വര്‍ദ്ധിച്ചുവരുന്ന കരള്‍ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ആസ്റ്റര്‍ വോളണ്ടിയേഴ്സുമായി കൈകോര്‍ത്ത് സോനു സൂദ്

സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെയും അഭിനയത്തിലൂടെയും നിരവധി ആരാധകരുള്ള താരമാണ് സോനു സൂദ്. വര്‍ദ്ധിച്ചുവരുന്ന കരള്‍ രോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ പ്രേരിപ്പിക്കുന്നതിനും, ഇന്ത്യയില്‍ കരള്‍ രോഗ കേസുകള്‍ നിയന്ത്രിക്കുന്നതിന് സജീവമായ ശ്രമങ്ങള്‍ നടത്തുവാനുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആര്‍ ഉദ്യമമായ ആസ്റ്റര്‍ വോളണ്ടിയേഴ്സുമായി കൈകോര്‍ത്തിരിക്കുകയാണ് സോനു സൂദ്.

അനുയോജ്യരായ അവയവ ദാതാക്കളുടെ ലഭ്യതക്കുറവാണ് കരള്‍ രോഗം മൂലമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഈ ഉദ്യമമനുസരിച്ച് കരള്‍ മാറ്റിവെക്കല്‍ ആവശ്യമുള്ള 50 നിര്‍ധനരായ കുട്ടികള്‍ക്ക് ബാംഗ്ലൂരിലെ ആസ്റ്റര്‍ സിഎംഐ, ആസ്റ്റര്‍ ആര്‍വി ഹോസ്പിറ്റലുകളിലും, കേരളത്തിലെ ആസ്റ്റര്‍ മെഡ്‌സിറ്റി, ആസ്റ്റര്‍ മിംസ് കോഴിക്കോട് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും ആസ്റ്റര്‍ വോളണ്ടിയേഴ്സ് ആവശ്യമായ പരിചരണം നല്‍കും.

കരളിന്റെ ആരോഗ്യം പരിപാലിക്കാനും, അവയവദാനത്തിലൂടെ ജീവന്‍ രക്ഷിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കരള്‍ മാറ്റിവെക്കല്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് സഹായമെത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നതിനും സോനു സൂദ് എല്ലാ പിന്തുണയും നല്‍കും. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 8113078000, 9656000601 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Vijayasree Vijayasree :