ഗൂഢാലോചന കേസിലെ വിഐപി ശരത്ത് ആണെന്ന് ക്രൈംബ്രാഞ്ച്; കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ്

കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ വിഐപി ശരത്ത് ആണെന്നു ക്രൈംബ്രാഞ്ച്. നടന്‍ ദിലീപിന്റെ സുഹൃത്തായ ശരത്ത്, കേസില്‍ ആറാം പ്രതിയാണെന്നും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വന്നശേഷം അറസ്റ്റ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും വാദം കേട്ടു. കേസിന്റെ നിലനില്‍പ്പില്‍ ഹൈക്കോടതി സംശയമുന്നയിച്ചു. വ്യക്തമായ തെളിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിന്റെ പേരില്‍ നടക്കുന്നതു പീഡനമാണെന്ന് ദിലീപ് കോടതിയില്‍ ബോധിപ്പിച്ചു. ഹര്‍ജിയില്‍ നാളെ വാദം തുടരും

മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ പരാതി നല്‍കുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ടെന്നും ദിലീപ് പറയുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനൊപ്പം ജോലി ചെയ്യുന്ന പൊലീസുകാരന്‍ ബാലചന്ദ്രകുമാറിനെ കണ്ടെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.

എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് ദിലീപ് വാദങ്ങള്‍ ഉന്നയിച്ചത്. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

എന്നാല്‍ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് നേരത്തെ ദിലീപ് കോടതിയെ അറിയിച്ചത്. കേസുമായി ബന്ധമില്ലാത്ത വാട്‌സ്ആപ്പ് ചാറ്റുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തത്.

Vijayasree Vijayasree :