കോവിഡിനോടനുബന്ധിച്ച് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു. വിനോദ നികുതിയും വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ലോക്ക് ഡൗണിനും മുന്‍പ് മാര്‍ച്ച് 10നാണ് സംസ്ഥാനത്ത് തിയറ്ററുകള്‍ അടച്ചത്. ബാറുകള്‍ ഉള്‍പ്പടെ തുറന്ന സാഹചര്യത്തില്‍ തിയറ്ററുകളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഫിലിം ചേംബറിന്റെ ആവശ്യം. സിനിമ വ്യവസായം വന്‍ തകര്‍ച്ച നേരിടുമ്പോൾ ജിഎസ്ടിക്ക് പുറമെ സംസ്ഥാനം ഏര്‍പ്പെടുത്തിയ വിനോദ നികുതിയും തിയറ്റര്‍ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കണം. കൊവിഡാനന്തരം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് സബ്‌സിഡി നല്‍കണമെന്നും എന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ടുപോകാനാവില്ല എന്നാണ് കേരളത്തിലെ തിയറ്റര്‍ ഉടമകളുടെ നിലപാട്.