ഏറെ പ്രമാധമായ അഭയ കേസിന്റെ വിധി എല്ലാവരും കണ്ടു. അടയ്ക്ക രാജു എന്ന കള്ളന്റെ മൊഴിയാണ് ഈ കേസില്‍ നിര്‍ണ്ണായകമായത്. കോടികളുടെ വാഗ്ദാനം ഉണ്ടായിട്ടും മൊഴി മാറ്റാന്‍ തയ്യാറാകാതിരുന്ന രാജുവിന് പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, സംവിധായകന്‍ രാജു ചന്ദ്രയ്ക്ക് ഇപ്പോഴും ഇതൊരു അത്ഭുതമാണ്. കേന്ദ്ര കഥാപാത്രമായ മോഷ്ടാവിന്റെ മൊഴിയും, പള്ളിമേടയിലെ സംഭവവികാസങ്ങളും കോടതി വിധിയുമെല്ലാം ഒരു വര്‍ഷം മുമ്പ് താന്‍ എഴുതിവച്ച തിരക്കഥയിലേതു പോലെ അരങ്ങേറിയിരിക്കുന്നു. ചിത്രീകരണം തുടങ്ങാനിരിക്കുന്ന ‘സെയ്ന്റ് എലിസബത്ത്’ (ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ട സ്ത്രീ) എന്ന ബഹുഭാഷാ സിനിമയെ കുറിച്ചാണ് രാജുചന്ദ്ര പറയുന്നത്.
സിനിമയിലെ കേന്ദ്ര കഥാപാത്രവും ഒരു കള്ളനാണ്. കള്ളന്‍ മോഷ്ടിക്കാന്‍ പോകുന്നത് ഒരു കോണ്‍വെന്റിലും. അഭയ കേസില്‍ അടയ്ക്ക രാജു സാക്ഷിയാണെന്ന കാര്യം പോലും സംവിധായകന്‍ അറിയുന്നത് ഇപ്പോള്‍ ഈ വിധി വന്നതിനു ശേഷമാണ്. ഒരു വര്‍ഷം മുമ്പേ തന്റെ മനസില്‍ തെളിഞ്ഞ കഥയാണ് ഇതെന്നാണ്് രാജു ചന്ദ്ര മനോരമ ഓണ്‍ലൈനിനോടു പറയുന്നത്. അല്പം ആകാംക്ഷയിലും അതിലുപരി എഴുതിചേര്‍ക്കപ്പെട്ട നായക കഥാപാത്ര സാമ്യതയിലെ അമ്പരപ്പുമിലാണ് അദ്ദേഹം. ‘സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ‘അടയ്ക്ക രാജു ‘ എന്ന ലോകത്തിലെ നീതിമാനായ വലിയ മനസുള്ള, ഹൃദയം കട്ടെടുത്ത പച്ച മനുഷ്യനായ ആ കള്ളന്‍. അതെ അയാളാണ് ഈ സിനിമയിലെ നായകന്‍.’
‘കന്യാസ്ത്രീകള്‍ മാത്രം താമസിക്കുന്ന കോണ്‍വെന്റിന്റെ പടികള്‍, നിലാവില്‍ ഇറങ്ങി വരുന്ന വൈദികനെ കണ്ട് വെറും വാഴക്കുല മോഷ്ടാവായ നായകന്‍ അന്തം വിടുന്നതും, 4 ബാറ്ററി ടോര്‍ച്ചില്‍ മങ്ങിയ വെളിച്ചത്തില്‍ പാതാളത്തിനപ്പുറം ചോരക്കറ മായ്ക്കാന്‍ മാത്രം ഇരുട്ടറയുള്ള പള്ളികിണറ്റില്‍ തെളിഞ്ഞു വന്നത് പിച്ചിചീന്തപ്പെട്ട, ചോര കട്ടപിടിച്ച കന്യാസ്ത്രീ തിരുവസ്ത്രം. ഇതാണ് കഥയുടെ വണ്‍ ലൈന്‍ എന്നും രാജു പറയുന്നു. അടയ്ക്ക കള്ളന്റെ നേരിനൊപ്പം നിന്ന് സത്യസന്ധമായി സിനിമയുടെ ചിത്രീകരണത്തിനൊരുങ്ങുകയാണ് രാജുചന്ദ്രയും അണിയറ പ്രവര്‍ത്തകരും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൊരുങ്ങുന്ന സൈക്കോ ത്രില്ലര്‍ ആക്ഷന്‍ ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും.