വിവേക് അഗ്നിഹോത്രിയോട് സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ ബി.ജെ.പി ആവശ്യപ്പെടണം, അപ്പോള്‍ എല്ലാവര്‍ക്കും സിനിമ സൗജന്യമായി കാണാന്‍ സാധിക്കും; കശ്മീര്‍ ഫയല്‍സിന്റെ നികുതി ഒഴിവാക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

രാഷ്ട്രീയത്തിലും സിനിമാ ലോകത്തും ചര്‍ച്ചയായിരിക്കുകയാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ. ഈ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതോടൊപ്പം തന്നെ വിമര്‍ശനങ്ങളും ധാരാളമുണ്ട്.

ഇപ്പോഴിതാ ആ ചിത്രത്തിന് നികുതി ഒഴിവാക്കണമെന്ന ബി.ജെ.പിയുടെ ആവശ്യത്തോട് രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. വിവേക് അഗ്നിഹോത്രിയോട് സിനിമ യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ ബി.ജെ.പി ആവശ്യപ്പെടണം.

എന്നാല്‍ എല്ലാവര്‍ക്കും സിനിമ സൗജന്യമായി കാണാന്‍ സാധിക്കുമെന്ന് കെജ്രിവാള്‍ നിയമസഭയില്‍ പരിഹസിച്ചു. കശ്മീരി പണ്ഡിറ്റുകളുടെ പേരില്‍ ചിലര്‍ കോടികള്‍ നേടി. നിങ്ങള്‍ അതിന് പോസ്റ്റര്‍ പതിക്കുകയാണ് ചെയ്യുന്നതെന്നും കെജ്രിവാള്‍ പറഞ്ഞു.

അതേസമയം, കശ്മീര്‍ ഫയല്‍സിന് വിവിധ സംസ്ഥാനങ്ങള്‍ നികുതി ഒഴിവാക്കി നല്‍കിയിരുന്നു. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ത്രിപുര, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് നികുതി ഒഴിവാക്കി നല്‍കിയത്.

Vijayasree Vijayasree :