വാഗമണ്‍ ലഹരിപാര്‍ട്ടിയുടെ അന്വേഷണം പുരോഗമിക്കുമ്പോൾ ഓരോ ദിവസവും പുറത്തേക്ക് വരുന്നത് നിർണ്ണായക വിവരങ്ങളാണ്. ലഹരിമരുന്നു പാർട്ടിയിലെ അന്വേഷണം നീളുന്നത് മലയാള സിനിമാ രംഗത്തേക്കെന്ന ചോദ്യം കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് വന്നിരുന്നു . അറസ്റ്റിലായവരിൽ ഒരാളായ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയായ നടിക്കുള്ള ബന്ധമാണ് അന്വേഷണം സിനിമാ രംഗത്തേക്ക് നീളുന്നുവെന്ന സൂചനകൾ പുറത്തുവരാൻ കാരണം. ആ സൂചനകൾ ഒടുവിൽ യാഥാർഥ്യമായിരിക്കുകയാണ്
ലഹരി വിരുന്നിനെത്തി പിടിയിലായ മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ കൊച്ചിയില്‍നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും മലയാളത്തിലെ പ്രമുഖ സിനിമാനടന്റെയും ഇടപെടല്‍. ഇവര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ആദ്യം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അന്വേഷണം ശക്തമായതോടെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു
നടിയുടെ കൈവശം വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയില്ല എന്ന ന്യായം പറഞ്ഞായിരുന്നു വിട്ടയച്ചത്. അതേസമയം കേസില്‍ എക്‌സൈസ് ഇന്റലിജന്‍സും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘം അന്വേഷണം ശക്തമാക്കുകയും ഇവരുടെ പങ്ക് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയില്‍ എടുത്തത് എന്നാണ് വിവരം. നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങള്‍ ഉള്‍പ്പെടെ ചെയ്തിട്ടുള്ള നടന്‍, സംഭവ സമയത്ത് വാഗമണ്ണില്‍ മറ്റൊരു റിസോര്‍ട്ടിലുണ്ടായിരുന്നു. ബ്രിസ്റ്റിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം തന്റെ പൊലീസ് ബന്ധങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. ഇതിനിടെ കൊച്ചിയിലെ പൊലീസുകാരില്‍ ഒരാളും ഇവര്‍ക്കായി ഇടപെടല്‍ നടത്തി.
കൊച്ചിയിലെ ലഹരി ഇടപാടു സംഘവുമായി ഇവര്‍ക്കു ബന്ധമുണ്ടെന്ന് ഈ പൊലീസ് ഉദ്യോഗസ്ഥന് അറിയാമായിരുന്നു. പൊലീസിന്റെ ഇന്‍ഫോര്‍മര്‍ ചമഞ്ഞ് ഈ ഉദ്യോഗസ്ഥനുമായി ഇവര്‍ അടുത്തബന്ധം പുലര്‍ത്തുകയായിരുന്നുവത്രെ. ചില ലഹരി കേസുകള്‍ പിടികൂടിയതില്‍ പൊലീസിന് ഇവരുടെ സഹായം ലഭിച്ചെന്നും പറയുന്നു. പൊലീസ് ബന്ധം ഉപയോഗിച്ച് എതിരാളികളെ കുടുക്കുകയായിരുന്നു ഇവരെന്നും പറയപ്പെടുന്നു.
കൊച്ചി പനമ്പള്ളി നഗറിലെ ഷോപ്പിങ് സെന്റര്‍ പരിസരം കേന്ദ്രീകരിച്ചു ലഹരി ഉപയോഗിച്ചിരുന്ന സംഘത്തിലെ കണ്ണികളുമായി ഇവര്‍ക്കുള്ള ബന്ധം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. വാഗമണ്ണില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടി നടത്താനെത്തിയ സംഘത്തിലെ അംഗങ്ങളില്‍ ഏതാനും പേരില്‍നിന്നു മാത്രമാണ് ലഹരി പിടികൂടാനായത്. നേരിട്ട് കേസ് ചാര്‍ജ് ചെയ്യാന്‍ സാധിക്കാത്തവരെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ സാംപിള്‍ പരിശോധന നടത്തിയിട്ടുണ്ട്.
ഫലം പോസിറ്റീവാകുന്നവരെ വിളിപ്പിക്കുമെന്നും ഹാജരാകണമെന്നും ആവശ്യപ്പെട്ടാണ് തിരിച്ചയിച്ചിട്ടുള്ളത്. ലഹരി വിരുന്ന് ആരംഭിക്കുന്നതിനു മുമ്പ് പൊലീസ് സ്ഥലത്തെത്തി എന്നതിനാല്‍ പാര്‍ട്ടിക്ക് എത്തിയവരില്‍ നല്ലൊരു പങ്ക് ആളുകളും ലഹരി ഉപയോഗിച്ചിരുന്നില്ല. ലഹരി പിടിച്ചെടുത്തത് സംഘാംഗങ്ങളില്‍ ചിലരുടെ കാറുകളില്‍ നിന്നായിരുന്നു എന്നതിനാല്‍ റിസോര്‍ട്ട് ഉടമയും കേസില്‍നിന്ന് ഒഴിവായി. കോടതി അവധിയായതിനാല്‍ ക്രിസ്മസിനുശേഷം മാത്രമേ റിമാന്‍ഡിലുള്ളവരെ കസ്റ്റഡിയില്‍ ചോദിക്കൂ എന്നാണ് പൊലീസ് പറയുന്നത്.
കേസിലെ ഒമ്പതാം പ്രതിയും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെമുതല്‍ ബന്ധമുണ്ടെന്നാണ് വിവരം. പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് തൃപ്പൂണിത്തുറ സ്വദേശിയായ നടി. വിവിധ ജില്ലയിൽ നിന്നുള്ളവർ പാർട്ടയിൽ പങ്കെടുത്തതിനാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിലൂടെ കൂടുതല്‍ ലഹരി ഇടപാടുകൾക്കു തെളിവു ലഭിക്കുമെന്നാണു എക്സൈസിന്റെ പ്രതീക്ഷ.