പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും കുറ്റപത്രം പഴുതടച്ചതാക്കാനും ക്രൈംബ്രാഞ്ച്, നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും അന്വേഷണസംഘം കോടതിയോടു ആവശ്യപ്പെട്ടു

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയപരിധി വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. കേസില്‍ ഇതുവരെ സാക്ഷി സ്ഥാനത്തുള്ള നടി കാവ്യ മാധവന്റെ മൊഴിയെടുക്കുന്നത് വീണ്ടും നീണ്ട് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇതടക്കമുള്ള സുപ്രധാന നടപടികള്‍ ശേഷിക്കേയാണ് ഇന്ന് അന്വേഷണത്തിനുള്ള സമയം അവസാനിക്കുന്നത്. ഏപ്രില്‍ 15നു മുന്‍പായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈം ബ്രാഞ്ചിനോടു ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

അതേസമയം, മൂന്ന് മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഏതാനും ദിവസം മുന്‍പ് കോടതിയെ സമീപിച്ചിരുന്നു. അടുത്തയാഴ്ച ഈ ഹര്‍ജി കോടതി പരിഗണിച്ചേക്കും. പുതുതായി ലഭിച്ച തെളിവുകളുടെയും വെളിപ്പെടുത്തലുകളെയും അടിസ്ഥാനത്തില്‍ നടി കാവ്യാ മാധവനെ ചോദ്യം ചെയ്യാനുണ്ടെന്നും നിരവധി പേരുടെ മൊഴിയെടുക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കുക. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തേടും.

ഈ സാഹചര്യത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഇനി ശേഷിക്കുന്ന നടപടികളുടെ പട്ടികയും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിക്കും. പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും കുറ്റപത്രം പഴുതടച്ചതാക്കാനുമാണ് അന്വേഷണസംഘത്തിന്റെ ശ്രമം. കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു കരുതുന്ന നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും അന്വേഷണസംഘം കോടതിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.

നടിയെ ആക്രമിച്ച കേസും വധ ഗൂഡാലോചനാക്കേസും മുന്നോട്ടുകൊണ്ടുപോകേണ്ടത് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് രൂപരേഖ തയാറാക്കിയിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കും. കഴിഞ്ഞ ദിവസം ഇവരെ വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് നല്‍കിയത്. അടുത്തയാഴച ഇരുവരേയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഇവരുടെ പക്കല്‍ എത്തിയോ എന്നാണ് പരിശോധന നടത്തുന്നത്.

അതേസമയം, കേസിലെ സാക്ഷികളില്‍ ഒരാളായ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതാണ് അന്വേഷണസംഘത്തിനു മുന്നിലുള്ള കടമ്പ. ഗൂഡാലോചനയില്‍ കാവ്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ചില ശബ്ദരേഖകളും ക്രൈം ബ്രാഞ്ചിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയിലായിരുന്ന കാവ്യയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവര്‍ ആലുവയിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടും ഇതുവരെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. ആലുവയിലെ പോലീസ് ക്ലബില്‍ എത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്നുമാണ് കാവ്യയുടെ ആവശ്യം.

എന്നാല്‍ ചില ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചും ശബ്ദശകലങ്ങള്‍ കേള്‍പ്പിച്ചുമാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. ദിലീപും കുടുംബവും താമസിക്കുന്ന പത്മസരോവരം വീട് ഇതിനു പറ്റിയ ഇടമല്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. ആലുവയിലെ വീട്ടിലെത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്ര കുമാറും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പകരം സാധ്യതകള്‍ തേടാന്‍ അന്വേഷണസംഘം തീരുമാനിച്ചു. എന്നാല്‍ തന്നെ പ്രതി ചേര്‍ക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന സംശയത്തില്‍ കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ബന്ധുവായ സൂരജ് എന്നിവരെയും പോലീസ് ചോദ്യം ചെയ്യലിനായി വിളിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് ഇപ്പുറം സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ എത്തിയതോടെയാണ് കേസ് മറ്റൊരു തലത്തിലേയ്ക്ക് സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം കേസില്‍ കാവ്യയ്ക്കും പങ്കുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ കാര്യം കൂടുതല്‍ ഗുരുതരമായിരിക്കുകയാണ്. താനുമായി പിണങ്ങിയ സുഹൃത്തുക്കള്‍ക്കു കൊടുക്കാന്‍ കാവ്യ വച്ചിരുന്ന പണിയായിരുന്നു ഇതെന്ന് ശബ്ദരേഖയില്‍ പറയുന്നു. സംഭവശേഷം ദിലീപ് അത് ഏറ്റെടുക്കുകയായിരുന്നുവെന്നും ഇരുവരും പറയുന്നു. ഇതിന് പിന്നാലെ കാവ്യയെ ചോദ്യം ചെയ്യുന്നതിനായി ഒരുങ്ങുകയാണ് അന്വേഷണ സംഘം.

പുറത്തുവന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകളെ സംഭവുമായി ബന്ധപ്പെടുത്താന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞാല്‍ പ്രതിപ്പട്ടികയിലേക്കും കാവ്യ എത്തിയേക്കാം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുമോയെന്നാണ് ഇനി അറിയേണ്ടത്. എന്തായാലും ദിലീപും കുടുംബവും പത്മസരോവരത്തില്‍ കടുത്ത പ്രാര്‍ത്ഥനയിലാണ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തെ കാവ്യയുടെ ലക്ഷ്യയെന്ന സ്ഥാപനത്തിലേയ്ക്ക് പള്‍സര്‍ സുനി നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കൊണ്ടെത്തിച്ചെന്നും ബാലചന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ കാവ്യയും വ്യവസായി ശരത്തും തമ്മില്‍ നടത്തിയ സംഭാഷണവും ഉള്‍പ്പെടെ കുരുക്കാകും.

Vijayasree Vijayasree :