നടി ആക്രമിക്കപ്പെട്ട കേസിലെ അവസാന ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തെത്തിയ തെളിവുകള്‍ പ്രകാരം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചുവെങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് കാവ്യ ഒഴിഞ്ഞു മാറുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസില്‍ നിര്‍ണായകമായേക്കാവുന്ന പല വിവരങ്ങളും പുറത്തെത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് കേസ് മറ്റൊരു തലത്തിലേയ്ക്ക് സഞ്ചരിച്ച് തുടങ്ങിയത്. തുടക്കത്തില്‍ ചില ഓഡോയോ ക്ലിപ്പുകള്‍ ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയും പല ഓഡിയോ ക്ലിപ്പുകളും പുറത്തെത്തി.
എന്നാല്‍ ശബ്ദരേഖകള്‍ പുറത്തുവന്ന സംഭവത്തില്‍ അന്വേഷണ സംഘം വെട്ടിലാകുമോ എന്നാണ് പലരും സംശയിക്കുന്നത്. ഇപ്പോഴിതാ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകനായ സേതുനാഥ്. രഹസ്യ സ്വഭാവമുള്ള ക്ലിപ്പുകള്‍ പോലും പുറത്തുവരുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും അളിയന്‍ സുരാജിന്റെയും ശബ്ദ സന്ദേശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു.
പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിക്കുന്നു എന്ന പേരിലാണ് ഈ ശബ്ദ സന്ദേശങ്ങള്‍ പ്രചരിപ്പിരിച്ചത്. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയുടേതുള്‍പ്പെടെയുള്ള ശബ്ദരേഖകള്‍ പുറത്തുവന്നുകഴിഞ്ഞു. അഭിഭാഷകരും അവരുടെ കക്ഷികളും തമ്മിലുള്ള സംസാരം രഹസ്യ സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ സേതുനാഥ് പറയുന്നു. ഇത് പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും അദ്ദേഹം ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്യൂണിക്കേഷന്‍ ആണെന്ന് സേതുനാഥ് ചൂണ്ടിക്കാട്ടുന്നു. ഇത് മാധ്യമങ്ങളില്‍ വന്നത് നിയമവിരുദ്ധമാണ്. ഇത്തരം സംഭാഷണങ്ങള്‍ പുറത്തുവിടണമെന്ന് കോടതിക്ക് പോലും നിര്‍ദേശിക്കാനാകില്ല. ബാര്‍ കൗണ്‍സില്‍ കടുത്ത നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ച അന്വേഷണ സംഘത്തിന്റെ നടപടികളുടെ രേഖ പുറത്തുവന്നതും വിവാദമായിരുന്നു. കോടതി രേഖ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ രേഖയുടെ പകര്‍പ്പാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് ഉള്‍പ്പെടുന്ന രേഖയാണ് പുറത്തായത്.
വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് വിചാരണ കോടതി നിര്‍ദേശിച്ചു. അദ്ദേഹം നല്‍കിയ വിശദീകരണം കോടതിക്ക് തൃപ്തിയാകാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരിക്കെയണ് പുതിയ വിവാദം.
അതേസമയം, ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ക്കെതിരെ നല്‍കേണ്ട മൊഴികള്‍ എന്തൊക്കെ എന്ന് ദിലീപിന്റെ അനിയന്‍ അനൂപിനോട് അഭിഭാഷകര്‍ പറയുന്ന ക്ലിപ്പും മറ്റുചില ക്ലിപ്പുകളും പുറത്തായി. ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കൂടി അടിസ്ഥാനമാക്കി നടപടികള്‍ ത്വരിതപ്പെടുത്താനിരിക്കെയാണ് ക്രൈംബ്രാഞ്ചിനെതിരെ പരാതി വ്‌നനിരിക്കുന്നത്. 27 ക്ലിപ്പുകളാണ് ബാലചന്ദ്രകുമാര്‍ കൈമാറിയിട്ടുള്ളത്. എല്ലാ ഓഡിയോ ക്ലിപ്പുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. തെളിവുകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ കാവ്യമാധവനെ ചോദ്യം ചെയ്യാനാണ് തീരുമാനം. ഒന്നര മാസം കൂടിയാണ് അന്വേഷണത്തിന് കോടതി അനുവദിച്ചിരിക്കുന്ന സമയം. ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.