ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച്‌ ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു; വേദനയോടെ പൃഥ്വിരാജ്

അനില്‍ നെടുമങ്ങാട് എന്ന അതുല്യപ്രതിഭയുടെ അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച നടുക്കത്തിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. അനിലിന്റെ മരണത്തില്‍ അയ്യപ്പനും കോശിയിയും സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും വേദനയോടെ ഓര്‍ക്കുകയാണ് നടന്‍ പൃഥ്വിരാജ്.

‘ജന്മദിനാശംസകള്‍ സഹോദരാ. ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച്‌ ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്‌സ്. ഐ മിസ് യു സച്ചി,’ എന്നാണ് പൃഥ്വി കുറിച്ചത്. ‘ഇല്ല. എനിക്ക് ഒന്നും പറയാനാകുന്നില്ല. നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ’, എന്നാണ് അനിലിന്റെ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ പൃഥ്വി പ്രതികരിച്ചത്.

അനില്‍ നെടുമങ്ങാടിന്റെ വിയോഗവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്ന് നടന്‍ ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ”അനില്‍ … ഇനി ഇല്ല എന്നെങ്ങിനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കും ..?” അനിലിന്റെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെ വൈകുന്നേരമാണ് അനില്‍ നെടുമങ്ങാടിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. കുളിക്കാനിറങ്ങുന്നതിനിടെ മലങ്കാര ജലാശയത്തിലെ കയത്തില്‍ മുങ്ങിപ്പോയ നടന്‍ അനില്‍ നെടുമങ്ങാടിനെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് മരണം സംഭവിക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാലാ സ്വദേശി അരുണ്‍ രാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Noora T Noora T :