”ഞാൻ കുറച്ച് മിനിറ്റുകളാണ് വൈകിയതെങ്കിലും എന്നോട് ക്ഷമിക്കണം” ; അല്ലുവിന് പിന്നാലെ മാധ്യമങ്ങളോട് മാപ്പ് പറഞ്ഞ് യാഷും; പ്രതികാരമാണിതെന്ന് ആരാധകർ!

അല്ലു അർജുൻ – സുകുമാർ കൂട്ടുകെട്ടിൽ പാൻ ഇന്ത്യ തലത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രമായിരുന്നു “പുഷ്പ ദി റൈസ്”. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഉള്ള ആരാധകർ വളരെ ആകാംക്ഷയോടെയാണ് ചിത്രത്തെ സംബന്ധിച്ചുള്ള വാർത്തകളെ നോക്കി കണ്ടത്. പാൻ ഇന്ത്യ തലത്തിൽ ഒരുക്കിയ ചിത്രം ആയത് കൊണ്ട് തന്നെ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി അല്ലു അർജുൻ രാജ്യത്തുടനീളം സഞ്ചരിച്ചു. ബാംഗ്ലൂരിൽ അല്ലു അർജുൻ പ്രസ്സ് കോൺഫ്രൻസിന് എത്തിയപ്പോൾ ഉണ്ടായ സംഭവം മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായ ഒന്നാണ്. അന്ന് അവിടെ ഉണ്ടായിരുന്ന ഒരു റിപ്പോർട്ടർ അല്ലുവിനോട് ദേഷ്യപ്പെടുകയുണ്ടായി.

പ്രസ് മീറ്റ് 11:30 ന് ആയിരുന്നു, എന്നാൽ നിങ്ങൾ 1:30 ന് എത്തി. 2 മണിക്കൂർ വൈകിയാണ് എത്തിയത്. മാധ്യമപ്രവർത്തകർക്കും ക്യാമറാമാനും വേണ്ടി നിങ്ങൾ 2 മണിക്കൂർ കാത്തിരിക്കുമോ? ഞങ്ങളെ ഇത്രയും നേരം താങ്കൾക്ക് വേണ്ടി കാത്തിരുത്തിയതിന്റെ പ്രധാന ഉദ്ദേശം എന്താണ്?” എന്നാണ് അല്ലു അർജുനിനോട് മാധ്യമ പ്രവർത്തകൻ ചോദിച്ചത്.സംഭവത്തിന് ഒടുവിൽ അല്ലു അർജുൻ മാധ്യമ പ്രവർത്തകനോട് മാപ്പ് ചോദിക്കുകയാണ് ഉണ്ടായത്. ഇപ്പോഴിതാ കന്നഡ സൂപ്പർ താരം യാഷിനും അതേ അനുഭവം ഉണ്ടായിരിക്കുകയാണ്.കെ. ജി. എഫ്. 2 ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി ആന്ധ്രപ്രദേശിലെ വിസാഗിൽ എത്തിയപ്പോഴാണ് താരത്തിനും അല്ലുവിൻ്റെ അനുഭവം ഉണ്ടായത്. ഒന്നര മണിക്കൂർ വൈകിയാണ് അദ്ദേഹവും എത്തിയത്. ഇത് മാധ്യമ പ്രവർത്തകരെ ചൊടിപ്പിച്ചു. യാഷ് വേദിയിൽ എത്തിയപാടെ തന്നെ മാധ്യമ പ്രവർത്തകരിൽ ഒരാൾ താരത്തോട് ഇതേ പറ്റി ചോദിച്ചു.

“ഞങ്ങളോട് 11 മണിക്ക് ഇവിടെ എത്താൻ പറഞ്ഞു, ഒരു മണിക്കൂറിലധികം കഴിഞ്ഞു, നിങ്ങൾ ഇപ്പോഴാണ് ഇവിടെ വന്നിരിക്കുന്നത്,” എന്നാണ് ഒരു തെലുങ്ക് മാധ്യമത്തിൻ്റെ റിപ്പോർട്ടർ ചോദിച്ചത്. എന്നാൽ യാഷ് ഉടനടി തന്നെ അവിടെ കൂടിയിരുന്ന മാധ്യമ പ്രവർത്തകരോട് മാപ്പ് പറയുകയും താൻ താമസിച്ചെത്തിയതിയതിനുള്ള കാരണം വ്യക്തമാക്കുകയും ചെയ്തു.

നിങ്ങളോട് എപ്പോഴാണ് ഇങ്ങോട്ട് വരാൻ ആവശ്യപ്പെട്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ കുറച്ച് മിനിറ്റുകളാണ് വൈകിയതെങ്കിലും എന്നോട് ക്ഷമിക്കണം” എന്നാണ് താരം പറഞ്ഞത്. കൂടാതെ, തൻ്റെ ടീം തന്നെ കൊണ്ടുപോകുന്നിടത്തെല്ലാം താൻ ഓടുകയാണെന്നും സ്വകാര്യ ജെറ്റുകളിൽ സഞ്ചരിക്കുന്നതിനാൽ പലയിടങ്ങളിലും ഇറങ്ങാൻ അനുമതി ആവശ്യമായതിനാൽ എത്താൻ വൈകുന്നതാണെന്നും യാഷ് കൂട്ടിച്ചേർത്തു.

അല്ലു അർജുൻ്റെ സംഭവത്തിന് പ്രതികാരം ചെയ്യുന്നതിനായി മാധ്യമപ്രവർത്തകൻ യാഷിനെ മനഃപൂർവം ലക്ഷ്യം വച്ചതാണെന്ന തരത്തിലുള്ള
ട്വീറ്റുകളും പോസ്റ്റുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. എന്തായാലും, യാഷ് മാപ്പ് പറയുകയും വൈകിയെത്തിയതിന് പിന്നിലെ കാരണം വിശദീകരിക്കുകയും ചെയ്തതിനാൽ പ്രശ്നം പരിഹരിക്കപ്പെട്ടു.

ഏറെനാളത്തെ കാത്തിരിപ്പിനും ഹൈപ്പിനുമിടയിൽ “കെ.ജി.എഫ്. ചാപ്റ്റർ 2 ” ലോകമെമ്പാടും റിലീസിന് ഒരുങ്ങുകയാണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്തും രവീണ ടണ്ടനും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹോംബാലെ ഫിലിംസിൻ്റെ ബാനറിൽ വിജയ് കിരഗന്തൂർ നിർമ്മിച്ച ‘കെ. ജി. എഫ്. ചാപ്റ്റർ 2’, ‘കെ. ജി. എഫ്.’ പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ്. ഏപ്രിൽ 14 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കെ. ജി. എഫ്. ചാപ്റ്റർ 2 ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനാവും നേടുക എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻ്റെ ആദ്യ ദിവസത്തെ ഷോയ്ക്ക് വേണ്ടിയുള്ള ബുക്കിങ് തന്നെ വളരെ വലുതാണ്. 14 കോടി രൂപയാണ് അഡ്വാൻസ് ബുക്കിങിന് മാത്രമായി ചിത്രത്തിന് ലഭിച്ചത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

about allu arjun

AJILI ANNAJOHN :