കോടികള്‍ വാഗ്ദാനം ചെയ്തിട്ടും പ്രമുഖ പുകയില കമ്പനിയുടെ പരസ്യം വേണ്ടെന്ന് വെച്ച് അല്ലു അര്‍ജുന്‍; താരത്തിന് അഭിനന്ദന പ്രവാഹം

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് അല്ലു അര്‍ജുന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ പുകയില പരസ്യത്തില്‍ നിന്നും അല്ലു അര്‍ജ്ജുന്‍ പിന്മാറിയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്നാണ് അല്ലു അര്‍ജ്ജുന്‍ പിന്മാറിയത്.

കോടികള്‍ വാഗ്ദാനം ചെയ്തു എങ്കിലും പരസ്യം താരം വേണ്ടെന്നു വെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അല്ലു അര്‍ജ്ജുന്‍ വ്യക്തിപരമായി പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാറില്ല.

അതിനാല്‍ ആരോഗ്യത്തിന് ഹാനികരമായ ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പ്പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് താരം ആഗ്രഹിക്കുന്നില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേര്‍ അല്ലു അര്‍ജുന് പിന്തുണ നല്‍കിയും അഭനന്ദിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, ‘പുഷ്പ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് താരമിപ്പോള്‍. ഒന്നാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ഇന്ത്യയൊട്ടാകെ ലഭിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത അല്ലുവിന്റെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു പുഷ്പയിലേത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.’പുഷ്പ’യുടെ ഗംഭീര വിജയത്തിന് ശേഷം അല്ലു അര്‍ജുന്റെ താരമൂല്യവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു. ഇതോടെ നിരവധി പരസ്യങ്ങളില്‍ ഉള്‍പ്പെടെ താരം ഇടംപിടിച്ചിരുന്നു.

Vijayasree Vijayasree :