കൊച്ചിയില്‍ നടന്ന ഓപ്പണ്‍ ഫോറം വിഷ്വല്‍സ് കണ്ടപ്പോള്‍ തനിക്കുണ്ടായ ചിന്തകൾ പങ്കുവെച്ച് എഴുത്തുകാരിയും നിരൂപകയുമായ എസ് ശാരദക്കുട്ടി.സെന്‍സിബിള്‍ അല്ലാത്ത ചോദ്യങ്ങള്‍ മനപൂര്‍വ്വം ചോദിക്കാനും വേദിയിലെ സ്ത്രീകളെ കൊണ്ടു തന്നെ അതിനെല്ലാം ഉത്തരം പറയിപ്പിക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഓപണ്‍ഫോറങ്ങളില്‍ ഉണ്ടാകുമ്പോള്‍ അവഗണിക്കുവാനും മിണ്ടാതിരിക്കുവാനും സ്ത്രീകള്‍ക്ക് കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്ന് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു
കുറിപ്പിന്റെ പൂർണ്ണ രൂപം
സെന്‍സിബ്ള്‍ അല്ലാത്ത ചോദ്യങ്ങള്‍ മന:പൂര്‍വ്വം ചോദിക്കുവാനും വേദിയിലെ സ്ത്രീകളെ കൊണ്ടു തന്നെ അതിനെല്ലാം ഉത്തരം പറയിപ്പിക്കുവാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഓപണ്‍ഫോറങ്ങളില്‍ ഉണ്ടാകുമ്പോള്‍ അവഗണിക്കുവാനും മിണ്ടാതിരിക്കുവാനും സ്ത്രീകള്‍ക്ക് കഴിഞ്ഞെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു. ‘ആരു പറഞ്ഞാലും മതി ‘ മട്ടിലുള്ള വഷളന്‍ചോദ്യങ്ങള്‍ക്ക് കൈ നീട്ടി മൈക്ക് വാങ്ങാന്‍ സ്ത്രീകള്‍ നില്‍ക്കരുത്. ‘എന്നോടാണ് ചോദ്യമെങ്കില്‍ കൃത്യമായ ചോദ്യമായിരിക്കണമത് ‘ എന്ന ഉറച്ച നിലപാടുണ്ടാകണമെന്നും ഞാനാഗ്രഹിച്ചു പോകുകയാണ്.
പ്രകോപനമുണ്ടാക്കാനുള്ള പൊട്ടച്ചോദ്യങ്ങള്‍ക്ക് ഒന്നുകില്‍ മൗനം അല്ലെങ്കില്‍ ഒറ്റവാചകത്തിലപ്പുറം നീളാത്ത മുഖമടച്ച മറുപടി അതേ വേണ്ടു. ഗൗരവമില്ലാത്ത ചോദ്യങ്ങള്‍ക്കുത്തരം തരാനല്ല ഞങ്ങള്‍ വന്നിവിടെയിരിക്കുന്നതെന്നു നേരെയങ്ങു പറയാന്‍ കഴിയണം. പറയിപ്പിച്ചു രസിക്കല്‍ അനുവദിച്ചു കൊടുക്കരുത്. ആള്‍ക്കൂട്ടത്തെ പഠിപ്പിക്കലല്ല , വേറെ ഒരുപാട് പണിയുണ്ടെന്ന് റിമ കല്ലിങ്കല്‍ Rima Rajan പറഞ്ഞതാണ്, അതു മാത്രമാണ് ശരിയായ മറുപടി.
എനിക്ക് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കോളേജില്‍ വെച്ച് നടന്ന സെമിനാറില്‍ ഒരു അധ്യാപകന്റെ ഭാഗത്തു നിന്നുണ്ടായ അപ്രതീക്ഷിതമായ വാചകാക്രമണത്തിന് തക്ക മറുപടി കൊടുക്കാനായില്ല. അതിനു ശേഷം എന്നും എപ്പോഴും ഞാനൊരു വഷളനെ ആള്‍ക്കൂട്ടത്തില്‍ പ്രതീക്ഷിക്കുകയും മുന്‍കരുതലെടുക്കുകയും ചെയ്യാറുണ്ട്. കൊച്ചിയില്‍ നടന്ന പ്രാദേശിക ചലച്ചിത്രോത്സവത്തിന്റെ open forum visuals കണ്ടപ്പോള്‍ തോന്നിയത്.