മലയാളികളിൽ പോലും ഏറെ ആരാധകരുള്ള കൊറിയൻ ബോയ് ബാൻഡ്. എന്നാൽ, 64ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കൊറിയൻ ബോയ് ബാൻഡ് ബിടിഎസിന് വീണ്ടും നിരാശയായിരുന്നു ഫലം. ഗ്രാമിയിൽ മുത്തമിടാനാകാതെ നിരാശയോടെയാണ് ഏഴംഗസംഗം മടങ്ങിയത് .
മികച്ച ഗ്രൂപ് പെർഫോമൻസ് വിഭാഗത്തിലേയ്ക്കായിരുന്നു ബിടിഎസിനു നാമനിർദേശം ലഭിച്ചത്. സംഘത്തിന്റെ ‘ബട്ടർ’ ആണ് പരിഗണിക്കപ്പെട്ടത്. എന്നാൽ ഈ വിഭാഗത്തിൽ ദോജാ ക്യാറ്റ്, സ്‌സ എന്നിവരുടെ ‘കിസ് മി മോർ’ പുരസ്കാരം സ്വന്തമാക്കി.
ഈ വർഷത്തെ ഗ്രാമി നാമനിർദേശപ്പട്ടിക പുറത്തുവന്നപ്പോൾ മുതൽ ബിടിഎസും ആരാധകവൃന്ദവും നിരാശയിലായിരുന്നു. മൂന്ന് വിഭാഗങ്ങളിലെങ്കിലും നാമനിർദേശം ലഭിക്കുമെന്നു കരുതി കാത്തിരുന്ന സംഘത്തിന് ഒരു വിഭാഗത്തിലായി ഒതുങ്ങേണ്ടി വന്നു. ബിടിഎസ് ഗ്രാമിയിൽ അന്യായമായി തഴയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി ലോകമെമ്പാടുമുള്ള ആരാധകർ പ്രതിഷേധമറിയിച്ചിരുന്നു.
കഴിഞ്ഞ വർഷവും ബിടിഎസിനു ഗ്രാമി നാമനിർദേശം ലഭിച്ചിരുന്നു. മികച്ച പോപ്പ് ഡ്യുവോ / ഗ്രൂപ്പ് പെർഫോമൻസ് വിഭാഗത്തിലേയ്ക്ക് ബാൻഡിന്റെ ‘ഡയനാമൈറ്റ്’ മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഈ വിഭാഗത്തിൽ പോപ് താരം ലേഡി ഗാഗയും അരിയാനാ ഗ്രാന്‍ഡെയും ചേർന്നൊരുക്കിയ ‘റെയിൻ ഓൺ മി’ എന്ന ആൽബമാണ് നേട്ടം കൈവരിച്ചത്.
2013ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, ബിടിഎസ് എന്ന് വിളിപ്പേരുള്ള ‘ബാങ്ങ്ടാൻ സോണിയോണ്ടൻ’ എന്ന ബാൻഡ് ആകർഷണീയമായ സംഗീതത്തോടൊപ്പം യുവജനങ്ങളെ ശാക്തീകരിക്കാൻ ഉതകുന്ന തരത്തിലുള്ള വരികളുമായി സാമൂഹിക പ്രചാരണങ്ങളും നടത്തി മുന്നേറുകയാണ്.
ബാൻഡ് ഇതിനോടകം തന്നെ ബിൽബോർഡ് മ്യൂസിക് അവാർഡ്, അമേരിക്കൻ മ്യൂസിക് അവാർഡ്, എംടിവി യൂറോപ്പ് മ്യൂസിക് അവാർഡ് ഇനീ ബഹുമതികൾ നേടിയിട്ടുണ്ട്. ആർഎം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജംഗ്‌കുക്ക് എന്നിവരടങ്ങിയ ബിടിഎസ് ഈ വർഷം ലിൻ നാസ് എക്‌സിന്റെ ‘ഓൾഡ് ടൗൺ റോഡ്സ്’ സ്റ്റേജിന്റെ ഭാഗമായി ആദ്യമായി ഗ്രാമിയിൽ തിളങ്ങുന്ന കൊറിയൻ ബാൻഡ് ആയി ചരിത്രം കുറിച്ചു. ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഈ പ്രകടനം ഇപ്പോൾ തന്നെ സംഗീതപ്രേമികളുടെയിടയിൽ ചർച്ചയായിട്ടുണ്ട് .
about grammy awards