നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുകയാണ്. കേസിലെ അന്വേഷണത്തിന് തീർച്ചയായും കൂടുതല്‍ സമയം നല്‍കണമെന്ന് റിട്ട.എസ്പി ജോർജ് ജോസഫ്.
അന്വേഷണ സംഘത്തിന്റെ ആവശ്യം തീർച്ചയായും നീതീകരിക്കാന്‍ കഴിയുന്ന ഒരു കാര്യമാണ്. കുറേ ദിവസമായ ഞാന്‍ ഇക്കാര്യം പറയുന്നുണ്ട്. മാധ്യമങ്ങളിലൂടെയൊക്കെ എന്തൊക്കെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വിശദമായ അന്വേഷിക്കാനുള്ള സമയം ഉദ്യോഗസ്ഥന്‍മാർക്ക് വേണ്ടതുണ്ടെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു. ചുമ്മാ എന്തെങ്കിലും റിപ്പോർട്ട് എഴുതിക്കൊടുത്താല്‍പ്പോരല്ലോ? അതുകൊണ്ട് തന്നെയാണ് ഈ പതിനഞ്ച് വരേയുള്ള സമയം പോരെന്ന് ഞാന്‍ മുമ്പ് പലതവണ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തില്‍ റിപ്പോർട്ടർ ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തുടരന്വേഷണത്തിനായി മൂന്ന് മാസം കൂടി നീട്ടി നല്‍കുന്നതായിരിക്കും ഉചിതം. നിരവധി വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇനിയും വിവരങ്ങള്‍ പുറത്ത് വന്നേക്കാം. അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയും തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയും വേണം. അല്ലാതെ ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് കേട്ടയുടനെ അന്വേഷണം തീർന്നെന്ന് വിചാരിക്കാന്‍ സാധിക്കുമോയെന്നും ജോർജ് ജോസഫ് ചോദിക്കുന്നു.
മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഓരോന്നായി വെളിയിലേക്ക് വരികയാണ്. അതിന്റെയെല്ലാം ഫോറന്‍സിക് റിപ്പോർട്ടുകള്‍ വേണം. എന്നാല്‍ അല്ലേ പൊലീസിന് കുറ്റചാർജ് കൊടുക്കാന്‍ സാധിക്കുകയുള്ളു. അതുമാത്രമല്ലേ മൊബൈലില്‍ നിന്നും പുറത്ത് വരുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. കോടതിയില്‍ നിന്നും ചില രേഖകള്‍ വെളിയില്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്. അവരെ ചോദ്യം ചെയ്യുകയും സാക്ഷിയാക്കുയും വേണം.
കേസുമായി ബന്ധപ്പെട്ട ചെറിയ കാര്യത്തിന് തന്നെ എത്ര ദിവസം എടുക്കും. അതുകൊണ്ട് തന്നെ ഇതൊന്നും പെട്ടെന്ന് പൂർത്തിയാക്കി കൊടുക്കാന്‍ സാധിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട സമയപരിധി കോടതി അനുവദിച്ച് കൊടുക്കണം. ഒരു മൂന്ന് മാസം കൂടി കൊടുത്താല്‍ അന്വേഷണം പൂർത്തിയാക്കാന്‍ സാധിച്ചേക്കുമെന്നാണ് എന്റെ കണക്ക് കൂട്ടലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സമയപരിധി പാലിച്ചില്ലാ എന്നുള്ളത് ഒരിക്കലും ഒരു വീഴ്ചയായി കാണാന്‍ സാധിക്കില്ല. അന്വേഷണം പൊലീസിന്റെ കയ്യിലാണ്. ഒരു കേസിലെ അന്വേഷണം അറിയാത്ത ആള്‍ക്ക് സമയപരധി പറയാന്‍ സാധിക്കില്ല. ദിലീപിനെ പോലെ ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ എത്ര ദിവസം വേണ്ടി വരും. അയാള്‍ ഒരു കാര്യത്തിനും ഉത്തരം നല്‍കില്ല, അല്ലെങ്കില്‍ വഴങ്ങില്ല. ആ മൂന്ന് ദിവസം കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന് വേറെ വല്ല കാര്യങ്ങളും അന്വേഷിക്കാന്‍ സാധിക്കുമോ.
കുറ്റചാർജ് ചിലപ്പോള്‍ ഒരു അഞ്ഞൂറ് പേജോ, ആയിരം പേജോ ഒക്കെയോ കാണുകയുള്ളു. പക്ഷെ അതിന് എത്ര സമയമെടുക്കും. ഒന്നോ രണ്ടോ വർഷം എടുത്തെന്ന് വരും. ഈ കേസില്‍ തന്നെ സായി ശങ്കർ ഒളിവിലാണ്. അയാളെ കണ്ടെത്തി കഴിഞ്ഞാല്‍ അയാളെ ചോദ്യം ചെയ്തതിന് ശേഷമുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയല്ലേ കുറ്റചാർജ് കൊടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ജോർജ് ജോസഫ് ചോദിക്കുന്നു.
ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ കേസ് തീർക്കാം. എത്രയോ പേരെ ചോദ്യം ചെയ്യാനുണ്ട്. കാവ്യാ മാധവനേയും മറ്റൊരു നടിയേയും ചോദ്യം ചെയ്യണ്ടേ. ചോദ്യം ചെയ്യലിനായി അവർ വരേണ്ടതുണ്ട്. അവരിപ്പോള്‍ വിദേശത്തൊക്കെ ആയിരിക്കും. ഈ പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇതെല്ലാം പൂർത്തിയാക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും ജോർജ് ജോസഫ് റിപ്പോർട്ടർ ടിവിയോട് വ്യക്തമാക്കുന്നു.