ഇരുചക്ര വാഹനങ്ങളില്‍ വന്ന 100 ആരാധകര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വീതം; ബീസ്റ്റ് എത്തിയ സന്തോഷം ആഘോഷിച്ച് വിജയ് ആരാധകര്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായുള്ള താരമാണ് വിജയ്. ഇന്നാണ് ആരാധകര്‍ ഏറെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റ് റിലീസിനെത്തിയത്. ഇത് പരമാവധി ആഘോഷമാക്കിയിരിക്കുകയാണ് വിജയ് ആരാധകര്‍. തമിഴ്‌നാട്ടിലെ തംബരം പ്രദേശത്തുള്ള ആരാധകര്‍ പെട്രോള്‍ വിതരണം ചെയ്താണ് ആഘോഷമാക്കിയത്.

100 ആരാധകര്‍ക്ക് ആണ് ഒരു ലിറ്റര്‍ പെട്രോള്‍ വീതം ആരാധകര്‍ വിതരണം ചെയ്തത്. ‘ഞങ്ങള്‍ വിജയ്യുടെ എല്ലാ സിനിമയും ആഘോഷിക്കും. ഈ വര്‍ഷം പുതുമയാര്‍ന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതിനാല്‍ ഇരുചക്ര വാഹനങ്ങളില്‍ വന്ന 100 ആരാധകര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വീതം നല്‍കാന്‍ തീരുമാനിച്ചു’ വിജയ് ആരാധകര്‍ അറിയിച്ചു.

സണ്‍പിക്‌ചേഴ്‌സിന്റെ നിര്‍മ്മാണത്തിലൊരുങ്ങിയ വിജയ് ചിത്രം ബീസ്റ്റ് വലിയ റിലീസായാണ് തീയേറ്ററുകളിലെത്തിയത്. ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് നിലവില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. മലയാളി താരം ഷൈന്‍ ടോം ചാക്കോ, അപര്‍ണ ദാസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം.

Vijayasree Vijayasree :