ചര്‍ച്ച ചെയ്യാതെ പോയ യഥാര്‍ത്ഥ സംഭവത്തെ വെള്ളിത്തിരയിലെത്തിച്ചു, ‘ദി കശ്മീര്‍ ഫയല്‍സ്’ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയെ ആദരിച്ച് ഒഹായോ സ്റ്റേറ്റ് സെനറ്റ്

റിലീസിന് മുന്നേ തന്നെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച ചിത്രമായിരുന്നു ‘ദി കശ്മീര്‍ ഫയല്‍സ്’. കശ്മീരി പണ്ഡിറ്റുകളുടെ പാലായനത്തിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസില്‍ വന്‍ നേട്ടം കൈവരിച്ചിരുന്നു. ഇപ്പോഴിതാ ചര്‍ച്ച ചെയ്യാതെ പോയ യഥാര്‍ത്ഥ സംഭവത്തെ വെള്ളിത്തിരയിലെത്തിച്ചതിന് ചലച്ചിത്ര സംവിധായകന്‍ വിവേക് അഗ്നിഹോത്രിയെ ആദരിച്ചിരിക്കുകയാണ് ഒഹായോ സ്റ്റേറ്റ് സെനറ്റ്.

ചരിത്രപരമായ പ്രാധാന്യമര്‍ഹിക്കുന്നതാണ് ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം. മാതൃരാജ്യത്ത് വംശഹത്യയ്ക്ക് ഇരയാവുകയും നിര്‍ബന്ധിത പലായനത്തിന് വിധേയരാവേണ്ടിയും വന്ന കശ്മീരി പണ്ഡിറ്റുകളെ കഥാപാത്രങ്ങളാക്കിയ സംവിധായകനെ ആദരിക്കുകയാണെന്ന് അമേരിക്കന്‍ സംസ്ഥാനമായ ഒഹായോയുടെ സെനേറ്റര്‍ നീരജ് അതാനി പറഞ്ഞു.

അംഗീകാരത്തിന് നന്ദിയറിയിച്ച സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി ലോകമിപ്പോള്‍ കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട വംശഹത്യയെ തിരിച്ചറിയുകയാണെന്ന് ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയുണ്ടെന്നും സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചു. പ്രശസ്തിപത്രം നല്‍കിയാണ് അംഗീകാരം നല്‍കിയത്.

മാര്‍ച്ച് 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസ് ആദ്യം 630 തിയേറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ പിന്നീട് രണ്ടായിരത്തോളം സ്‌ക്രീനുകളിലായിരുന്നു പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ ഇത് 4000മായി വര്‍ധിച്ചു. ഇതിനോടകം തന്നെ ചിത്രം 250 കോടി ക്ലബ്ബില്‍ കയറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Vijayasree Vijayasree :