എന്റെ റിയല്‍ ലൈഫുമായി കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമായി കുറച്ചൊക്കെ തോന്നിയത് പോക്കിരി എന്ന എന്റെ സിനിമയിലെ കഥാപാത്രമായിരിക്കും. കുറച്ച് ബീസ്റ്റുമുണ്ട്; തുറന്ന് പറഞ്ഞ് വിജയ്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിജയ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ബീസ്റ്റ് എന്ന ചിത്രം റിലീസായത്. ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.

ഇപ്പോഴിതാ താന്‍ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് വിജയ്. ഇതുവരെ ചെയ്തതില്‍ ഏത് വേഷമാണ് ജീവിതത്തില്‍ സാമ്യം തോന്നിയതെന്നാണ് വിജയ് പറയുന്നത്. ബീസ്റ്റിലെയും പോക്കിരിയിലെയും കഥാപാത്രം തന്റെ യഥാര്‍ത്ഥ ജീവിതവുമായി കണക്ട് ചെയ്യുന്നവയാണെന്ന് വിജയ് പറഞ്ഞു.

‘എന്റെ റിയല്‍ ലൈഫുമായി കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമായി കുറച്ചൊക്കെ തോന്നിയത് പോക്കിരി എന്ന എന്റെ സിനിമയിലെ കഥാപാത്രമായിരിക്കും. കുറച്ച് ബീസ്റ്റുമുണ്ടെന്ന് പറയാം. ഇപ്പോള്‍ പറഞ്ഞത് ബീസ്റ്റ് റിലീസിന്റെ പ്രോമോഷന് വേണ്ടിയാണ് എന്ന് വിചാരിക്കരുത്.’ വിജയ് പറഞ്ഞു.

‘ബീസ്റ്റില്‍ കഥാപാത്രത്തിന്റെ ആറ്റിറ്റിയൂഡും അതിലെ എന്റെ കഥാപാത്രം പ്രതികരിക്കുന്ന രീതിയോടും എളുപ്പത്തില്‍ എന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെടുത്താന്‍ കഴിയും. അതിലെ കഥാപാത്രം പ്രതികരിക്കുന്ന രീതിയും സംസാരിക്കുന്ന രീതിയെക്കുറിച്ചുമാണ് ഞാന്‍ പറയുന്നത്. അല്ലാതെ വെടിവെച്ച് കൊല്ലുന്നതിനെക്കുറിച്ചല്ല സംസാരിക്കുന്നത്.’ സണ്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു.

പൂജ ഹെഗ്ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

Vijayasree Vijayasree :