അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്, അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ല; വധഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍, എഫ്‌ഐആര്‍ റദ്ദാക്കരുതെന്നും ആവശ്യം

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ വധഗൂഢാലോചന കേസ് സിബിഐയ്ക്ക് വിട്ടുകൂടെയെന്ന ഹൈക്കോടതി ചോദ്യത്തിനെ എതിര്‍ത്ത് സര്‍ക്കാര്‍. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും, അന്വേഷണത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വധഗൂഢാലോചനയെന്ന് കോടതി പറഞ്ഞു.

അതുകൊണ്ട് സിബിഐയ്ക്ക് വിടേണ്ട ആവശ്യമില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറ്റെന്തെങ്കിലും താല്‍പര്യങ്ങളുണ്ടോ എന്നും കോടതി ചോദിച്ചു. നേരത്തെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസില്‍ എഫ്ഐആര്‍ റദ്ദാക്കുന്നില്ലായെങ്കില്‍ സ്വതന്ത്ര്യ അന്വേഷണം വേണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പരിഗണിക്കവേ ആണ് ഹൈക്കോടതിയുടെ ചോദ്യം.

കഴിഞ്ഞ ദിവസം വാദം നടക്കവെ വെറും വാക്ക് പറഞ്ഞത് ഗൂഢാലോചന ആകുമോ എന്നതടക്കമുള്ള ചില ചോദ്യങ്ങള്‍ ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ദിലീപിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നതാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. വധഗൂഢാലോചനക്കേസിന്റെ പേരില്‍ പൊലീസ് തന്നെ പീഡിപ്പിക്കുന്നുവെന്നാണ് ദിലീപിന്റെ വാദം.

മാത്രവുമല്ല, കേസിന്റെ പേരില്‍ പല തവണ തന്റെ വീട്ടില്‍ റെയ്ഡ് നടന്നുവെന്നും കുടുംബാംഗങ്ങളെയടക്കം പ്രതികളാക്കി ക്രൈംബ്രാഞ്ച് കള്ളക്കഥകള്‍ മെനയുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ നടന്ന വാദത്തില്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

നേരത്തെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് കോടതി ചോദിച്ചു. തെളിവുകളുണ്ടെങ്കില്‍ നേരത്തെ പരാതി ഉന്നയിക്കാത്തത് എന്തുകൊണ്ടാണ്. ഇത് ബാലചന്ദ്രകുമാറിന് ദുരുദ്ദേശമുണ്ടെന്ന് സംശയമുണ്ടാക്കില്ലേയെന്നും കോടതി ചോദിച്ചു. ഹര്‍ജിയില്‍ വാദം തുടരുകയാണ്. കേസില്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുന്നത്. ദിലീപ് ഫോണുകള്‍ മുബൈയിലേക്കയച്ചത് തെളിവ് നശിപ്പിക്കാനാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണ് ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ഒന്നും മറയ്ക്കാനില്ലെങ്കില്‍ കോടതി ഉത്തരവിട്ട ശേഷം എന്തിന് തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ദിലീപിനെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കാനാവില്ലെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മറ്റൊരു ബഞ്ച് തള്ളിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപിന്റെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.

Vijayasree Vijayasree :