ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു, പ്രദര്‍ശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്

ഇളയദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗ്. ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം.

ഇക്കാര്യം വ്യക്തമാക്കി മുസ്ലിം ലീഗ് തമിഴ്‌നാട് അധ്യക്ഷന്‍ വി.എം.എസ്. മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിനു കത്ത് നല്‍കി. ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലീമുകള്‍ മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്നും ‘ബീസ്റ്റ്’ പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തില്‍ പറയുന്നു.

ചിത്രം കുവൈറ്റിലും നേരത്തെ നിരോധിച്ചിരുന്നു. എന്തുകൊണ്ടാണ് ചിത്രം രാജ്യത്ത് നിരോധിച്ചതെന്ന് വ്യക്തമല്ല. നേരത്തെ കുറുപ്പ്, എഫ്.ഐ.ആര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് കുവൈറ്റില്‍ നിരോധനമുണ്ടായിരുന്നു.

നെല്‍സണ്‍ ദിലീപ്കുമാര്‍ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രം ഏപ്രില്‍ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുക. വീര രാഘവന്‍ എന്ന സ്പൈ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.

Vijayasree Vijayasree :