മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി പറഞ്ഞ തുക തരാതെ പറ്റിച്ചു ; പ്രശസ്ത നിർമ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നടൻ ശിവ കാർത്തികേയൻ !

നിർമ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നടൻ ശിവ കാർത്തികേയൻ. സ്റ്റുഡിയോ ഗ്രീനിന്റെ ഉടമ കെ. ഇ ജ്ഞാനവേൽ രാജയ്ക്കെതിരെയാണ് താരം പരാതിയുമായി രംഗത്തെത്തിയത്. മിസ്റ്റർ ലോക്കൽ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായി തനിക്ക് 15 കോടി രൂപയാണ് നൽകാമെന്ന് പറഞ്ഞിരുന്നത്. എന്നാൽ 11 കോടി രൂപ മാത്രമാണ് ഇതുവരെ നൽകിയതെന്നും ഇതിന്റെ ടിഡിഎസ് അടച്ചിരുന്നില്ലെന്നും ശിവ കാർത്തികേയൻ വ്യക്തമാക്കി. 2019 ൽ പുറത്തിറങ്ങിയ ചിത്രം നിർമ്മിച്ച്ത് സ്റ്റുഡിയോ ഗ്രീനായിരുന്നു. 2018 ജൂലൈ 6 ന് ആയിരുന്നു ശിവ കാർത്തികേയനും സ്റ്റുഡിയോ ഗ്രീനും തമ്മിൽ കരാർ ഒപ്പുവച്ചത്.

15 കോടി രൂപ പല തവണകളായി നൽകാമെന്നും റിലീസിന് മുൻപ് ഒരു കോടി നൽകുമെന്നുമായിരുന്നു കരാർ. എന്നാൽ 11 കോടി മാത്രമാണ് നൽകിയതെന്നും ബാക്കി 4 കോടിയെ സംബന്ധിച്ച് പല തവണ സൂചിപ്പിച്ചിരുന്നുവെങ്കിലും പണം ലഭിച്ചില്ലെന്നും ആണ് ശിവ കാർത്തികേയൻ പറയുന്നത്.

നിർമ്മാതാവ് നൽകിയ 11 കോടിയുടെ ടിഡിഎസ് അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി താരത്തിന് കഴിഞ്ഞ ഫെബ്രുവരി 1 ന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിനെതിരെ താരം ഹൈക്കോടതിയിൽ ഒരു റിട്ട് ഹർജിയും നൽകിയിരുന്നു.

എന്നാൽ ഇതിന് പിന്നാലെ നടന് ആദായ നികുതി വകുപ്പ് 91 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് നിർമാതാവിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി താരം ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ തീർപ്പാകുന്നതുവരെ മറ്റു സിനിമകൾക്കായി പണം നിക്ഷേപിക്കാൻ ഇയാളെ അനുവദിക്കരുതെന്നും ശിവ കാർത്തികേയൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോൺ, അയലാൻ തുടങ്ങി നിരവധി ചിത്രങ്ങൾ ശിവ കാർത്തികേയന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്.

about shivakarthikayan

AJILI ANNAJOHN :