അനന്തഭദ്രം രണ്ടാം ഭാഗം വരുന്നുണ്ട്, എന്നാല്‍ വീണ്ടും ദിഗംബരനാകാന്‍ എനിക്ക് പേടിയാണ്; തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍

മലയാളികള്‍ക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയന്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അവ ഇന്നും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഏത് തരം കഥാപാത്രമായാലും തന്റെ അഭിനയ മികവുകൊണ്ട് ഗംഭീരമാക്കാറുണ്ട് നടന്‍.

മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം പ്രധാന വേഷങ്ങളില്‍ മനോജ് കെ ജയന്‍ അഭിനയിച്ചിട്ടുണ്ട്. പഴശ്ശിരാജയിലെ തലയ്ക്കല്‍ ചന്തുവും താരത്തിന്റെതായി ഏറെ തരംഗമായ കഥാപാത്രമാണ്. നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ക്യാരക്ടര്‍ റോളുകളിലാണ് മനോജ് കെ ജയന്‍ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും എത്തിയിരുന്നു താരം.

സന്തോഷ് ശിവന്റെ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 2005-ല്‍ പുറത്തിറങ്ങിയ അനന്തഭദ്രം. ഇപ്പോഴിതാ, അനന്തഭദ്രം രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ തനിക്ക് ദിഗംബരനാകാന്‍ പേടിയാണെന്നും ആത്മവിശ്വാസമില്ലെന്നും പറയുകയാണ് മനോജ് കെ. ജയന്‍.

അനന്തഭദ്രം രണ്ടാം ഭാഗം വരുന്നുണ്ട്. എന്നാല്‍ വീണ്ടും ദിഗംബരനാകാന്‍ എനിക്ക് പേടിയാണ്. സത്യം പറഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസമില്ലെന്ന് തന്നെ പറയാം. ഒരു ഭാഗം പോരെ ആ സിനിമയ്ക്ക്. കാരണം, ആദ്യ ഭാഗമായിരുന്നു നല്ലതെന്ന് ആളുകള്‍ പറയുന്ന ഒരു അവസ്ഥയിലേക്ക് നമ്മള്‍ എത്തിക്കണ്ടല്ലോ.

ആ കാലത്തുണ്ടായ ഊര്‍ജത്തിലും പവറിലും ഡെഡിക്കേഷനിലുമൊക്കെ ചെയ്ത് പോയതായിരിക്കും ആ സിനിമ. വീണ്ടും അതിന്റെ പുറകെ പോകുന്നത് അത്ര പന്തിയല്ലെന്നാണ് എന്റെ അഭിപ്രായം. അത് കൊണ്ട് ദിഗംബരന്‍ പോലുള്ള കഥാപാത്രങ്ങള്‍ വന്ന് കഴിഞ്ഞാല്‍ വീണ്ടും അതിന്റെ പുറകേ പോകാന്‍ നിക്കരുത്. അദ്ദേഹം പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയത്. മാര്‍ച്ച് 17 ന് സോണി ലിവിലൂടെയാണ് ചിത്രം റിലീസായത്. ബോബി സഞ്ജയ്യുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസാണ് സല്യൂട്ട് സംവിധാനം ചെയ്തത്.

Vijayasree Vijayasree :