കഴിഞ്ഞ ദിവസമായിരുന്നു വിഷു പ്രമാണിച്ച് വിഷു കൈനീട്ടം കൊടുത്ത് സുരേഷ് ഗോപി വിവാദത്തിലായത്. നിരവധി വിമര്‍ശനങ്ങളാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ നടനും എംപിയുമായ സുരേഷ് ഗോപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്.
സുരേഷ് ഗോപി ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളെ പോലെയാണെന്നന്നും ഉത്തരേന്ത്യന്‍ പരിപാടികള്‍ കേരളത്തില്‍ ആസൂത്രിതമായി നടപ്പാക്കുകയാണെന്നും ബിജെപി ക്ഷേത്രങ്ങളെ രാഷ്ട്രീയ വത്കരിക്കുകയാണെന്നും എ വിജയരാഘവന് പറഞ്ഞു. സംഭവം കേട്ടുകേള്‍വിയില്ലാത്തതാണ്. കൈനീട്ടത്തിന്റെ മറവില്‍ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചെന്നും അദ്ദേഹം പറയുന്നു.
അതിനിടെ സുരേഷ് ഗോപിക്ക് പിന്തുണയുമായി തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തിയും രംഗത്തെത്തി. ഇന്ന് ക്ഷേത്രത്തിലെത്തുന്ന എല്ലാവര്ക്കും കൈനീട്ടം നല്‍കുമെന്നും ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചു. പൊതുജനങ്ങളില്‍ നിന്നുള്ള പണമുപയോഗിച്ച് ശാന്തിമാര്‍ കൈനീട്ടം നല്‍കരുതെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവുണ്ട്. സുരേഷ് ഗോപി നല്കിയ പണം ഉപയോഗിച്ച് വടക്കുംനാഥ ക്ഷേത്രത്തിലെ മേല്‍ശാന്തി കൈനീട്ടം നല്കുന്നതില് ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി കൈനീട്ടം നല്കി പ്രതിഷേധിക്കുന്നത്.
ദക്ഷിണയായി കിട്ടുന്ന പണം ഭക്തര്‍ക്ക് കൈനീട്ടമായി നല്‍കുന്നത് കാലങ്ങളായി നിലനില്‍ക്കുന്ന ആചാരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ദക്ഷിണ നല്‍കിയതെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. ഒരു രൂപയുടെ ആയിരം നോട്ടുകളാണ് സുരേഷ് ഗോപി ദക്ഷിണയായി സമര്‍പ്പിച്ചത്. ഇത് കൈനീട്ടം ആയി നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഫത്വ പുറപ്പെടുവിച്ചിരുന്നു. സിപിഐഎമ്മിന്റെ തീരുമാനമാണ് പ്രസിഡന്റ് നടപ്പാക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം.
