നീണ്ട ഇടവേളക്ക് ശേഷം മീര ജാസ്മിന്റെ വന്‍ തിരിച്ച് വരവ് പ്രതീക്ഷിക്കുന്ന ചിത്രമാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകള്‍. അന്ന് പോയതിലും ഭംഗിയായിട്ടാണ് മീര ഇപ്പോള്‍ തിരിച്ച് വന്നിരിയ്ക്കുന്നത് എന്ന് ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും ട്രെയിലറും കണ്ടപ്പോള്‍ തന്നെ വ്യക്തമായതാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, മീര ജാസ്മിന്‍ എന്ന നടിയെ കുറിച്ച് സത്യന്‍ അന്തിക്കാട് വാചാലനായി. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ.
ഒരുപാട് പ്രത്യേകതയുള്ള നടിയാണ് എന്നെ സംബന്ധിച്ച് മീര ജാസ്മിന്‍. മീരയെ കുറിച്ച് ഒരുപാട് ആളുകള്‍ പലതും സംസാരിക്കാറുണ്ട്. മീര ജാസ്മിന്‍ അഹങ്കാരിയാണ്, അനുസരണയില്ലാത്ത നടിയാണ് എന്നൊക്കെ. പക്ഷെ എനിക്ക് ഏറ്റവും നന്നായി കോര്‍പറേറ്റ് ചെയ്യാന്‍ സാധിയ്ക്കുന്ന നായിക നടിയാണ് മീര.
നമ്മള്‍ അങ്ങോട്ട് എങ്ങിനെ പെരുമാറുന്നോ അതാണ് അവര്‍ തിരിച്ചു തരുന്നത്. മീര ജാസ്മിന്‍ അങ്ങനെ ഒരാളാണ്. എനിക്ക് മീര ജാസ്മിന്‍ എന്റെ സിനിമയിലേക്ക് വരുന്നു എന്ന് പറയുമ്പോള്‍, എന്റെ കുടുംബത്തിലെ കുട്ടിയായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ അത് പോലെയാണ് അവരെ സ്‌നേഹിക്കുന്നത്. അതെനിക്ക് മീര തിരിച്ചും തരുന്നു.
മീര ജാസ്മിന് പേഴ്‌സണല്‍ പ്രശ്‌നങ്ങള്‍ പലതും ഉണ്ടാവാം. പക്ഷെ അതിലേക്ക് ഞാന്‍ കയറാറില്ല. അഭിനേതാക്കള്‍ സെറ്റില്‍ വരുമ്പോള്‍ അവര്‍ ചെയ്യുന്ന കഥാപാത്രത്തെ കുറിച്ച് മാത്രമേ നമ്മള്‍ ചിന്തിക്കേണ്ടതുള്ളൂ, അവരുടെ വ്യക്തപരമായ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ല. മീര ജാസ്മിന്‍ ആയാലും ശോഭന ആയാലും ഉര്‍വശി ആയാലും എന്നെ സംബന്ധിച്ച് അവര്‍ ആര്‍ട്ടിസ്റ്റുകളാണ്. അത് കഴിഞ്ഞുള്ള കാര്യം എന്റെ വിഷയമല്ല.
മകള്‍ എന്ന സിനിമയില്‍ മീര ജാസ്മിന്‍ വന്നാല്‍ നന്നായിരിയ്ക്കും എന്ന് എനിക്ക് തോന്നി. പക്ഷെ കോണ്ടാക്ട് ചെയ്യാന്‍ ഒരു മാര്‍ഗ്ഗവും ഇല്ല. എവിടെയാണെന്ന് പോലും അറിയില്ല. അവസാനം ദുബായില്‍ ആണെന്നും അവിടെ ബിസിനസ്സ് നടത്തുകയാണ് എന്നും അറിഞ്ഞു. നമ്പറും കിട്ടി. അന്ന് ഞാന്‍ വാട്‌സ് ആപ്പില്‍ ഒരു വോയിസ് മെസേജ് അയച്ചു, എന്റെ പുതിയ ചിത്രത്തില്‍ മീര അഭിനയിക്കുമെങ്കില്‍ നന്നായിരുന്നു എന്ന്. രാത്രി മീര വിളിച്ചു, ‘സിനിമ ഇപ്പോള്‍ എന്റെ മീഡിയ അല്ല, പക്ഷെ സത്യന്‍ അങ്കിള്‍ വിളിച്ചാല്‍ വരാതിരിക്കാന്‍ കഴിയില്ല’ എന്ന് പറഞ്ഞു.
മീര ജാസ്മിന്‍ ആദ്യമായി എന്റെ രസതന്ത്രം എന്ന സിനിമയിലാണ് അഭിനയിച്ചത്. അതും ആണ്‍ കുട്ടിയായിട്ട്. വിനോദ യാത്ര എന്ന ചിത്രത്തില്‍ ഞാന്‍ ഒരു പുതുമുഖ നടിയെയാണ് തീരുമാനിച്ചിരുന്നത്. നാലഞ്ച് ദിവസം അവരെ വച്ച് സിനിമ എടുക്കുകയും ചെയ്തു. പക്ഷെ എനിക്ക് തൃപ്തി വന്നില്ല. ആ സമയത്ത് മീര തമിഴിലിലെല്ലാം സിനിമ ചെയ്യുന്നത് കാരണം ഭയങ്കര തിരക്കിലാണ്. എന്നിട്ടും ഞാന്‍ പറഞ്ഞപ്പോള്‍ മറ്റ് തിരക്കുകള്‍ എല്ലാം മാറ്റി വച്ച് മീര വന്നു. അത് നമ്മളോടുള്ള ഒരു സ്‌നേഹമാണ്.
ABOUT MEERAJASIMINE