രണ്ട് മാസമായി ഐസിയുവില്‍; പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോളിന് സഹായ അഭ്യര്‍ത്ഥനയുമായി സുഹൃത്തുക്കള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ വ്യക്തിയാണ് പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകനും പ്രഭാഷകനുമായ ജോണ്‍പോള്‍. ഇപ്പോഴിതാ കഴിഞ്ഞ രണ്ട് മാസത്തോളമായി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ജോണ്‍പോളിനുവേണ്ടി സഹായമഭ്യര്‍ഥിച്ച് എത്തിയിരിക്കുകയാണ് സിനിമാ മേഖലയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍.

മലയാളത്തില്‍ ഒട്ടനവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ജോണ്‍പോളിന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ ഭാഗമായാണ് പൊതുസമൂഹത്തില്‍ നിന്നും സുഹൃത്തുക്കള്‍ സഹായം തേടിയെത്തിയിരിക്കുന്നത്. രണ്ടുമാസമായി അദ്ദേഹം ഐസിയുവിലാണ്. ഈ കാലയളവിലെ ചികിത്സ നടത്തിയതോടെ അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാണെന്നും അതിനാല്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ചികിത്സാ സഹായ നിധി ആരംഭിച്ചിരിക്കുകയാണെന്നുമാണ് അറിയിച്ചിരിക്കുന്നത്.

അതിനാല്‍ ജോണ്‍പോളിന്റെ മകളുടെ ഭര്‍ത്താവ് ജിബി എബ്രഹാമിന്റെ അക്കൗണ്ടിലേക്ക് സഹായം അയക്കണമെന്നുമാണ് സുഹൃത്തുക്കള്‍ അഭ്യര്‍ഥനയുമായി എത്തിയിരിക്കുന്നത്. ജിബി അബ്രഹാമിന്റെ എസ്.ബി.ഐ കാക്കൂര്‍ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പറും സഹായഭ്യര്‍ഥനയുടെ കൂടെ നല്‍കിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67258022274. ഐ.എഫ്.എസ്.സി: SBIN0070543. 9446610002 എന്ന നമ്പറിലേക്ക് ഗൂഗിള്‍ പേ ആയും സഹായങ്ങള്‍ അയക്കാവുന്നതാണ്.

പ്രൊഫ. എം.കെ സാനു, പ്രൊഫ. എം. തോമസ് മാത്യൂ, ഫാ. തോമസ് പുതുശ്ശേരി, എം. മോഹന്‍, സി.ഐ.സി.സി ജയചന്ദ്രന്‍, പി. രാമചന്ദ്രന്‍, അഡ്വ. മനു റോയ്, സി.ജി രാജഗോപാല്‍, ജോണ്‍സണ്‍ സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവര്‍ ചേര്‍ന്നാണ് ജോണ്‍പോളിനായി സഹായഭ്യര്‍ഥന നടത്തിയിരിക്കുന്നത്.

Vijayasree Vijayasree :