പാലക്കാട് ഇരട്ടകൊലപാതകം; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമോ എന്ന് അമിത് ഷാ വരുമ്പോള്‍ തീരുമാനിക്കും; സുരേഷ് ഗോപി

രാഷ്ട്രീയ പ്രവര്‍ത്തകനായും നടനായും മലയാളികള്‍ക്ക് പ്രിയപ്പെട്ട വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ പാലക്കാട് ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയ ശേഷം തീരുമാനമെന്ന് പറയുകയാണ് സുരേഷ് ഗോപി.

കേസ് സ്വതന്ത്രമായി അന്വേഷിക്കാന്‍ പോലീസിന് വഴിയൊരുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഠിനമായി ശ്രമിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംസ്‌കാരത്തിനും സംരക്ഷണം നല്‍കാന്‍ സേനകളെ കൃത്യമായി ഉപയോഗിക്കേണ്ടത് ഭരണകൂടമാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കണമോ എന്ന് അമിത് ഷാ വരുമ്പോള്‍ തീരുമാനിക്കും. കോ ഓപറേറ്റീവ് ഫെഡറലിസമല്ലേ. വേണ്ടാന്ന് പറഞ്ഞ് ഫെഡറലിസവും കൊണ്ട് അങ്ങോട്ട് ചെല്ലാനൊക്കത്തല്ലല്ലോ. അതൊക്കെ അവര്‍ നോക്കിക്കൊള്ളുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, പാലക്കാട്ടെ സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. രമേശ്, അറമുഖം, ശരവണന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നേരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയായിരുന്നു. ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കും. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. അപ്പോഴാണ് ആര്‍ക്കൊക്കെ സംഭവത്തില്‍ ബന്ധമുണ്ട് എന്ന് പറയാന്‍ സാധിക്കുക എന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു.

സുബൈറിനെ വധിക്കാന്‍ പ്രതികള്‍ നേരത്തെ രണ്ടു തവണ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് സാന്നിധ്യമുണ്ടായതിനാല്‍ അന്ന് നടത്താന്‍ സാധിച്ചില്ലെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിന്നീട് അവസരം ലഭിച്ചപ്പോഴാണ് സുബൈറിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന സഞ്ജിത് വധത്തിന് പ്രതികാരമായിട്ടാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നും എഡിജിപി പറഞ്ഞു.

Vijayasree Vijayasree :