എനിക്കാണെങ്കില്‍ ഈ സിനിമ വേണം ഇന്‍ഡസ്ട്രിയുടെ പുറത്താണോ അകത്താണോ എന്ന് ഉറപ്പിക്കാന്‍; അതിനിടയിൽ എനിക്ക് ഭ്രാന്താണെന്നും ചാന്‍സ് തന്നില്ലെങ്കില്‍ ഞാന്‍ സംവിധായകനെ കൊല്ലുമെന്നും ഇവര്‍ അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു ;ഇന്‍ ഹരിഹര്‍ നഗര്‍ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് സിദ്ദിഖ്

നിരവധി കഥാപാത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടനാണ് സിദ്ദിഖ്.
സിദ്ദിഖ് എന്ന നടനെ മലയാള സിനിമ ഏറ്റെടുത്ത ചിത്രമായിരുന്നു ഇന്‍ ഹരി ഹര്‍ നഗര്‍. ചിത്രത്തില്‍ ഗോവിന്ദന്‍ കുട്ടിയെന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു സിദ്ദിഖ്. സിദ്ദിഖിന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ഒരു വേഷമായിരുന്നു ഇത്.

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ചില രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സിദ്ദിഖ്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷും അശോകനും ജഗദീഷും എല്ലാം ചേര്‍ന്ന് തന്നെ റാഗ് ചെയ്തതിനെ കുറിച്ചും തന്നെ കുറിച്ച് ചിത്രത്തിലെ നായികയായ ഗീത വിജയനോട് പറഞ്ഞ കള്ളത്തെ കുറിച്ചുമൊക്കെയാണ് സിദ്ദിഖ് പറയുന്നത്.

ഇന്‍ ഹരിഹര്‍ നഗര്‍ ചെയ്യുമ്പോള്‍ ഞാനാണ് ഏറ്റവും ജൂനിയര്‍. മുകേഷും ജഗദീഷും അശോകനുമൊക്കെ എന്നേക്കാള്‍ സീനിയര്‍ ആക്ടേഴ്‌സാണ്. അപ്പോള്‍ പ്രധാനമായും അവര്‍ എന്നെയാണ് റാഗ് ചെയ്യുന്നത്. എന്നെ റാഗ് ചെയ്ത് കൊല്ലലാണ് ഇവരുടെ പണി.

എനിക്കാണെങ്കില്‍ ഈ സിനിമ വേണം ഞാന്‍ ഇന്‍ഡസ്ട്രിയുടെ പുറത്താണോ അകത്താണോ എന്ന് ഉറപ്പിക്കാന്‍. ഈ സിനിമ ഹിറ്റാകുകയും എന്റെ കഥാപാത്രം നന്നാവുകയും ചെയ്താലേ എനിക്ക് ഇനി സിനിമയില്‍ തുടരാന്‍ പറ്റുള്ളൂ. ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ ഭാവി നിശ്ചയിക്കുന്ന സിനിമയായിരുന്നു അത്. ഞാന്‍ അതിന്റെ ടെന്‍ഷനിലാണ്. ഇപ്പോഴും നിങ്ങള്‍ക്ക് ആ സിനിമ കണ്ടാല്‍ മനസിലാകും.

എന്റെ വീഴ്ചയൊക്കെ കണ്ടാല്‍ കാണുന്നവന് വേദനയെടുക്കും. ഞാന്‍ ഒറിജിനലായിട്ടാണ് തലതല്ലി വീഴുന്നതും മതില് ചാടി വീഴുന്നതുമെല്ലാം. അതിനിടെയാണ് ഈ റാഗിങ്. അങ്ങനെയിരിക്കെ ഞാന്‍ നോക്കുമ്പോള്‍ ചിത്രത്തിലെ നായികയായ ഗീത വിജയന്‍ എന്നെ കാണുമ്പോള്‍ അങ്ങനെ സംസാരിക്കുന്നൊന്നുമില്ല.ഇവര്‍ നാല് പേരും കൂടി ഇരിക്കുന്നിടത്തേക്ക് അവര്‍ക്കൊപ്പം ഇരിക്കാന്‍ ഞാന്‍ വന്നാല്‍ ഗീത വിജയന്‍ പതുക്കെ എഴുന്നേറ്റ് പോകും. ഞാന്‍ വിചാരിച്ചു അവര്‍ക്ക് എന്നെ അങ്ങനെ പരിചയമൊന്നുമില്ലല്ലോ അതുകൊണ്ടായിരിക്കുമെന്ന്. കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് കാര്യം മനസിലാക്കുന്നത്.

ഇവര്‍ മൂന്ന് പേരും കൂടെ ഗീത വിജയന്റെ അടുത്ത് പറഞ്ഞിരിക്കുന്നത് എനിക്ക് ഭ്രാന്താണെന്നും ഭ്രാന്താശുപത്രിയില്‍ നിന്നും കൊണ്ടുവന്നിരിക്കുകയാണെന്നുമാണ്. ഞാന്‍ സംവിധായകന്‍ സിദ്ദിഖിന്റെ അടുത്ത സുഹൃത്താണെന്നും അതുകൊണ്ട് റോള്‍ കൊടുത്തിരിക്കുകയാണെന്നുമാണ് പറഞ്ഞുവെച്ചിരിക്കുന്നത്. മാത്രമല്ല റോള്‍ കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ഇയാള്‍ സിദ്ദിഖിനെ കൊല്ലുമെന്നും പറഞ്ഞുവെച്ചു. ഇത് കേട്ടിട്ട് ഇവര്‍ക്ക് എന്നെ പേടിയാണ്. പിന്നീട് ഇതിന്റെ സത്യാവസ്ഥ അവര്‍ തന്നെ ഗീതയോട് പറഞ്ഞു.

about siddique

AJILI ANNAJOHN :