരിക്കുന്നതുകൊണ്ട് താമ്രപത്രങ്ങള്‍ വാങ്ങിക്കൂട്ടുന്ന എല്ലാ മഹാത്മാക്കള്‍ക്കും ഈ ചോരയില്‍ പങ്കുണ്ട്. അപ്പോള്‍ ശരി! മാഫിയ കനിഞ്ഞരുളുന്ന താമ്രപത്രങ്ങള്‍ക്കായി എന്റെ കൈ നീളുകയില്ലെങ്കിലും അരിക്കുള്ള വഴി ഞാനും നോക്കണമല്ലോ!’- ഇങ്ങനെയാണ് സനല്‍കുമാറിന്റെ എഫ്ബി പോസ്റ്റ് അവസാനിക്കുന്നത്.അതേസമയം, ഇപ്പോഴത്തെ മാറ്റം ദിലീപല്ല നടപ്പാക്കിയത് എന്നായിരുന്നു അഡ്വ. ശ്രീജിത് പെരുമനയുടെ പ്രതികരണം. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം…

എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് ഒരുപാട് സുഹൃത്തുക്കള്‍ അറിയിക്കുന്നു. അവരോടായി പറയട്ടെ,
ക്രൈംബ്രാഞ്ച് മേധാവിയുടെ ഈ കേസിലെ ഇടപെടലും ബാലചന്ദ്രകുമാറുമായുള്ള ബന്ധവുമെല്ലാം എട്ടാം പ്രതി രേഖമൂലം ബഹു ഹൈക്കോടതിയെയും, സംസ്ഥാന ഡീജിപിയെയും അറിയിച്ചിട്ടുണ്ട്.ഇപ്പോഴുള്ള മാറ്റം ദിലീപല്ല നടപ്പാക്കിയത്, സര്‍ക്കാരാണ്.

ദിലീപിനെതിരെ നിരവധി അനവധി ഹര്‍ജിജികളുമായി എന്നും കോടതിയിലെത്തുന്ന അതേ സര്‍ക്കാര്‍
എട്ടാം പ്രതിയെ സംബന്ധിച്ച് ശ്രീജിത്ത് എന്നല്ല സിബിഐ യോ ഇന്റര്‍പോളോ വരണം എന്നാണ് ആഗ്രഹം.. ആവശ്യം.. അങ്ങനെയുള്ളപ്പോള്‍ മടിയില്‍ കനമില്ലാത്തവന് വഴിയില്‍ ആരെ ഭയക്കാന്‍..

അന്നും ഇന്നും എട്ടാം പ്രതിയുടെ ആവശ്യം കേസിലെ വിചാരണ, കോടതിയില്‍ നടത്തണം, ആള്‍ക്കൂട്ട വിചാരണയോ മാധ്യമ വിചാരണയോ പാടില്ല എന്നത് മാത്രമാണ്. പുതിയ ക്രൈംബ്രാഞ്ച് മേധാവിക്കും, പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും ആശംസകള്‍..
ഇരക്കും, ഇരയാക്കപ്പെട്ടവര്‍ക്കും നീതി ലഭിക്കട്ടെ, യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ
അഡ്വ ശ്രീജിത്ത് പെരുമന.

about dileep

AJILI ANNAJOHN :