ആരും ആരെയും പൂര്‍ണമായി അംഗീകരിക്കില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാന്‍ കഴിയുകയുമില്ല. എല്ലാവര്‍ക്കും വേണ്ടി ഞാന്‍ മാറിയിരുന്നെങ്കില്‍ എനിക്ക് ഇത്രയും സന്തോഷം ലഭിക്കുമായിരുന്നില്ല; തുറന്ന് പറഞ്ഞ് റിമി ടോമി

ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ക്കെല്ലാം തന്നെ ഇന്ന് ആരാധകരേറെയാണ്. റിമിയുടേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആദ്യമായി സിനിമയില്‍ പാടാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് മുതല്‍ ഗാനമേളകളില്‍ പാടുന്നതിനെ കുറിച്ചുമെല്ലാമാണ് റിമി പറയുന്നത്. സിനിമയില്‍ ആദ്യമായി പാടിയത് ചിങ്ങമാസം എന്ന പാട്ട് ആയിരുന്നു. ഈ പാട്ട് പാടാന്‍ വേണ്ടി നാദിര്‍ഷിക്ക ആണ് ആദ്യം വിളിച്ചത്. ആ സമയത്ത് ഞാന്‍ ഗള്‍ഫില്‍ ആദ്യമായി പരിപാടി അവതരിപ്പിക്കാന്‍ പോയതാണ്.

അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്തതുകൊണ്ട് എയ്ഞ്ചല്‍ വോയ്സ് എന്ന ഗ്രൂപ്പിന്റെ മാനേജരെ വിളിച്ച് ആണ് സിനിമയില്‍ പാടാന്‍ ഒരു അവസരം ഉണ്ടെന്ന് നാദിര്‍ഷിക്ക എന്നോട് പറയുന്നത്. നാട്ടിലെത്തിയാല്‍ ഉടന്‍ ലാല്‍ ജോസിനെ പോയി കാണണം എന്നും പറഞ്ഞിരുന്നു. അങ്ങനെ പപ്പയെയും കൂട്ടി കൊച്ചിയില്‍ പോയി ലാല്‍ ജോസ് സാറിനെ കണ്ടു. സിനിമയില്‍ ഒരു മെലഡിയും ഒരു ഫാസ്റ്റ് നമ്പറും ആണ് പാടേണ്ടത്. ശബ്ദം അദ്ദേഹത്തിന് ഇഷ്ടമായെങ്കിലും ഞാനല്ല വിദ്യാസാഗര്‍ ആണ് തീരുമാനം എടുക്കേണ്ടത് എന്ന് പറഞ്ഞു.

അങ്ങനെ ചെന്നൈയില്‍ പോയി വിദ്യാജിയുടെ മുന്നില്‍ ഓഡിഷന് ഇരുന്നു. ഈ പാട്ട് സിനിമയില്‍ വരുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു. മാത്രമല്ല എന്നെക്കാള്‍ മുന്‍പ് ഈ പാട്ട് പാടാന്‍ കുറെ പേര്‍ വന്നിരുന്നു. എന്തായാലും ഇറങ്ങാന്‍ നേരം വണ്ടിക്കൂലി എന്ന പോലെ 2000 രൂപ തന്നു.

അതേസമയം, ഈ കാലത്തിനിടയില്‍ സമൂഹത്തിന്റെ ചിന്താരീതിയും മനോഭാവവും ഒരുപാട് മാറിയിട്ടുണ്ടെന്നാണ് റിമി പറയുന്നത്. ഇപ്പോള്‍ പാടാന്‍ വരുന്ന കുട്ടികളെ പെര്‍ഫോര്‍ ആക്കുന്നതിന് കൂടിയാണ് പരിശീലിപ്പിക്കുന്നത്. തൊണ്ണൂറ് ശതമാനം ആളുകളും കാലത്തിനൊപ്പം മാറി. എത്ര പ്രശസ്ത ആളാണെങ്കിലും ഹേറ്റേഴ്സ് ഉണ്ടാവും. ആരും ആരെയും പൂര്‍ണമായി അംഗീകരിക്കില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാന്‍ കഴിയുകയുമില്ല. എല്ലാവര്‍ക്കും വേണ്ടി ഞാന്‍ മാറിയിരുന്നെങ്കില്‍ എനിക്ക് ഇത്രയും സന്തോഷം ലഭിക്കുമായിരുന്നില്ലെന്നും താരം പറയുന്നു.

