കൊറോണയിൽ മരുഭൂമിയിൽ അകപ്പെട്ട പൃഥ്വി വീണ്ടും മരുഭൂമിയിലേക്ക് , ഇക്കുറി നജീബിന്റെ കഥ പകർത്താൻ; ഒപ്പം ഉയരുന്ന കോപ്പിയടി വിവാദവും!

എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ സിനിമയാകുന്നു എന്ന വാർത്ത മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയാണ്. ഇപ്പോഴിതാ, സഹാറ മരുഭൂമിയിൽ നിന്നുള്ള ആദ്യ വിഡിയോ പങ്കുവച്ച് പൃഥ്വിരാജ് വീണ്ടും ആടുജീവിതം ഷൂട്ടിങ്ങിലേക്ക് കടന്നിരിക്കുന്നു എന്ന സൂചന നൽകിയിരിക്കുകയാണ് .

‘ആടുജീവിതം’ സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണത്തിന്റെ ഭാഗമായാണ് പൃഥ്വിരാജ് അൾജീരിയയിൽ എത്തിയത്. അടുത്ത നാൽപത് ദിവസത്തോളം സഹാറ മരുഭൂമിയിൽ ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആടുജീവിതത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ജൂണിലാകും പൃഥ്വി തിരിച്ചു നാട്ടിലെത്തുക. മാർച്ച് 31 നാണ് താരം അൾജീരിയയിലേക്കു തിരിച്ചത്.

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു.

“ശരീരത്തിന് മാറ്റം വേണമെന്ന് ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി 2008 ല്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. അതുപോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത് അസാധ്യമാണ്. വാസ്തവത്തില്‍ ആടുജീവിതത്തിന്റെ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല.

അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ സ്റ്റില്‍സോ പുറത്ത് വന്നിട്ടില്ല. ആടുജീവിതത്തിനു ശേഷം ജോര്‍ദാനില്‍നിന്ന് തിരിച്ച് വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിങ് മുടങ്ങി അകപ്പെട്ടുപോയതിനു ശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് നിങ്ങള്‍ കണ്ടത്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും.’’

അതേസമയം, ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ കോപ്പിയടിയാണെന്ന ആരോപണവുമായി സോഷ്യൽ മീഡിയ. മുഹമ്മദ് അസദിന്റെ ‘ദി റോഡ് ടു മെക്ക’ എന്ന നോവലിൽ നിന്നും പകർത്തിയെടുത്തതാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. സമാനമായ ആരോപണങ്ങൾ ഇതിനു മുന്നേയും ഉയർന്നിട്ടുണ്ടെങ്കിലും ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുകയാണ്.

തെളിവുകൾ സഹിതം പബ്ലിക് പോസ്റ്റാക്കിയിട്ടാണ് ചർച്ചകൾ. കോമ്രേഡ് ബെന്നിയുടെ മുഴുവൻ പുസ്തകങ്ങളും മുടിനാരിഴകീറി പരിശോധിക്കണം. അവയെ ലോകത്തിന്റെ മുക്കിലും മൂലയിലുമായി ഇറങ്ങിയ സാധ്യമായ എല്ലാ കൃതികളോടും തുലനം ചെയ്യണം. മലയാള സാഹിത്യത്തിലെ കപട മുഖങ്ങളെ ഒന്നൊന്നായി പൊതുമധ്യത്തിൽ കൊണ്ടുവരണം. മുഖം മൂടി അഴിക്കണം. എന്നാണ് പ്രതികരണങ്ങൾ ,.

about aadujeevitham

Safana Safu :