മാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിന്റെ ദുരൂഹ മരണത്തിന് പ്രാധാന്യം നല്‍കാതെ മുഖ്യധാരാ മാധ്യമങ്ങള്‍ മാറി നില്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ആഞ്ഞടിക്കുകയാണ്. പ്രദീപിന്റെ മരണത്തിനുത്തരവാദികളെ എത്രയും വേഗം വെളിച്ചത്ത് കൊണ്ടുവരാന്‍ ശക്തമായ പ്രതിഷേധമാണ് ഇതിനോടകം ഉയരുന്നത്. വാര്‍ത്താവതരണത്തില്‍ അതിശക്ത നിലപാട് എടുത്ത പ്രദീപിന്റെ മരണം കൊലപാതകമാണോ എന്ന സംശയം ശക്തമാകുകയാണ്.
പ്രദീപിന്റ് മരണം കൊലപാതകം തന്നെയെന്ന് ആവര്‍ത്തിച്ച് സുഹൃത്തും സംവിധായകനുമായ സനല്‍ കുമാര്‍ ശശിധരന്‍ വീണ്ടും എത്തിയിരിക്കുകയാണ് . പ്രദീപിന്റെത് ആസൂത്രിതമായ ഒരു കൊലപാതകമാണെന്നുള്ളതിന് കൊലപാതകം നടന്ന ഉടന്‍ ശരീരം കണ്ട ആളുകളുടെ ദൃക്സാക്ഷി വിവരണം മാത്രം മതിയെന്ന് സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിങ്ങനെ:
പ്രദീപിന്റെത് ആസൂത്രിതമായ ഒരു കൊലപാതകമാണെന്നുള്ളതിന് കൊലപാതകം നടന്ന ഉടൻ ശരീരം കണ്ട ആളുകളുടെ ദൃക്സാക്ഷി വിവരണം മാത്രം മതി. ആരാണ് എന്തിനാണ് കൊന്നതെന്ന് മാത്രം അറിഞ്ഞാൽ മതി.
- ടിപ്പർ ലോറി ഇടിച്ചു എന്നാണ് പോലീസ് ഭാഷ്യം. പക്ഷെ പ്രദീപിന്റെ സ്‌കൂട്ടറിൽ എവിടെയും ടിപ്പർ ലോറി ഇടിച്ചതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല.
- പ്രദീപിന്റെ ശരീരം സ്‌കൂട്ടറിൽ ഇരിക്കുന്ന നിലയിൽ റോഡിൽ കിടക്കുകയായിരുന്നു എന്നും തലയിലൂടെ മാത്രം ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു എന്നുമാണ് ദൃക്‌സാക്ഷ്യം. ടിപ്പർ ഇടിക്കുകയായിരുന്നു എങ്കിൽ അങ്ങനെ സാധ്യമല്ല.
- സിസിടിവി ദൃശ്യങ്ങൾ നോക്കിയാൽ പ്രദീപിന്റെ മുന്നിൽ പോയിരുന്ന ഒരു ബൈക്ക് സ്ലോ ആകുന്നതും ലോറി മുന്നോട്ട് പാഞ്ഞു പോയ ശേഷവും അവിടെ ഒരല്പം നിൽക്കുന്നതും കാണാൻ കഴിയും. മാത്രമല്ല മറ്റു രണ്ട് ബൈക്കുകളും അവിടേക്ക് വന്ന് ചേരുന്നതും കാണാം.
- കൃത്യം നടന്ന സ്ഥലത്തേ റോഡ് ഫയർ ഫോഴ്സ് കഴുകി വൃത്തിയാക്കി എന്ന് പറയുന്നു. തെളിവ് നശിപ്പിക്കാനല്ലെങ്കിൽ പിന്നെ എന്തിനായിരുന്നു അത്?
- പ്രദീപിന്റെ ബോഡി അൺ ഐഡന്റിഫൈഡ് എന്നാണ് രേഖയിൽ ഉൾപ്പെടുത്തി മോർച്ചറിയിൽ മാറ്റിയതെന്ന് കേൾക്കുന്നു. മരണവാർത്ത അറിഞ്ഞ ചില സുഹൃത്തുക്കൾ മെഡിക്കൽ കോളേജിൽ പോയിരുന്നു. അവന്റെ പോക്കറ്റിൽ ഐഡി കാർഡ് ഉണ്ടായിരുന്നു എന്നിട്ടും അങ്ങനെ ചെയ്തെങ്കിൽ അതെന്തിനായിരിക്കണം?
6.പ്രദീപ് കഴിഞ്ഞ മൂന്നുമാസത്തിനിടെ പുറത്തു വിട്ട വാർത്തകൾ ഈ കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്ന് നോക്കേണ്ടതില്ലേ?
പ്രദീപിന്റെ കൊലപാതകികളെ കണ്ടുപിടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ ആവശ്യവുമായി ഒറ്റയ്ക്ക് ആരിറങ്ങി തിരിച്ചാലും അപകടമാണ്. പ്രദീപിന്റെ അമ്മയും ഭാര്യയും ശക്തമായി മുന്നോട്ട് പോകും എന്ന് പറയുന്നു. അവരെ ഒറ്റയ്ക്കാക്കരുത്. ദയവുചെയ്ത് സോഷ്യൽ മീഡിയയിലെങ്കിലും ഓരോരുത്തരും ശബ്ദമുയർത്തണം.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണ് മാധ്യമ പ്രവര്‍ത്തകനായ എസ്.വി പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. നിര്‍ത്താതെ പോയ ലോറി ഡ്രൈവര്‍ ജോയിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .മരണത്തിൽ അസ്വാഭാവികത ഇല്ല എന്നാണ് പോലീസ് റിപ്പോർട്ട് .എന്നാൽ സംഭവിച്ചത് വെറും ഒരു അപകട മരണം അല്ലെന്നും പിന്നിൽ ഗൂഢാലോചയുണ്ട് എന്നുമാണ് കുടുംബം ആരോപിക്കുന്നത്