ഗാനമേളകളിലെ റിമി ടോമിയുടെ ഇഫക്ട് എങ്ങനെയാണ് വരുന്നതെന്നും ഗായിക പറഞ്ഞിരുന്നു. ‘എന്റെ ക്യാരക്ടര്‍ എന്താണോ അതുപോലെ തന്നെ സ്റ്റേജിലും ഞാന്‍ പെരുമാറി. ആ സമയത്തൊക്കെ ഞാന്‍ ടിവി കാണാറില്ലായിരുന്നു. ആരുടെയെങ്കിലും സ്റ്റേജ് ഷോ കുത്തിയിരുന്ന് കണ്ട് പഠിച്ചതല്ല. ഞാന്‍ എങ്ങനാണോ എന്റെ സ്വഭാവം എങ്ങനെയാണോ അത് അവതരിപ്പിക്കുകയാണ് ചെയ്തത്. പാടുന്ന പാട്ടുകളുടെ സ്വഭാവം അനുസരിച്ചാണ് വേദിയില്‍ അവതരിപ്പിക്കുക എന്നും’ റിമി പറയുന്നു.

ടെലിവിഷന്‍ അവതാരക ലോകത്ത് നിന്ന് മലയാള സിനിമയിലെ പിന്നണി ഗാന ലോകത്ത് എത്തിയ റിമി ടോമി , മുന്‍നിര ഗായികയായി നില്‍ക്കുമ്പോഴും അവതരണ ലോകത്ത് സജീവമായിരുന്നു. ഒന്നും ഒന്ന് മൂന്ന് എന്ന ടെലിവിഷന്‍ ഷോയുടെ വിജയം തന്നെ റിമി ടോമിയുടെ അവതരണ ശൈലിയാണ്. പാടുന്നതിനൊപ്പം ആടുകയും ചെയ്യുന്ന ഗായിക എന്നാണ് റിമി ടോമിയ്ക്കുള്ള വിശേഷണം. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി അഭിനയിച്ചുകൊണ്ട് റിമി അഭിനയ ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ അതിഥി താരമായും റിമി എത്തിയിരുന്നു.

പാചകവും യാത്രകളും പാട്ടുകളുമൊക്കെയായി ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അനിയനും അനിയത്തിയുമൊക്കെ കുടുംബസമേതമായി ഇടയ്ക്ക് ചാനലിലേയ്ക്ക് എത്തിയിരുന്നു. മുക്തയ്ക്കൊപ്പം ചെയ്ത പാചക വീഡിയോയുമെല്ലാം അടുത്തിടെ വൈറലായി മാറിയിരുന്നു. ഫിറ്റ്നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് റിമി.

ഭാവനയാണ് തന്നോട് ശരീരം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ച് പറഞ്ഞതെന്ന് നേരത്തെ റിമി പറഞ്ഞിരുന്നു. ജിമ്മിലെ വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനുമൊക്കെയായി മെലിയുകയായിരുന്നു താരം. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്. മീശമാധവന്‍ എന്ന ചിത്രത്തില ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്നു തുടങ്ങുന്ന ഗാനം സൂപ്പര്‍ഹിറ്റ് ആയതോടെ നിരവധി സിനിമകളിലേയ്ക്ക് ആണ് റിമിയ്ക്ക് അവസരങ്ങള്‍ ലഭിച്ചത്. സിനിമകളില്‍ മാത്രമല്ല നിരവധി ആല്‍ബങ്ങളിലും സ്റ്റേജ് ഷോകളിലും റിമി പാടിയിട്ടുണ്ട്. 5 സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ അഭിനയിച്ചു.

Vijayasree Vijayasree :